മഴയിലും 'റോന്ത് " തിയേറ്ററിൽ ആരവം തീർക്കുമ്പോൾ പ്രേക്ഷകരിൽ പലരും സലോമിയെ അന്വേഷിച്ചു. ദിലീഷ് പോത്തൻ അവതരിപ്പിച്ച യോഹന്നാന്റെ ഭാര്യയായി കൊച്ചു കുട്ടിയെ പോലെ പെരുമാറിയ സലോമിയുടെ കഥ നൊമ്പരവുമായി. സലോമി മയങ്ങുന്നതു കണ്ട് പ്രേക്ഷകരും ഇറങ്ങി . സലോമിക്ക് ലഭിക്കുന്ന സ്നേഹം ഏറ്റുവാങ്ങി ലക്ഷ്മി മേനോൻ നിറഞ്ഞ സന്തോഷത്തിൽ. വിലാസങ്ങൾ പലതാണ് ലക്ഷ്മി മേനോന്.
മലയാളത്തിലെ ആദ്യത്തെ വനിത വ്ലോഗർ , ടിക്ടോക്കിലും ഇൻസ്റ്റയിലും ലക്ഷക്കണക്കിന് ഫോളോവേഴ്സ്, അവതാരകനും ആർ.ജെയും നടനുമായ മിഥുൻ രമേശിന്റെ ഭാര്യ . മലയാളിക്ക് കൂടുതൽ പരിചിതയായിട്ടും ലക്ഷ്മി മേനോൻ ആണ് സലോമി എന്ന് തിരിച്ചറിയാൻ അൽപ്പം ബുദ്ധിമുട്ടി. സലോമിയെ പോലെ ഡിപ്രഷൻ നാളുകളിലൂടെ ലക്ഷ്മി കടന്നു പോയതും അറിയാവുന്നതാണ്. രാജേഷ് മോഹനൻ സംവിധാനം ചെയ്ത 'സോൾട്ട് മാംഗോ ട്രീ" സിനിമയിലാണ് ആദ്യ അഭിനയം. പത്തുവർഷങ്ങൾക്ക് ശേഷം സിനിമയിൽ സജീവമാകാനൊരുങ്ങുന്ന ലക്ഷ്മി മേനോൻ വിശേഷങ്ങൾ പങ്കിടുന്നു.
ഡയറക്ട് എൻട്രി
റോന്തിൽ സലോമിയെ അവതരിപ്പിക്കാൻ ആളെ തപ്പുന്ന സമയത്ത് എഡിറ്റർ പ്രവീൺ ആണ് എന്റെ പേര് സംവിധായകൻ ഷാഹി കബീറിനോട് പറഞ്ഞത്. മാർട്ടിൻ പ്രക്കാട്ടും മിഥുനും സുഹൃത്തുക്കൾ ആണ്. അങ്ങനെ മാർട്ടിൻ എന്നെ വിളിച്ചു. സലോമിയായി എത്തിയത് വളരെ പെട്ടെന്നാണ്. ഓഡിഷൻ ഒന്നും ഉണ്ടായില്ല. ഷാഹിയാണെങ്കിലും ദിലീഷാണെങ്കിലും പുതിയ ഒരാളോട് പെരുമാറുന്നതുപോലേ ആയിരുന്നില്ല. സ്ട്രിക്ട് ഒന്നും ആയില്ല. റീലിന്റെ ലെവലിൽ അഭിനയിക്കുമ്പോൾ ഇത്രേം വേണ്ട കുറച്ച് കുറയ്ക്കാം എന്ന് പറഞ്ഞ് കറക്ട് ചെയ്തു. സലോമിയെ നന്നായി അവതരിപ്പക്കുന്നതിന് ഇതെല്ലാം ഒരുപാട് സഹായിച്ചിട്ടുണ്ട്. പിന്നെ, ലൊക്കേഷൻ ഭക്ഷണം അടിപൊളിയായിരുന്നു.
വിളിച്ചപ്പോൾ വന്നു
'സോൾട്ട് മാങ്കോ ട്രീ "ക്കു ശേഷം അവസരമൊന്നും ലഭിച്ചില്ല. റോന്തിലേക്ക് വിളിച്ചപ്പോൾ വന്നു എന്നേയുള്ളു. ഷാഹി കബീർ എന്ന പ്രതിഭാധനനായ തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും സിനിമ എന്ന ലേബൽ കാരണമാണ് വന്നത്. ക്യാമറയുടെ മുൻപിൽ നിന്നപ്പോൾ ടെൻഷൻ ഇല്ലായിരുന്നു. എന്നാൽ ആക്ഷൻ പറയുമ്പോൾ ചെറിയ ടെൻഷൻ തോന്നി.
പക്ഷേ അഭിനയിച്ച് തുടങ്ങിയപ്പോൾ അതങ്ങ് പോയി.സിനിമ സ്വപ്നമൊന്നുമായിരുന്നില്ല. എല്ലാം ഒത്തു വന്നപ്പോൾ അഭിനയിച്ചു എന്നേയുള്ളു. നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചത്താ പച്ച - റിങ് ഓഫ് റൗഡീസ് ആണ് അടുത്ത സിനിമ. എറണാകുളത്ത് ചിത്രീകരണം ആരംഭിച്ചു. ഷൂട്ടിന് വീട്ടിൽ നിന്ന് മാറി നിൽക്കുന്നതാണ് വിഷമം. എന്നാൽ മിഥുൻ ചേട്ടനും തൻവിയും ഞാനില്ലാത്ത നേരം അടിച്ചു പൊളിച്ചു (ചിരി ) . അവർ രണ്ടു പേരും പ്രോത്സാഹിപ്പിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |