ടെൽ അവീവ്: ഇറാന്റെ മിസൈൽ പ്രഹരം ശക്തമാകവെ, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിന്റെ ഉന്നത കമാൻഡൻ സയ്യീദ് ഇസാദിയെയും റെവല്യൂഷണറി ഗാർഡ് ഖുദ്സ് ഫോഴ്സിന്റെ ആയുധ കൈമാറ്റ യൂണിറ്റ് മേധാവി ബെൻഹാം ഷരിയാരിയേയും വധിച്ച് ഇസ്രയേൽ തിരിച്ചടി.
അതിനിടെ, ബങ്കറിൽ ഒളിവിൽ കഴിയുന്ന പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി (86) തന്റെ പിൻഗാമിയായി മൂന്ന് പുരോഹിതരെ നിർദ്ദേശിച്ചെന്നും റിപ്പോർട്ട്. പിൻഗാമിയാകും എന്ന് കരുതിയിരുന്ന രണ്ടാമത്തെ മകൻ സയ്യദ് മൊജ്തബാ ഹുസൈനി ഖമനേയി (55) ലിസ്റ്റിൽ ഇല്ലെന്ന് സൂചന.
ഇസ്രയേൽ ആക്രമണം നിറുത്താതെ ചർച്ചയ്ക്കില്ലെന്ന് ആവർത്തിച്ച ഇറാൻ, ശക്തമായ വ്യോമാക്രമണം തുടരുന്നു. ഇറാനിലെ സൈനിക കേന്ദ്രങ്ങളും ഡ്രോൺ ലോഞ്ചറുകളും തകർത്ത് ഇസ്രയേൽ തിരിച്ചടിച്ചു. ഇസ്ഫഹാൻ ആണവ കേന്ദ്രത്തിലും ഇറാക്ക് അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിലും ബോംബിട്ടു.
2023 ഒക്ടോബർ 7ന് ഇസ്രയേലിൽ കടന്നുകയറി ഹമാസ് നടത്തിയ ആക്രമണത്തിന്റെ ആസൂത്രണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് സയ്യീദ് ഇസാദിയെ ക്വോമിലുള്ള അദ്ദേഹത്തിന്റെ അപ്പാർട്ട്മെന്റിൽ ബോംബിട്ട് കൊലപ്പെടുത്തിയത്.ഇറാന്റെ റെവല്യൂഷണറി ഗാർഡിന്റെ വിദേശ വിഭാഗമായ ഖുദ്സ് ഫോഴ്സിലെ പാലസ്തീൻ ശാഖയുടെ മേധാവിയായിരുന്നു. ഹമാസിന് ആയുധവും പണവും എത്തിച്ചെന്നാണ് ആക്ഷേപം.
ഹമാസിനും , ഹിസ്ബുള്ള അടക്കമുള്ള സംഘടനകൾക്കുള്ള ആയുധ കൈമാറ്റത്തിന്റെ ചുമതല വഹിച്ചിരുന്ന ബെൻഹാം സഞ്ചരിച്ചിരുന്ന കാർ തകർക്കുകയായിരുന്നു.
പുരോഹിത സമിതി
പിൻഗാമിയെ നിശ്ചയിക്കും
പുരോഹിതൻമാരുടെ സമിതിയായ അസംബ്ലി ഒഫ് എക്‌സ്‌പേർട്‌സ് ഖമനേയി നിർദേശിച്ചവരിൽ ഒരാളെ പരമോന്നത നേതാവായി നിയമിക്കുക.
മിലിട്ടറി കമാൻഡർമാർ കൊല്ലപ്പെട്ടാൽ പകരക്കാരായി എത്തേണ്ടവരുടെ ലിസ്റ്റും ഖമനേയി തയ്യാറാക്കിയെന്ന് അമേരിക്കൻ മാദ്ധ്യമം പറയുന്നു. ബങ്കറിൽ കഴിയുന്ന ഖമനേയി ഇലക്ട്രോണിക് ആശയവിനിമയം ഉപേക്ഷിച്ചു. വിശ്വസ്തർ വഴിയാണ് ഇടപെടലുകൾ.
ആക്രമണത്തിനിടെ ഭൂചലനം
വെള്ളിയാഴ്ച അർദ്ധരാത്രിയോടെ ഭൂചലനവുമുണ്ടായത് വടക്കൻ ഇറാനിൽ പരിഭ്രാന്തി പരത്തി. സോർക്കേയിൽ 5.1 റിക്ടർ സ്കെയിൽ തീവ്രതയിലാണ് ഭൂചലനമുണ്ടായത്. ആളപായമില്ല. 150 കിലോമീറ്റർ അകലെയുള്ള ടെഹ്റാനിലും പ്രകമ്പനം നേരിട്ടു. ഇറാൻ ആണവ പരീക്ഷണം തുടങ്ങിയതാണെന്ന് വാർത്തകൾ പ്രചരിച്ചു
ഇടപെട്ടാൽ യു.എസിന്
കൊടിയ നാശമെന്ന് ഇറാൻ
അമേരിക്ക ഇടപെട്ടാൽ ഫലം അത്യന്തം വിനാശകരമായിരിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചിയുടെ മുന്നറിയിപ്പ്.
തുർക്കിയിൽ ചർച്ചയ്ക്കെത്തിയ അരാഖ്ചി, റഷ്യയിലെത്തി പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെയും കണ്ടേക്കും. വെള്ളിയാഴ്ച ജനീവയിൽ യൂറോപ്യൻ നേതാക്കൾ അരാഖ്ചിയുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കുന്നതിന് തെളിവില്ലെന്ന് റഷ്യ. ഇറാന് ആണവായുധം പാടില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |