ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി തനിക്ക് അനുവദിച്ച പുതിയ ഔദ്യോഗിക ബംഗ്ളാവിലേക്ക് താമസം മാറി. ഇന്നലെ 55-ാം പിറന്നാൾ ദിനത്തോടനുബന്ധിച്ചായിരുന്നു പാർലമെന്റിന് സമീപമുള്ള സുൻഹരിബാഗ് റോഡിലെ അഞ്ചാം നമ്പർ വസതിയിൽ ഗൃഹപ്രവേശം ചടങ്ങുകൾ.
കോൺഗ്രസിന്റെ അമരത്ത് എത്തിയ ശേഷമുള്ള ഡൽഹിയിലെ രാഹുലിന്റെ രണ്ടാമത്തെ ഔദ്യോഗിക വസതിയാണിത്. തുഗ്ളക്ക് ലെയ്‌നിൽ 19 വർഷം താമസിച്ച വസതി 2023ൽ അപകീർത്തികേസിൽ സൂററ്റ് കോടതി ശിക്ഷ വിധിച്ചതിനെ തുടർന്ന് അയോഗ്യത വന്നപ്പോൾ ഒഴിയേണ്ടി വന്നിരുന്നു. പിന്നീട് അമ്മ സോണിയാ ഗാന്ധിക്കൊപ്പം 10 ജൻപഥിലാണ് രാഹുൽ താമസിച്ചിരുന്നത്. തുഗ്ളക്ക് ലെയ്‌ൻ വസതി തിരികെ ലഭിക്കുമായിരുന്നെങ്കിലും വാസ്‌തു കാരണങ്ങളാൽ അദ്ദേഹം വേണ്ടെന്നുവച്ചു.
രണ്ടാം മോദി സർക്കാരിൽ സാമൂഹ്യ നീതി മന്ത്രിയായിരുന്ന കർണാടകയിൽ നിന്നുള്ള ബി.ജെ.പി നേതാവ് എ. നാരായണ സ്വാമിയാണ് സുൻഹരിബാഗ് വസതിയിലെ മുൻ താമസക്കാരൻ. മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അയൽപക്കത്ത് താമസിക്കുന്നു.
ആശംസ നേർന്ന്
പ്രധാനമന്ത്രി
പിറന്നാൾ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി,പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്,തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ,ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്,സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്,എൻ.സി.പി (എസ്‌പി) മേധാവി ശരദ് പവാർ,എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തുടങ്ങിയവർ രാഹുൽ ഗാന്ധിക്ക് ആശംസ നേർന്നു.
ഭരണഘടനയുടെ മൂല്യങ്ങളോടുള്ള സമർപ്പണവും,പാർശ്വവത്‌ക്കരിക്കപ്പെട്ടവരുടെ ശബ്ദങ്ങൾ കേൾക്കാനുള്ള മനസും സാമൂഹിക,രാഷ്ട്രീയ,സാമ്പത്തിക നീതിയോടുള്ള അനുകമ്പയുമാണ് രാഹുലിനെ വ്യത്യസ്തനാക്കുന്നതെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ പറഞ്ഞു. അക്ബർ റോഡിലെ കോൺഗ്രസ് ഓഫീസിൽ പ്രവർത്തകരും മുതിർന്ന നേതാക്കളും രാഹുലിനെ അഭിവാദ്യം ചെയ്‌ത് പൂച്ചെണ്ടുകളും മധുരപലഹാരങ്ങളും നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |