കാളികാവ്: ഒരു മാസത്തിലേറെയായി മലയോരത്തെ ഭീതിയിലാഴ്ത്തിയ കടുവ വീണ്ടും ജനങ്ങൾക്കു ഭീഷണി. കേരള പാന്തറയിൽ വീട്ടുമുറ്റത്ത് കെട്ടിയിട്ട കാളയെ കൊന്നു. വ്യാഴാഴ്ച രാത്രിയിലാണ് കാള ആക്രമിക്കപ്പെട്ടത്. ഇന്നലെ ഉച്ചയോടെയാണ് ചത്തത്. പാന്തയറയിലെ തെക്കേടത്ത് അബ്ദുൾ കരീമിന്റെ കാളയാണ് ചത്തത്. വീട്ടുമുറ്റത്ത് കെട്ടിയിട്ട കാളയുടെ ശരീരത്തിൽ പല ഭാഗങ്ങളിലായി മുറിവുണ്ടായിരുന്നു. കാളയെ കൊന്നത് കടുവ തന്നെയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമിക്കപ്പെട്ട കാളയെ വീട്ടുകാർ ചികിത്സിക്കുകയായിരുന്നു. കാളയെ ആക്രമിച്ചത് കടുവയാണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നില്ല.സംഭവം നടന്ന ഉടനെ വനം വകുപ്പിനെ വിവരം അറിയിച്ചിരുന്നു.ഇന്നലെയാണ് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തിയത്. കാളയെ പോസ്റ്റുമോർട്ടം നടത്തിയ ശേഷമാണ് കടുവയാണെന്ന് സ്ഥിരീകരിച്ചത്.
വീണ്ടും ഭീതിയിൽ
തൊഴിലാളിയെ കടുവ കൊന്നതിനു ശേഷം മലയോര മേഖല മെല്ലെ സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചു പോക്കിലായിരുന്നു. അതിനിടയിലാണ് ഇന്നലെ വീണ്ടും വീട്ടുമുറ്റത്ത് കടുവയെത്തി കാളയെ കൊന്നത്.വനംവകുപ്പിന്റെ നേതൃത്വത്തിൽ അമ്പതോളം വരുന്ന ദൗത്യ സംഘം ഒരു മാസമായി കടുവയ്ക്കായി തെരച്ചിൽ നടത്തി വരികയാണ്.പലതവണയായി കാമറകളിൽ കടുവ പതിഞ്ഞിരുന്നു.പക്ഷെ വെടിവയ്ക്കാനോ പിടികൂടാനൊ കഴിഞ്ഞിട്ടില്ല. ഇതിനെതിരെ കടുത്ത ജനരോഷമുണ്ട്. കാളയെ കൊന്ന ഭാഗത്ത് വനം വകുപ്പ് കൂട് സ്ഥാപിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |