കോഴിക്കോട്: ക്യു.എസ് ലോക സർവകലാശാല റാങ്കിംഗിൽ ഒഡീഷയിലെ സ്വകാര്യ സർവകലാശാലകളിൽ കെ.ഐ.ഐ.ടി കൽപ്പിത സർവകലാശാല ഒന്നാം സ്ഥാനത്ത്. ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 9ാം റാങ്കും കെ.ഐ.ഐ.ടി കരസ്ഥമാക്കി. ആദ്യമായി ഈ ആഗോള റാങ്കിംഗിൽ പങ്കെടുത്തതിലൂടെ ക്യു.എസ് ഏഷ്യ യൂണിവേഴ്സിറ്റി റാങ്കിംഗിൽ ദക്ഷിണേഷ്യയിൽ 55ാം സ്ഥാനവും നേടി. ആഗോള തലത്തിൽ ഉന്നത വിദ്യാഭ്യാസ ഭൂമികയിൽ കെ.ഐ.ഐ.ടിയുടെ ദ്രുതഗതിയിലെ വളർച്ചയും അദ്ധ്യാപനത്തിലും ഗവേഷണത്തിലും ഇന്നോവേഷനിലും ആഗോളീകരണത്തിലും അചഞ്ചലമായ പ്രതിബദ്ധതയും സൂചിപ്പിക്കുന്നതാണ് മികച്ച റാങ്കിംഗ്.
അക്കാഡമിക് മികവ്, ജീവനക്കാരുടെ പ്രശസ്തി, ഫാക്കൽട്ടി വിദ്യാർത്ഥി അനുപാതം, ഫാക്കൽട്ടി മികവ്, ഇന്റർനാഷണൽ ഫാക്കൽട്ടിയും വിദ്യാർത്ഥി അനുപാതവും, ഗവേഷണ ശൃംഖല, തൊഴിൽ സാദ്ധ്യത, സുസ്ഥിരത തുടങ്ങിയ അളവുകോൽ അടിസ്ഥാനമാക്കിയുള്ള കഠിനമായ മൂല്യനിർണയം നടത്തിയാണ് 1500ൽപരം ഉന്നത സർവകലാശാലകളിൽ നിന്ന് ക്യു.എസ് ആഗോള സർവകലാശാല റാങ്കിംഗ് നടത്തിയിട്ടുള്ളത്.
അക്കാഡമിക് മികവിനൊപ്പം സാമൂഹ്യ പ്രതിബദ്ധത, ആഗോള പങ്കാളിത്തം എന്നിവയിലുള്ള സുസ്ഥിര പ്രയത്നമാണ് ഈ അംഗീകാരത്തിന് കാരണമായതെന്ന് കെ.ഐ.ഐ.ടി ആൻഡ് കെ.ഐ.എസ്.എസിന്റെ സ്ഥാപകൻ ഡോ. അച്യുത സാമന്ത പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |