പദ്ധതി ആദ്യം നടപ്പിലാക്കുന്നത് ഇടുക്കിയിൽ
ഇടുക്കി: തോട്ടം തൊഴിലാളികൾക്കായുള്ള ''ലയം ഹൗസിങ് സ്‌കീം' ഉദ്ഘാടനം 23 ന് വ്യവസായ മന്ത്രി പി രാജീവ് കട്ടപ്പനയിൽ നിർവഹിക്കും. തോട്ടം മേഖല വ്യവസായ വാണിജ്യ വകുപ്പിൽ ലയിപ്പിച്ചുകൊണ്ട് പ്ലാന്റേഷൻ ഡയറക്ടറേറ്റ് രൂപീകരിച്ചതിനെത്തുടർന്നാണ് പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളത്.സംസ്ഥാനത്ത് സ്‌കീം നടപ്പാക്കുന്ന ആദ്യ ജില്ലയാണ് ഇടുക്കി.
പുതുതായി നിർമ്മിക്കുന്ന ഓരോ യൂണിറ്റിനും നിർമ്മാണ ചെലവിന്റെ 30% പരമാവധി രണ്ട് ലക്ഷം രൂപയും നവീകരണത്തിന് ചെലവിന്റെ 30% പരമാവധി അരലക്ഷം രൂപയുമാണ് സബ്സിഡിയായി ലഭിക്കുക. മേൽക്കൂരമാറ്റൽ, തറയുടെ പൊളിച്ചു പണിയൽ, വൈദ്യൂതീകരണം, പ്ലാസ്റ്ററിംഗ്, പുതിയമുറി നിർമ്മാണം, ശുചിമുറി നിർമ്മാണം, വാട്ടർ സപ്ലൈ തുടങ്ങിയ പ്രവർത്തികളാണ് നവീകരണത്തിൽപെടുന്നത്.
കൂടാതെ ഏലം കൃഷിയുടെ റീപ്ലാന്റിംഗിന് കേര പദ്ധതി നിലവിൽ വന്നിട്ടുണ്ട്. തോട്ടം മേഖലയിലെ മൂല്യവർദ്ധിത ഉത്പ്പന്നങ്ങളുടെ നിലവിലുള്ള സംരംഭങ്ങൾക്ക് അവയുടെ വിറ്റുവരവ് വർദ്ധിപ്പിക്കുന്നതിനായി നടത്തുന്ന വിപുലീകരണം, ആധുനീകവത്ക്കരണം തുടങ്ങിയവയ്ക്കായി പരമാവധി 2.51കോടി വരെ സബ്സിഡിയായി നൽകുന്ന മിഷൻ 1000 ' പദ്ധതിയും നിലവിലുണ്ട്.
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കട്ടപ്പന കേജീസ് ഹിൽടൗൺ ഹാളിൽ 23 ന് നടക്കുന്ന പരിപാടിയിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിക്കും. ഉദ്ഘാടനത്തിന് ശേഷം വിവിധ മേഖലകളിലെ തോട്ടം ഉടമകളുമായി വ്യവസായമന്ത്രി ആശയവിനിമയം നടത്തും.രാവിലെ 10 മുതൽ ഏലം തോട്ടം ഉടമകളുമായും ഉച്ചക്ക് 1.30 മുതൽ തേയില, റബ്ബർ, കാപ്പി തോട്ടം ഉടമകളുമായുമാണ് മന്ത്രി ചർച്ച നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |