പത്തനംതിട്ട : ചെസ് അസോസിയേഷൻ കേരള നടത്തിയ സംസ്ഥാന സീനിയർ ഓപ്പൺ ഫിഡെ റേറ്റഡ് ചെസ് ചാമ്പ്യൻഷിപ്പിൽ ചാമ്പ്യനായ പ്രമാടം മറൂർ തകിടിയത്ത് വീട്ടിൽ എ.ആരുഷിനെ എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ പൊന്നാട അണിയിച്ച് ആദരിച്ചു. പ്രമാടം ശാഖാ സെക്രട്ടറി എം.ടി.സജി, വൈസ് പ്രസിഡന്റ് സി.ആർ. യശോധരൻ, ശാഖാ കമ്മിറ്റി അംഗം അജി മുരുപ്പേൽ എന്നിവർ പങ്കെടുത്തു.
റെക്കാഡുകൾ സൃഷ്ടിച്ചാണ് പ്രമാടം തകിടിയത്ത് വീട്ടിൽ പാല ഇടക്കോലി ഗവ.ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ അലൻ കുമാറിന്റെയും പുനലൂർ എസ്.എൻ കോളേജ് പ്രൊഫസർ ഡോ.റാണി രാജന്റെയും മകൻ ആരുഷ് സംസ്ഥാന ജേതാവായത്. ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കും. കിരീടം നേടിയതോടെ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാന ചെസ് ചാമ്പ്യനെന്ന ബഹുമതിയും ആരുഷിന് സ്വന്തമായി. 2013ലെ കണ്ണൂരിൽ നിന്നുള്ള എ.അഭിഷേകിന്റെ റെക്കാഡാണ് ആരുഷ് തിരുത്തിയത്. അഭിഷേക് ചാമ്പ്യനാകുമ്പോൾ 13 വയസും 5 മാസവുമായിരുന്നു പ്രായം. ആരുഷിന് ഇപ്പോൾ 13 വയസാണ്. പത്തനംതിട്ട ജില്ലയിൽ നിന്നുളള ആദ്യസംസ്ഥാന ചാമ്പ്യനെന്ന ബഹുമതിയും ആരുഷിന് സ്വന്തമാണ്. എസ്.എൻ.ഡി.പി യോഗം 361-ാം പ്രമാടം ശാഖാഅംഗങ്ങളാണ് ആരുഷും മാതാപിതാക്കളും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |