പൂവാർ: ഒരു വർഷം മുമ്പ് ഒരു നാടിനെയാകെ ഭയത്തിന്റെ മുൾമുനയിൽ നിറുത്തിയ കാവുംകുളം വീണ്ടും ചർച്ചയാവുന്നു. അതിയന്നൂർ പഞ്ചായത്തിലെ കണ്ണറവിളയ്ക്കു സമീപമുള്ള കാവുംകുളം നവീകരിക്കാൻ പോകുന്നുവെന്ന വാർത്ത പരന്നതോടെയാണ് നാട്ടുകാരിൽ വീണ്ടും കാവുംകുളം ചർച്ചയാവുന്നത്. 2024 ജൂലായ് 23ന് അഖിൽ(27) എന്ന യുവാവ് അമീബിക്ക് മസ്തിഷ്‌കജ്വരം ബാധിച്ച് മെഡിക്കൽ കോളേജിൽ മരിച്ചെന്ന വാർത്ത പരന്നതോടെയാണ് ആദ്യം നാട് ഭീതിയുടെ നിഴലിലായത്. തുടർന്നങ്ങോട്ട് സമപ്രായക്കാരായ ശ്രീക്കുട്ടൻ,ശ്യാം,ഹരീഷ്,അജി,ധനുഷ്,സജീവ്,അഖിൽ (കണ്ണൻ) തുടങ്ങിയ യുവാക്കളും രോഗബാധിതരായി ചികിത്സ തേടി. ഇത് ഒരു ഗ്രാമത്തെ ഒന്നാകെ ഭീതിയിലാഴ്ത്തി. കാവുംകുളത്തിൽ കുളിച്ചവരാണ് ഈ യുവാക്കളെല്ലാം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നിന്നാണ് രോഗബാധ ഉണ്ടായതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയതോടെയാണ് നാട്ടുകാരുടെ ആശങ്ക വർദ്ധിച്ചത്. കുളത്തിലെ വെള്ളത്തിൽ അമീബിക്ക് മസ്തിഷ്‌കരോഗം പിടിപെടുന്നതിനുള്ള രോഗാണു ഉണ്ടെന്ന് ഉറപ്പിക്കുന്ന റിപ്പോർട്ടാണ് നിലവിലുള്ളത്. രോഗാണുവിന്റെ സാന്നിദ്ധ്യം വെള്ളം പരിശോധിച്ചതിൽ നിന്നും കണ്ടെത്തിയിരുന്നു. മെഡിക്കൽ കോളേജിൽ അന്ന് ചികിത്സയിൽ ഉണ്ടായിരുന്നവരിൽ ഒരാൾക്ക് അമീബിക്ക് മസ്തിഷ്‌കജ്വരം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. മറ്റുള്ളവർക്ക് അതനുസരിച്ചുള്ള ചികിത്സ നൽകാനായി എന്നതുമാത്രമാണ് ആശ്വാസം.
കൃത്യമായ നടപടികളുണ്ടായില്ല
ഭീതി പരന്നതോടെ കാവുംകുളത്തിൽ ഇനിമുതൽ കുളിക്കാൻ അനുവദിക്കില്ലെന്ന് അന്ന് പഞ്ചായത്ത് അധികൃതർ ബോർഡ് സ്ഥാപിച്ചതു മാത്രമാണ് ഏകനടപടി.എന്നാൽ അഖിലിന്റെ മരണശേഷം പഞ്ചായത്ത് കേന്ദ്രീകരിച്ച് കുളത്തിൽ കുളിച്ചവരുടെ ആരോഗ്യപരിശോധന നടത്താനോ കുളത്തിലെ വെള്ളത്തിന്റെ സാമ്പിൾ പരിശോധിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്ലോറിനേഷൻ നടത്തി സംരക്ഷിക്കാനോ അധികൃതർ തയ്യാറായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
കാവിൻകുളത്തോടൊപ്പം പഞ്ചായത്തിലെ മറ്റ് ജലസ്രോതസുകളിലെ വെള്ളവും പരിശോധനയ്ക്ക് വിധേയമാക്കുകയോ ജനങ്ങളുടെ ഭീതി ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന ആക്ഷേപവുമുണ്ട്.
ബ്രെയിൻ ഈറ്റർ
കെട്ടിക്കിടക്കുന്ന വെള്ളത്തിലുള്ള ബ്രെയിൻ ഈറ്റർ എന്നറിയപ്പെടുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെയാണ് ശരീരത്തിൽ പ്രവേശിക്കുന്നത്. തലച്ചോറിനെയാണ് ബാധിക്കുക. പതിനായിരത്തിൽ ഒരാൾക്ക് പിടിപെടുന്ന അത്യപൂർവ രോഗമാണിത്. അമീബ ബാധിച്ചാൽ മരുന്നുകളോട് പ്രതികരിക്കില്ല എന്നതാണ് വെല്ലുവിളി. നീന്തൽക്കുളങ്ങളിലും കായലുകളിലും വെള്ളത്തിന്റെ പ്രതലങ്ങളിൽ ഇത്തരം അമീബ കാണപ്പെടും. തലവേദന,ഛർദ്ദി,പനി, ബോധക്ഷയം തുടങ്ങി സാധാരണ ബാക്ടീരിയ പരത്തുന്ന ജ്വരത്തിന്റെ ലക്ഷണങ്ങളാണ് ഉണ്ടാവുക. 95 ശതമാനം മരണസാദ്ധ്യതയുള്ള രോഗമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |