പത്തനംതിട്ട: മഴ തടസപ്പെടുത്തിയ ജില്ലാ സ്റ്റേഡിയം നിർമ്മാണം പുനരാരംഭിച്ചു. ട്രാക്ക് നിർമ്മാണവും മൈതാനത്തെ മണ്ണ് നിറയ്ക്കലും മഴ കാരണം മുടങ്ങിയിരുന്നു. മഴയത്ത് വെള്ളം കെട്ടിനിറഞ്ഞും ചെളിയിൽ പുതയുന്നതും കാരണം മണ്ണ് നിറച്ച് ഒരേ അളവിൽ നിരത്തി ഉറപ്പിക്കുന്ന ജോലികൾ വൈകി. കാലവർഷം ഇത്തവണ നേരത്തെ എത്തിയതാണ് വെല്ലുവിളിയായത്. സാധാരണ ജൂൺ പകുതിയോടെ എത്തുന്ന കാലവർഷം ഇത്തവണ മേയ് പകുതിയോടെ പെയ്തതോടെ പണി നിറുത്തിവച്ചു. ജൂൺ ആദ്യം പുനരാരംഭിച്ചപ്പോഴേക്കും മഴ വീണ്ടും ശക്തമായി.
എട്ടു ലെയ്നുകളിലായി ട്രാക്ക് നിർമ്മിക്കുന്നതിന് ഡ്രെയിനേജിന് വെളിയിലായി ജെ.സി.ബി ഉപയോഗിച്ച് നിരപ്പാക്കുന്ന ജോലിയാണ് നടക്കുന്നത്. ഇതിന് മുകളിൽ മണ്ണ് നിറയ്ക്കണം. മഴയത്ത് ഇൗ പണികൾ നടത്താൻ സാധിക്കുന്നില്ല.
സ്റ്റേഡിയം നിർമ്മാണത്തിന്റെ കാലാവധി രണ്ടു വർഷമായിരുന്നു. ഒരു വർഷം മുമ്പാണ് നിർമ്മാണം തുടങ്ങിയത്. ആകെ പണികളുടെ ഇരുപത് ശതമാനത്തോളമാണ് പൂർത്തിയായത്. മഴ മാറിയാൽ മണ്ണ് നിറയ്ക്കൽ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുമെന്ന് നിർമ്മാണം ഏറ്റെടുത്ത ഉരാളുങ്കൽ സൊസൈറ്റി അധികൃതർ പറഞ്ഞു. മൈതാനത്ത് മണ്ണ് നിറയ്ക്കൽ ഏറെക്കുറെ പൂർത്തിയായി വരികയാണ്. മദ്ധ്യഭാഗത്ത് ഒന്നര മീറ്റർ ഉയർത്തും. വശങ്ങളിലേക്ക് ചരിവുണ്ടാക്കും. രണ്ട് അടിയോളമാണ് വശം ഉയർത്തുന്നത്.
# നിർമ്മാണം ഇതുവരെ
@ മൈതാനം
മണ്ണ് നിറയ്ക്കൽ 75ശതമാനം കഴിഞ്ഞു.
രണ്ട് ആഴ്ചക്കുള്ളിൽ പൂർത്തിയാകും
@ ട്രാക്ക്
ഭൂമി നിരപ്പാക്കൽ ജോലിക്ക് മഴ തടസം
@പവലിയൻ
രണ്ട് ബ്ളോക്കുകളുടെ പൈലിംഗ് പൂർത്തിയായി.
ഡ്രെയിനേജ് 80ശതമാനം കഴിഞ്ഞു
@ സ്വിമ്മിംഗ് പൂൾ
പൈലിംഗ് കഴിഞ്ഞു
പൈലിംഗ് ക്യാപ്, ബാലൻസിംഗ് ടാക്ക് നിർമ്മാണം എന്നിവ നടക്കുന്നു.
@ ഇൻഡോർ സ്റ്റേഡിയം
പൈലിംഗ് അൻപത് ശതമാനം
ചേയ്ഞ്ച് റൂം, റിസപ്ഷൻ ബ്ളോക്ക് പൈലിംഗ് കഴിഞ്ഞു
# പദ്ധതിയുടെ ആകെ ചെലവ് 37 കോടി (കിഫ്ബി ഫണ്ട്)
# ഇതുവരെ 9.5 ലക്ഷം അടി മണ്ണ് നിറച്ചു
# ആകെ വേണ്ടത് 18ലക്ഷം അടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |