ഉദ്ഘാടനം കഴിഞ്ഞിട്ട് മൂന്ന് മാസം
രണ്ട് കോടി രൂപ ഫിഷറീസ് ഫണ്ട്
പട്ടാമ്പി: നിർമ്മാണം പൂർത്തിയായി മൂന്ന് മാസം തികയുന്നതിനു മുമ്പ് ടാറിട്ട റോഡ് തകർന്നതായി പരാതി. പരുതൂർ ഗ്രാമ പഞ്ചായത്തിലൂടെ കടന്ന് പോകുന്ന പട്ടാമ്പി-പള്ളിപ്പുറം തീരദേശ റോഡിൽ പാലത്തറ, കൊടുമുണ്ട എന്നിവിടങ്ങളിലാണ് റോഡ് വിണ്ടു കീറിയത്. റോഡിന് രണ്ട് കോടി രൂപ ഫിഷറീസ് ഫണ്ട് ഉപയോഗിച്ചാണ് പണി നടത്തിയിട്ടുള്ളത്. പട്ടാമ്പിയിൽ നിന്നും മുതുതല വഴി പള്ളിപ്പുറത്തേക്ക് പോകുന്നതിനേക്കാൾ നാല് കിലോ മീറ്റർ ലാഭമാണ് തീരദേശ റോഡിൽ കൂടി യാത്ര ചെയ്യുമ്പോൾ. മാത്രമല്ല രണ്ട് റെയിൽവേ ഗെയിററുകൾ ക്രോസ് ചെയ്യുന്നത് ഒഴിവാക്കുകയും ചെയ്യാം. കൊടുമുണ്ട, പാലത്തറ റെയിൽവേ ഗെയിററുകൾ ഒഴിവാക്കുന്നത് വഴി ഒരു മണിക്കൂർ സമയം റെയിൽവേ ഗെയിറ്റിൽ കെട്ടി കിടക്കുന്നത് ഒഴിവാക്കാനും സാധിക്കും. അതിനാലുണ്ടായിരുന്ന സമയം ലാഭവും സാമ്പത്തിക ലാഭവും നഷ്ടമാണെന്ന് മാത്രമല്ല ഈ റൂട്ടിൽ യാത്ര ചെയ്യുന്നവരുടെ ജീവനും വാഹനത്തിനും എന്ത് സംഭവിക്കുമെന്ന ആശങ്കയിലാണ് യാത്രക്കാർ.
പ്രതിഷേധിച്ച് കോൺഗ്രസ്
റോഡ് പണി സംബന്ധിച്ച് യൂത്ത് കോൺഗ്രസ് തുടക്കത്തിൽ തന്നെ പരാതി നൽകിയിരുന്നു. എന്നാൽ മണ്ഡലം എം.എൽ.എയും മന്ത്രിയുമായ എം.ബി.രാജേഷിന്റെ ഓഫീസ് ഇടപെട്ട് ഇക്കാര്യത്തിൽ സമ്മർദ്ദം തീർത്ത് കരാറുകാരനെ കൊണ്ട് പണി അവസാനിപ്പിക്കുകയായിരുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. റോഡ് തകർന്നതിന്റെ അടിസ്ഥാനത്തിൽ പുനർ നിർമ്മിക്കണമെന്നും, മന്ത്രി രാജേഷിന്റെ ഇടപെടലിൽ അഴിമതി നടന്നിട്ടുണ്ടോ എന്നന്വേഷിക്കണമെന്നും, കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും പരുതൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. നിസാർ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വിനോദ് കാങ്കത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഷംസുദീൻ, റിഷാദ് ബാബു, വാസുദേവർ നമ്പൂതിരി, രാമദാസ് പരുതൂർ, അലി, പ്രകാശൻ ചാഞ്ചേരി, ഉണ്ണി പരുതൂർ, അലി ചെമ്പുലങ്ങാട്, നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.
തീരദേശ റോഡ് തകർന്നിരിക്കുന്നതിന്റെ കാരണം കണ്ടെത്താൻ വിദഗ്‌ദ്ധ സംഘം റോഡ് ശാസ്ത്രീയമായി പരിശോധന നടത്തി കൃത്യ വിലോപത്തെ പറ്റി സമഗ്രമായ റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്നും പരിഹാര നടപടികൾ അടിയന്തരമായി സ്വീകരിച്ചു യാത്രക്കാരുടെ ആശങ്ക അകറ്റണം.
എ.പി.എം.സക്കരിയ, പരുതൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |