തമിഴിൽ നിന്ന് വിളി വന്നപ്പോൾ മകൾ ദേവി നായർക്ക് വന്ന അവസരമെന്ന് ആദ്യം കരുതി. എന്നാൽ 'തഗ്ലൈഫ് "എന്ന മണിരത്നം - കമൽഹാസൻ സിനിമയിൽ തന്നെ കാത്ത് ഒരു കഥാപാത്രം ഉണ്ടാകുമെന്ന് ജലജ കരുതിയതേയില്ല. 33 വർഷത്തെ ഇടവേള കഴിഞ്ഞ് ജലജ വീണ്ടും തമിഴിൽ . അപ്രതീക്ഷിതമായി തഗ് ലൈഫിൽ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ടതിനെപ്പറ്റി ജലജ സംസാരിക്കുന്നു.
പ്രതീക്ഷിക്കാതെ
വന്ന ഭാഗ്യം
സിനിമയിലേക്ക് വന്ന എൺപതുകളുടെ തുടക്കത്തിൽ തന്നെ കാർത്തികിന്റെ നായികയായി 'മാറുപട്ട കോണങ്ങൾ" എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചു. പക്ഷേ ആ സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. അതിനുശേഷം പ്രഭുവിന്റെ നായികയായി അഭിനയിച്ച സിനിമ സാങ്കേതിക കാരണത്താൽ പൂർത്തിയായില്ല. അതോടെ തമിഴിലെ കരിയർ ഏറക്കുറെ അവസാനിച്ചു. 2023 ൽ വന്ന കാസ്റ്റിംഗ് കാൾ ആണ് തഗ്ലൈഫിന്റെ ഭാഗമാക്കുന്നത്. ' ഹൗഡിനി "സിനിമയിൽ അമ്മുവിന്റെ ( ദേവി നായർ) അമ്മയായി അഭിനയിച്ച സന്ധ്യ,ഞാനും അമ്മുവും ഒരുമിച്ചുള്ള ഫോട്ടോ പോസ്റ്ര് ചെയ്തിരുന്നു. ഇതു കണ്ടാണ് കാസ്റ്രിംഗ് ഏജൻസിയിൽനിന്ന് മലയാളിയായ സതീഷ് വിളിക്കുന്നത് . അതിനുശേഷം ഒരു വർഷം വിളി ഒന്നും ഉണ്ടാകാത്തതിനാൽ ഞാൻ അതു മറന്നു.
കഴിഞ്ഞ വർഷം മാർച്ചിൽ ലുക്ക് ടെസ്റ്റിന് ചെന്നൈയിലേക്ക് വരാൻ മദ്രാസ് ടാക്കീസിന്റെ ഒാഫീസിൽ നിന്ന് വിളി എത്തി. അവിടെവച്ച് ആദ്യമായി മണിരത്നത്തെ നേരിൽ കണ്ടു . കഥാപാത്രത്തെപ്പറ്റി ഏകദേശ രൂപം പറഞ്ഞുതന്നു. ക്യാരക്ടർ ഫോട്ടോസുംഎടുത്തു. അതിനുശേഷം മണിരത്നം പറഞ്ഞു, ഇനി ഡൽഹിയിൽ കാണാമെന്ന്. അപ്പോൾ തന്നെ ഡൽഹി ടിക്കറ്റിനൊപ്പം തമിഴിലെ രണ്ടാം പ്രവേശവും ഉറപ്പിച്ചു. ഡൽഹിയിലെ പട്ടൗഡി പാലസിലായിരുന്നു ഷൂട്ട്. എന്റെ മൂന്ന് സീൻ എടുത്തു. എന്നാൽ സിനിമയിൽ ഒരു സീൻ മാത്രമായി ചുരുങ്ങി . മൂന്ന് സീൻ ഉണ്ടെങ്കിൽ മാത്രമേ കഥാപാത്രത്തിന്റെ പ്രസക്തി മനസിലാവൂ എന്ന് സിനിമ കണ്ടപ്പോൾ തോന്നി.
എങ്കിലും മണിരത്നത്തിന്റെ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ഒട്ടും പ്രതീക്ഷിക്കാതെ തേടി വന്ന അവസരം. വിവാഹം കഴിഞ്ഞ് 27 വർഷത്തിന് ശേഷം 'മാലിക്ക് "സിനിമയിലൂടെയാണ് മടങ്ങി വന്നത്. ഇങ്ങനെ സംഭവിക്കുമെന്നും പ്രതീക്ഷിച്ചതല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |