ന്യൂഡൽഹി: ഇറാനിൽ നിന്ന് വിദ്യാർത്ഥികളും തീർത്ഥാടകരും വിനോദസഞ്ചാരികളും അടക്കം എല്ലാ ഇന്ത്യക്കാരെയും ഓപ്പറേഷൻ സിന്ധുവഴി ഒഴിപ്പിക്കാൻ തീരുമാനം. ആയിരത്തോളം ആളുകളെ ഒഴിപ്പിച്ചു കഴിഞ്ഞു. ശ്രീലങ്ക, നേപ്പാൾ പൗരൻമാരെയും തെഹ്‌റാനിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ഒഴിപ്പിക്കുന്നുണ്ട്.
ഇറാൻ വ്യോമ പാത തുറന്ന സാഹചര്യത്തിലാണ് എല്ലാ ഇന്ത്യക്കാരെയും ഒഴിപ്പിക്കുന്നത്. തങ്ങളുടെ പൗരൻമാരെക്കൂടി ഒഴിപ്പിക്കണമെന്ന ശ്രീലങ്കയുടെയും നേപ്പാളിന്റെയും അഭ്യർത്ഥന ഇന്ത്യൻ എംബസി സ്വീകരിച്ചു. ടെലിഗ്രാം ചാനൽ വഴിയോ, എംബസി ഹെൽപ്‌ലൈനിലോ ബന്ധപ്പെടാൻ നിർദ്ദേശിച്ചു. ഇന്ത്യയ്‌ക്ക് നേപ്പാൾ വിദേശകാര്യ മന്ത്രി ഡോ. അർസു റാണ ദ്യൂബ നന്ദി പറഞ്ഞു.
ഇറാനിൽ നിന്ന് ഒഴിപ്പിച്ച ഇന്ത്യക്കാരുമായി രണ്ടു വിമാനങ്ങൾ കൂടി ഇന്നലെ എത്തി. ഇന്നലെ വൈകിട്ട് നാലരയ്‌ക്ക് ഡൽഹിയിൽ എത്തിയ മഹാർ എയർവെയ്‌സ് വിമാനത്തിൽ 256 വിദ്യാർത്ഥികൾ അടക്കം 310 യാത്രക്കാരുണ്ടായിരുന്നു. കാശ്‌മീരിൽ നിന്നുള്ള വിദ്യാർത്ഥികളാണ് കൂടുതലും. രണ്ടാമത്തെ വിമാനം രാത്രി 11.30ന് ഡൽഹിയിലിറങ്ങി.
ഇറാനിൽ നിന്ന് തുർക്ക്മെനിസ്ഥാനിലെ അഷ്ഗാബത്തിൽ എത്തിച്ച ഇന്ത്യക്കാരുമായി ഒരു വിമാനം ഇന്നലെ പുലർച്ചെ എത്തിയിരുന്നു. 190 വിദ്യാർത്ഥികൾക്കൊപ്പം തീർത്ഥാടകരായി ഇറാനിൽ പോയവരും തിരിച്ചെത്തി.
ഇറാനിലെ മഹാദിൽ നിന്ന് 290 വിദ്യാർത്ഥികളുമായി പ്രത്യേക വിമാനം വെള്ളിയാഴ്ച രാത്രി ഡൽഹിയിൽ ഇറങ്ങിയിരുന്നു. വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി അരുൺ കുമാർ ചാറ്റർജി യാത്രക്കാരെ സ്വീകരിച്ചു.
ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ നിന്ന് ഇന്നലെ വൈകുന്നരം വരെ 827 പൗരന്മാർ ഇന്ത്യയിൽ മടങ്ങിയെത്തിയെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. തെഹ്‌റാനിലെ ഇന്ത്യൻ എംബസിയാണ് ഇന്ത്യക്കാരുടെ ഒഴിപ്പിക്കൽ ഏകോപിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |