പൂവാർ: തകർച്ചയുടെ വക്കിലായ പൂവാർ പൊഴിക്കരയിലെ ആയോധനകല പരിശീലനകേന്ദ്രം പൊളിച്ചുനീക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഡോ.എ.നീലലോഹതദാസ് മന്ത്രിയായിരുന്ന 1990കളിലാണ് പൊഴിക്കരയിൽ കരിങ്കല്ലിൽ തീർത്ത രണ്ട് കെട്ടിടങ്ങൾ നിർമ്മിച്ചത്.
പൂവാർ ഗ്രാമപഞ്ചായത്ത് യുവജനക്ഷേമ വകുപ്പിന് കൈമാറിയ ഭൂമിയിലാണ് പൂർണമായും വാസ്തുശില്പ മാതൃകയിൽ കെട്ടിടങ്ങൾ നിർമ്മിച്ചത്. കരിങ്കല്ലിൽ നിർമ്മിച്ച കെട്ടിടങ്ങളുടെ ജനാലകളും വാതിലുകളും സാമൂഹ്യവിരുദ്ധർ ഇളക്കിമാറ്റി. ഓടുപാകി വാർത്ത മേൽക്കൂര മുഴുവനുംപൊട്ടിപ്പൊളിഞ്ഞു. വിണ്ടുകീറിയ ചുവരുകൾ അപകടഭീഷണി ഉയർത്തുകയാണ്. അകത്തളം മുഴുവൻ മാലിന്യം നിറഞ്ഞു. മദ്യക്കുപ്പികളും ലഹരി വസ്തുക്കളുടെ കവറുകളും കുന്നുകൂടി സമൂഹ്യവിരുദ്ധരുടെ ഇടത്താവളമായി ഇവിടം.
പൊഴിക്കരയിലെത്തുന്ന ടൂറിസ്റ്റുകൾ മഴക്കാലത്ത് നനയാതിരിക്കാൻ ഓടിക്കയറുന്നത് ഇവിടേക്കാണ്. ടൂറിസ്റ്ററുകളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഈ കെട്ടിടങ്ങളുടെ ഓരത്താണ്. ഇതിനോട് ചേർന്നാണ് പൂവാർ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. ശക്തമായ കാറ്റിലും മഴയിലും കെട്ടിടം നിലംപൊത്താവുന്ന അവസ്ഥയിലാണെന്ന് പൊലീസ് ഉദ്യോഗസ്ഥരും പറയുന്നു. ഇക്കാര്യങ്ങളെല്ലാം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടികൾ ഉണ്ടാകുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
കുട്ടികളുടെ പാർക്ക് കാടുകയറി
ദിവസവും നൂറുകണക്കിന് ടുറിസ്റ്റുകളെത്തുന്ന ഇവിടെ വിശ്രമിക്കാനോ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനോ സൗകര്യങ്ങളില്ല. കുടിവെള്ളം പോലും കിട്ടാനില്ല. ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച കുട്ടികളുടെ പാർക്ക് കാടുകയറി. സോളാർ ലൈറ്റുകൾ എല്ലാം തകർന്നു. വൈകുന്നേരങ്ങളിൽ തീരത്തെത്തുന്നവർ ഇരുട്ടിൽത്തപ്പേണ്ട അവസ്ഥയാണ്.
സൗകര്യങ്ങളില്ല
അപകടങ്ങൾ പതിവായതോടെ നാട്ടുകാരുടെ പരാതിയെ തുടർന്നാണ് ടൂറിസം ഡിപ്പാർട്ട്മെന്റ് രണ്ട് ലൈഫ് ഗാർഡുകളെ നിയമിച്ചത്. വർഷങ്ങളായി പണിയെടുക്കുന്ന ലൈഫ് ഗാർഡുകൾപോലും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നത് പൊതുസ്ഥലത്താണ്. ഇതിന് അടിയന്തര പരിഹാരം വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
തുടർപ്രവർത്തനങ്ങൾ നടന്നില്ല
തെക്കൻ കേരളത്തിൽ ശക്തിയാർജ്ജിച്ച ആയോധനകലയായ നാടൻ കളരിപ്പയറ്റും ഉത്തര കേരളത്തിൽ സജീവമായിരുന്ന തെയ്യം, പൂരക്കളി,കോൽക്കളി,വേലകളി, തച്ചോളിക്കളി തുടങ്ങിയ കലാരൂപങ്ങളും ഒരു വേദിയിൽ സംഗമിപ്പിക്കുകയായിരുന്നു ആയോധന കലാപരിശീലന കേന്ദ്രത്തിന്റെ ലക്ഷ്യം. നെയ്യാർ അറബിക്കടലിൽ ലയിക്കുന്നതിന്റെ മനോഹാരിത ആസ്വദിക്കാനെത്തുന്നവർക്ക് ബ്രേക്ക് വാട്ടറിലെ ബോട്ട് സവാരി കഴിഞ്ഞ് ഗോൾഡൻ ബീച്ചിൽ വിശ്രമിക്കാനും ആയോധന കലാകേന്ദ്രത്തിനുള്ളിലെ കലാരൂപങ്ങൾ കണ്ടാസ്വദിക്കുന്നതിനും അവസരം ഒരുക്കുകവഴി കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കാൻ കഴിയുമെന്നായിരുന്നു അധികൃതരുടെ കാഴ്ചപ്പാട്. തുടർ പ്രവർത്തനങ്ങൾ ഇല്ലാതായതോടെ ലക്ഷ്യം പാളുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |