കൊച്ചി: ഇറാൻ- ഇസ്രയേൽ യുദ്ധത്തിൽ അമേരിക്ക പങ്കുചേരുമോ എന്ന ആശങ്ക ലോകമെങ്ങുമുള്ള ഓഹരി വിപണികളെ പിടിച്ചുലച്ചു. ഒപ്പം അമേരിക്കൻ ഫെഡറൽ റിസർവ് ധനനയം മാറ്റമില്ലാതെ തുടർന്നതും നിക്ഷേപകരെ സുരക്ഷിത മേഖലകൾ തേടാൻ നിർബന്ധിതരാക്കി.
ആഗോള ഓഹരിവിപണികളിലെ തകർച്ചയുടെ ചുവട് പിടിച്ച് ഇന്ത്യൻ ഓഹരിവിപണിയിലും ഇടിവ് രേഖപ്പെടുത്തി. ഇന്നലെത്തെ വ്യാപാരത്തിൽ നാല് ലക്ഷം കോടി രൂപയാണ് നിക്ഷേപകർക്ക് നഷ്ടം. സെൻസെക്സ് 83 പോയിന്റ് ഇടിഞ്ഞ് 81,361.87ലും നിഫ്ടി 18.8 പോയിന്റ് ഇടിഞ്ഞ് 24,793.25ലും വ്യാപാരം അവസാനിപ്പിച്ചു.ഇന്ത്യൻ ഓഹരിവിപണിയിൽ പ്രധാനമായും ആഭ്യന്തര നിക്ഷേപകർ കരുത്ത് കാട്ടുന്നതിനാൽ അമേരിക്കൻ ഫെഡ് റിസർവ് നയം ഇന്ത്യൻ വിപണിയെ നേരിട്ട് കനത്തരീതിയിൽ ബാധിക്കില്ലെങ്കിലും വിദേശനിക്ഷേപകരുടെ ഒഴുക്ക് കുറയ്ക്കാനിടയാക്കും.
പശ്ചിമേഷ്യയിലെ സംഘർഷം
ഓഹരിവിപണിക്ക് തിരിച്ചടി
ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷമാണ് പ്രധാനമായും വിപണിക്ക് തിരിച്ചടിയായത്.
യു.എസ് പങ്കുചേർന്നാൽ യുദ്ധം മുറുകുമെന്ന് ആശങ്കയിലാണ് നിക്ഷേപകർ. പങ്കുചേരാനും ചേരാതിരിക്കാനും സാദ്ധ്യതയുണ്ടെന്ന ട്രംപിന്റെ വാക്കുകളാണ് നിക്ഷേപകരുടെ ആശങ്ക കൂട്ടിയതും ആഗോളതലത്തിൽ ഓഹരിവിപണികളെ പിടിച്ചുകുലുക്കിയതും. ഇത് സ്വർണം പോലെ സുരക്ഷിത നിക്ഷേപത്തിലേക്ക് നിക്ഷേപകർ ചുവട് മാറ്റുന്നതിന് കളമൊരുക്കുന്നു.
അമേരിക്കൻ ഫെഡ് റിസർവ് നയം
അമേരിക്കയുടെ സെൻട്രൽ ബാങ്ക് പലിശനിരക്കുകളിൽ മാറ്റം വരുത്തിയില്ല. 4.50ശതമാനമാണ് നിരക്ക്. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഇറക്കുമതി തീരുവനയത്തെ തുടർന്ന് ലോകരാഷ്ട്രങ്ങളുമായുണ്ടായ ചുങ്കപ്പോരാണ് നിരക്കുകളിൽ മാറ്റം വരുത്താതിരുന്നതിന്റെ പ്രധാന കാരണം. 2025ലെ അമേരിക്കൻ സാമ്പത്തിക വളർച്ച 1.4 ശതമാനമായി കുറയും, തൊഴിലില്ലായ്മ 4.5 ശതമാനമായി ഉയരും പണപ്പെരുപ്പം വർഷാവസാനം 3ശതമാനമാകും എന്നിവയാണ് അമേരിക്കയുടെ നയരൂപകർത്താക്കൾ നടത്തിയ സാമ്പത്തിക പ്രവചനങ്ങൾ.
മൂന്ന്മാസത്തെ താഴ്ച്ചയിൽ രൂപ
ഡോളറിനെതിരെ രൂപ മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. യു.എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 30 പൈസ ഇടിഞ്ഞ് 86.73ലെത്തി. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ശക്തിയാർജ്ജിച്ചതും തുടർച്ചയായ ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾ മൂലം അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില ഉയർന്നതുമാണ് രൂപയുടെ ഇടിവിലേക്ക് നയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |