കൊല്ലം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരമില്ലാത്ത വിദ്യാലയങ്ങൾ അടച്ചുപൂട്ടാൻ ഉത്തരവ്. ജില്ലയിൽ 144 വിദ്യാലയങ്ങളെയാണ് പട്ടികയിലുള്ളത്. അതാത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ ബന്ധപ്പെട്ട വിദ്യാലയങ്ങൾക്ക് രേഖാമൂലം നോട്ടീസ് നൽകി അടച്ചുപൂട്ടൽ നടപടികൾ തുടങ്ങും.
ചാത്തന്നൂർ ഉപജില്ലയിൽ മാത്രം 33 വിദ്യാലയങ്ങൾ അടച്ചുപൂട്ടാൻ ഉത്തരവ് നൽകിക്കഴിഞ്ഞു. കഴിഞ്ഞ വർഷം 14 വിദ്യാലയങ്ങളെയാണ് അംഗീകാരമില്ലാത്ത സ്കൂളുകളുടെ പട്ടികയിൽ ചാത്തന്നൂരിൽ ഉൾപ്പെട്ടിരുന്നത്. സംസ്ഥാന ബാലാവകാശ കമ്മിഷന്റെ ഉത്തരവിനെ തുടർന്ന് സർക്കാർ നിർദ്ദേശപ്രകാരമാണ് അടച്ചുപൂട്ടൽ. കേരള, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകളിൽ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിരാക്ഷേപ പത്രം വേണമെന്നാണ് വ്യവസ്ഥ. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമേ പ്രീ-പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള ക്ളാസുകൾ നടത്താൻ അവകാശമുള്ളൂ. ഈ ഉത്തരുവകൾ നിലനിൽക്കുമ്പോഴും കൂണുമുളയ്ക്കും പോലെ പുതിയ വിദ്യാലയങ്ങൾ തുറന്നുകൊണ്ടിരിക്കെയാണ് സർക്കാർ നടപടികൾ കടുപ്പിച്ചത്.
അപേക്ഷിച്ചവർക്ക് അംഗീകാരം
2019 മാർച്ച് 1ലെ ജി.ഒ (എം.എസ്) നമ്പർ 22/2019, 2019 മേയ് 30ലെ ജി.ഒ (എം.എസ്) നമ്പർ 45/2019 എന്നീ ഉത്തരവുകൾ പ്രകാരം മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കുന്ന അപേക്ഷ നൽകിയ വിദ്യാലയങ്ങൾക്ക് അനുമതി നൽകി
ഈ ഉത്തരവിന് ശേഷം വർഷങ്ങൾ പിന്നിടുമ്പോഴും മാനദണ്ഡങ്ങൾ പാലിക്കാൻ വലിയൊരു വിഭാഗം വിദ്യാലയങ്ങൾ തയ്യാറായില്ല
2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലെയും കേരള വിദ്യാഭ്യാസ ആക്ട് 1958 സെക്ഷൻ 3(3)-ബി ആൻഡ് സിയിലെയും കെ.ഇ.ആർ അദ്ധ്യായം 5 ലെയും ചട്ടം മൂന്നിലെയും വ്യവസ്ഥകൾക്ക് വിരുദ്ധമായി അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്കൂളുകൾക്കാണ് തുടർന്ന് പ്രവർത്തിക്കാൻ അനുവാദമില്ലാത്തത്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് അടച്ചുപൂട്ടൽ നടപടികൾക്ക് വിദ്യാഭ്യാസ വകുപ്പ് മുൻകൈയെടുക്കുക
ആശങ്കയോടെ രക്ഷിതാക്കൾ
നഴ്സറി ക്ളാസുകൾ മുതൽ പന്ത്രണ്ടാം ക്ളാസുവരെയുള്ള വിദ്യാലയങ്ങൾ പട്ടികയിലുണ്ട്. ഈ അദ്ധ്യയന വർഷം ആരംഭിച്ച് ക്ളാസുകൾ തുടങ്ങിക്കഴിഞ്ഞു. ഇപ്പോൾ നോട്ടീസ് നൽകി സ്കൂളുകൾ അടച്ചുപൂട്ടാനുള്ള നീക്കം രക്ഷിതാക്കളിലും കുട്ടികളിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും തൊഴിൽ നഷ്ടപ്പെടുമെന്ന ഭീതിയുണ്ട്.
അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നോട്ടീസ് നൽകാൻ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. തുടർ നടപടി കർശനമാക്കും.
കെ.ഐ.ലാൽ, വിദ്യാഭ്യാസ ഉപഡയറക്ടർ, കൊല്ലം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |