കൊച്ചി: എറണാകുളം ശ്രീനാരായണ വിദ്യാർത്ഥിനി സദനത്തിന് (എസ്.എൻ.വി സദനം) 1921ൽ രാമവർമ്മ രാജാവ് 'വാമൊഴിദാന"മായി നൽകിയ ഭൂമിക്ക് പട്ടയം ഉറപ്പായി. അവശത അനുഭവിക്കുന്ന കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് സുരക്ഷിതമായി താമസിച്ച് പഠിക്കാനും തൊഴിൽ പരിശീലനം നേടാനുമുള്ള ഇടമാണിത്. തപസ്വിനിയമ്മ എന്ന സന്യാസിനി സ്ഥാപിച്ച അബലാശരണം ഗേൾസ് ഇൻഡസ്ട്രിയൽ സ്കൂളാണ് പിന്നീട് എസ്.എൻ.വി സദനമായത്. ശ്രീനാരായണഗുരുവിന്റെയും ഡോ. പല്പുവിന്റെയും നിർദ്ദേശപ്രകാരമാണ് 'അബലാശരണം" സ്ഥാപിതമായത്.
ഈമാസം അവസാനത്തോടെ സദനത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ. രാജൻ ട്രസ്റ്റ് ചെയർമാൻ പ്രൊഫ.എം.കെ. സാനുവിന് പട്ടയം കൈമാറും. പതിറ്റാണ്ടുകളായി ചുവപ്പുനാടയിൽ കുടുങ്ങിക്കിടന്ന പട്ടയ അപേക്ഷ മാർച്ച് 18ന് ചേർന്ന മന്ത്രിസഭായോഗമാണ് പരിഗണിച്ചത്. ഓരോരോ കാരണങ്ങൾ പറഞ്ഞ് ഉദ്യോഗസ്ഥർ തട്ടിക്കളിച്ച ഫയൽ 2010മുതൽ മന്ത്രിമാരും തട്ടിക്കളിക്കാൻ തുടങ്ങിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ എം.കെ. സാനു വിഷയം ധരിപ്പിച്ചതോടെയാണ് പരിഹാരത്തിന് വഴിതുറന്നത്. റവന്യു മന്ത്രി കെ. രാജൻ പ്രത്യേക താത്‌പര്യമെടുത്ത് നടപടിക്രമങ്ങൾ വേഗത്തിലാക്കി.
തപസ്വിനിയമ്മ വീടുകൾതോറും ഭിക്ഷയെടുത്താണ് അബലാശരണത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. വിവരമറിഞ്ഞ രാജാവ്, അക്കാലത്ത് സർക്കാർ ഉദ്യോഗസ്ഥനായിരുന്ന കവിതിലകൻ പണ്ഡിറ്റ് കറുപ്പൻ, അയ്യാക്കുട്ടി ജഡ്ജി എന്നിവരെ തപസ്വിനിയമ്മയുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ചു. ഇവർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നഗരത്തിലെ പഴയ ആയുധപ്പുരയായ കാനൻ ഷെഡും അതിനോട് ചേർന്ന എട്ടുസെന്റ് സ്ഥലവും അബലാശരണത്തിന് രാജാവ് ദാനം ചെയ്തു. ഇതുസംബന്ധിച്ച രേഖകളൊന്നും കൈമാറിയിരുന്നില്ല.
ജനാധിപത്യം പുലർന്നപ്പോൾ രാജകല്പനകൾ കാലഹരണപ്പെട്ട കൂട്ടത്തിൽ കാനൻ ഷെഡിന്റെ അവകാശവും അനിശ്ചിതത്വത്തിലായി. 1957മുതൽ പ്രൊഫ. പി.എസ്. വേലായുധന്റെ നേതൃത്വത്തിൽ രൂപീകരിച്ച എസ്.എൻ.വി ട്രസ്റ്റാണ് സദനത്തിന്റെ ഭരണച്ചുമതല നിർവഹിക്കുന്നത്. കെ.ജി.ടി.ഇ അംഗീകാരമുള്ള രണ്ടുവർഷത്തെ തൊഴിലധിഷ്ഠിത ഫാഷൻഡിസൈനിംഗ് കോഴ്സ് സൗജന്യമായി നടത്തുന്ന സ്ഥാപനത്തിൽ ലക്ഷദ്വീപിൽ നിന്നുൾപ്പെടെ പെൺകുട്ടികൾ താമസിച്ച് പഠിക്കുന്നുണ്ട്.
തപസ്വിനി അമ്മയുടെ ജീവിതം
ആസ്പദമായ പുസ്തക പ്രകാശനം
കൊച്ചി: അബലകൾക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച തപസ്വിനി അമ്മയുടെ ജീവിതം ആസ്പദമാക്കി പ്രൊഫ. എം.കെ.സാനു രചിച്ച
'തപസ്വിനി അമ്മ അബലകൾക്ക് ശരണമായി ജീവിച്ച പുണ്യവതി' (എസ്.എൻ.വി സദനം) എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. ഇന്നലെ വൈകിട്ട് എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ സാഹിത്യകാരൻ പ്രൊഫ.എം.തോമസ് മാത്യു പുസ്തകം ഏറ്റുവാങ്ങി. പ്രൊഫ.എം.കെ.സാനു ചടങ്ങിൽ സംബന്ധിച്ചു. പ്രസാദകരായ പ്രണത ബുക്സിന്റെ മാനേജിംഗ് ഡയറക്ടർ ഷാജി ജോർജ് സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |