കണ്ണൂർ: കായലോട്ട് റസീനയുടെ ആത്മഹത്യയ്‌ക്ക് കാരണം ആൺസുഹൃത്താണെന്ന് മാതാവ് ഫാത്തിമ. റസീനയുടെ (40) പണവും സ്വർണവും യുവാവ് തട്ടിയെടുത്തു. പൊലീസ് അറസ്റ്റ് ചെയ്‌തവർ നിരപരാധികളാണ്. സദാചാര പൊലീസിംഗ് നടന്നിട്ടില്ലെന്നും യുവതിയുടെ മാതാവ് പറഞ്ഞു.
'പരിചയമില്ലാത്ത ഒരാളോടൊപ്പം കണ്ടപ്പോൾ സഹോദരന്മാർ എന്ന നിലയിലാണ് അവർ ചോദിച്ചത്. എന്റെ ഏട്ടത്തിയുടെ ഭർത്താവും മക്കളുമാണ് ചോദ്യങ്ങൾ ചോദിച്ചത്. കാറിൽ ഒരാളുമായി കണ്ടപ്പോൾ വിളിച്ചിറക്കി വീട്ടിൽ കൊണ്ടാക്കുകയാണ് അവർ ചെയ്‌തത്. അവനാണ് എന്റെ മകളെ കുടുക്കിയത്. എന്നിട്ട് അവനെ വെറുതേ വിട്ടു. യാതൊരു പ്രശ്‌നത്തിനും പോകാത്ത പാവങ്ങളെ പിടിച്ച് ജയിലിലുമിട്ടു. റസീനയുടെ സ്വർണം മുഴുവൻ മയ്യിൽ സ്വദേശിയായ അവൻ തട്ടിയെടുത്തു. അയാൾക്കെതിരെ മുഖ്യമന്ത്രിക്കും പൊലീസിലും പരാതി കൊടുക്കും. മൂന്ന് വർഷമായി അവർ തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്ന് ഇപ്പോഴാണ് ഞങ്ങൾ അറിയുന്നത്.
40 പവൻ സ്വർണം നൽകിയാണ് വിവാഹം നടത്തിയത്. ഇപ്പോൾ സ്വർണം ഒന്നുമില്ല. പലരിൽ നിന്നും കടം വാങ്ങിയിട്ടുണ്ടെന്നാണ് അറിയുന്നത്. പണം മുഴുവൻ കൊണ്ടുപോയത് അവനാണ്. മകളുടെ ഭർത്താവ് വളരെ മാന്യനായ വ്യക്തിയാണ്. ഇക്കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ല. അവൻ സ്ഥിരമായി റസീനയെ കാണാൻ വരുമായിരുന്നു എന്നാണ് അറിഞ്ഞത്' - ഫാത്തിമ പറഞ്ഞു.
അതേസമയം, ആത്മഹത്യയ്‌ക്ക് കാരണം സദാചാര ഗുണ്ടായിസം തന്നെയാണെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. അറസ്റ്റിലായ എസ്‌ഡിപിഐ പ്രവർത്തകർ വിസി മുബഷിർ, കെഎ ഫൈസൽ, വികെ റഫ്നാസ് എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയിട്ടുണ്ട്. സുഹൃത്തിനെ കുറ്റപ്പെടുത്തുന്നതൊന്നും ആത്മഹത്യാകുറിപ്പിൽ ഉണ്ടായിരുന്നില്ലെന്നും കമ്മീഷണർ നിതിൽ രാജ് വ്യക്തമാക്കി. യുവാവിനെ പ്രതികൾ മർദിച്ചുവെന്നും ഇയാളെ കാണാനില്ലെന്നും അദ്ദേഹം അറിയിച്ചു. തലശേരി എസിപിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.
കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് റസീനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്ത് നിന്നും ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിട്ടുള്ള മൂന്നുപേരെ പിടികൂടിയത്. ഞായറാഴ്‌ച വൈകിട്ട് മൂന്നോടെ കായലോട് അച്ചങ്കര പള്ളിക്ക് സമീപം കാറിനരികിൽ റസീന സുഹൃത്തിനോട് സംസാരിച്ച് നിൽക്കുന്നത് അറസ്റ്റിലായവർ ഉൾപ്പെടെയുള്ള സംഘം ചോദ്യം ചെയ്‌തിരുന്നു. യുവതിയെ വീട്ടിലേക്ക് പറഞ്ഞയച്ച ശേഷം മയ്യിൽ സ്വദേശിയായ സുഹൃത്തിനെ കയ്യേറ്റം ചെയ്യുകയും സമീപത്തുള്ള മൈതാനത്തേക്ക് കൊണ്ടുപോവുകയുമായിരുന്നു.
അഞ്ച് മണിക്കൂറോളം യുവാവിനെ തടഞ്ഞുവച്ച സംഘം മൊബൈൽ ഫോണും ടാബും പിടിച്ചെടുത്ത് എട്ടരയോടെ എസ്‌ഡിപിഐ ഓഫീസിലെത്തിച്ചു. റസീനയുടെയും യുവാവിന്റെയും ബന്ധുക്കളെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. രാത്രി ഏറെ വൈകിയാണ് യുവാവിനെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചതെന്നുമുള്ള വിവരം നേരത്തേ പുറത്തുവന്നിരുന്നു. യുവാവിന്റെ മൊബൈൽ ഫോണും ടാബും പ്രതികളിൽ നിന്ന് പൊലീസ് കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |