മുഹമ്മ : കഥകളുടെ അവതരണത്തിനായി കഥാഗ്രാമത്തിലൂടെ വേദികൾ ഒരുക്കി മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്ത്. വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗവും അതിലൂടെ ഉണ്ടാകുന്ന കുറ്റകൃത്യങ്ങളും സാമൂഹ്യ അരാജകത്വവും ഒഴിവാക്കാനാണ് കഥാഗ്രാമം എന്ന ആശയവുമായി ജനഹൃദയങ്ങളിലേക്കിറങ്ങുന്നത്.
അങ്കണവാടികൾ മുതൽ പകൽവീടുകളിൽ വരെ കഥപറച്ചിൽ നടക്കും. കുടുംബശ്രീ യോഗങ്ങളിൽ കഥപറച്ചിൽ പ്രത്യേകം അജണ്ടയാകും. പഞ്ചായത്തിലെ പതിനഞ്ച് സ്കൂളുകളിലും കുട്ടികൾക്ക് കഥ പറയാൻ പ്രത്യേകം സമയം അധികൃതർ കണ്ടെത്തും. വായനശാലകളിലും ഗ്രന്ഥപ്പുരകളിലും കഥകൾ നക്ഷത്രങ്ങളായി നിത്യേന മിഴിതുറക്കും. വിവിധ ദേവാലയങ്ങൾ പുരാണ കഥകളുടെയും ബൈബിൾ കഥകളുടെയും വേദികളാകും. യുവജന സംഘടനകളുടെ നേതൃത്വം കഥാലോകത്ത് വീണ്ടും സജീവമാകും. തിരഞ്ഞെടുക്കുന്ന ഒരു ദിവസം പഞ്ചായത്തിലെ 1111 കേന്ദ്രങ്ങളിൽ കഥ പറച്ചിൽ വേദികളാകും.
പഞ്ചായത്ത് അംഗങ്ങൾ മാസത്തിലൊരിക്കൽ ഓരോ അംഗളുടെയും വീടുകളിൽ ഒത്തുചേർന്ന് കഥ പറഞ്ഞ് പുസ്തക ചർച്ചയും നടത്തും. വായനയുടെ വസന്തം വിരിയിച്ച് പുതുതലമുറയെ അറിവിന്റയും നന്മയുടെയും ലോകത്തേക്ക് കൈപിടിച്ചുയർത്തി വായനയുടെ ലോകത്ത് നടത്തും. കേരളത്തിനാകെ മാതൃകയായി മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് ഭരണസമിതിയും സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് കഥാഗ്രാമം പദ്ധതി. ഇതിനായി പി.പി. ചിത്തരഞ്ജൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ എന്നിവർ രക്ഷാധികാരികളും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി.സംഗീത ചെയർപേഴ്സണും സെക്രട്ടറി കെ. രേഖ കൺവീനറും വൈസ് പ്രസിഡന്റ് ടി.പി. ഷാജി കോഡിനേറ്ററുമായ സംഘാടക സമിതി രൂപീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |