@ ഒ.പി ടിക്കറ്റോ മറ്റു റഫറലുകളോ ഇല്ലാതെ സൗജന്യ എച്ച്.ഐ.വി പരിശോധന
@ സി.ഡി 4 പരിശോധനയും വൈറൽലോഡ് പരിശോധനയും സൗജന്യം
@ രോഗികൾക്ക് ലഭിക്കുന്ന റിപ്പോർട്ടുകൾക്ക് അന്താരാഷ്ട്ര അംഗീകാരം
കോഴിക്കോട്: സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിക്ക് കീഴിൽ കോഴിക്കോട് മെഡിക്കൽ കോളേജ് മൈക്രോബയോളജി വിഭാഗത്തിൽ പ്രവർത്തിക്കുന്ന എച്ച്.ഐ.വി ടെസ്റ്റിംഗ് ലബോറട്ടറിക്ക് എൻ.എ.ബി.എൽ (നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസ്) അംഗീകാരം. 2024 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് അംഗീകാരം.
ലബോറട്ടറിയിൽ രോഗികൾക്ക് ഒ.പി ടിക്കറ്റോ മറ്റു റഫറലുകളോ ഇല്ലാതെ സൗജന്യമായാണ് എച്ച്.ഐ.വി പരിശോധന. എച്ച്.ഐ.വി പോസിറ്റീവായ രോഗികൾക്ക് തുടർചികിത്സയ്ക്ക് ആവശ്യമായ സി.ഡി 4 പരിശോധനയും വൈറൽലോഡ് പരിശോധനയും സൗജന്യമാണ്. ഐ.എസ്.ഒ 15189-2022 നിലവാരത്തിലുള്ള എൻ.എ.ബി.എൽ അംഗീകാരം ലഭിച്ചതോടെ ഇവിടെ നിന്ന് രോഗികൾക്ക് ലഭിക്കുന്ന റിപ്പോർട്ടുകൾക്ക് അന്താരാഷ്ട്ര അംഗീകാരമുണ്ടാകും.
വിവിധ രോഗപരിശോധനയ്ക്കുള്ള വിപുലമായ ലാബ് സംവിധാനമാണ് കോഴിക്കോട് മെഡിക്കൽ കോളേജിലുള്ളത്. നിപ ഉൾപ്പെടെ വൈറസുകളെ കണ്ടെത്താനുള്ള റീജിയണൽ വൈറസ് റിസർച്ച് ആൻഡ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറി (വി.ആർ.ഡി.എൽ) ഇവിടെ പ്രവർത്തിക്കുന്നു. രാജ്യത്തെ 10 റീജിയണൽ വൈറസ് റിസർച്ച് ആൻഡ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറികളിൽ ഒന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജിലുള്ളത് . ബി.എസ്.എൽ ലെവൽ 3 ലാബ് നിർമാണത്തിലാണ്.
പ്രിൻസിപ്പൽ ഡോ. സജിത്കുമാറിന്റെ ഏകോപനത്തിൽ മൈക്രോബയോളജി വിഭാഗം മേധാവി ഡോ. പിഎം അനിത, ഡെപ്യൂട്ടി ക്വാളിറ്റി മാനേജർ പി ഇന്ദു, ക്വാളിറ്റി മാനേജർ ഡോ. കെ.ഷീന, മെഡിക്കൽ ഓഫീസർമാരായ ഡോ. മായ സുധാകരൻ, ഡോ. മിനി, ഡോ. സി.പി ഫൈറോസ്, ഡോ. ജയേഷ് ലാൽ, കൗൺസിലർമാരായ ദീപക് മോഹൻ, പി ലിജി, എം റസീന, ടെക്‌നീഷ്യന്മാരായ കെ ഇന്ദു, പി ബവിഷ, പി.കെ സുജിന, ടി.ടി.രമ, സി.സജ്‌ന എന്നിവരടങ്ങുന്നതാണ് ടീം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |