തിരുവനന്തപുരം: നിയമസഭാ റിപ്പോർട്ടിംഗിലെ അതികായനും കേരളകൗമുദിയിലെ മുതിർന്ന പത്രപ്രവർത്തകനുമായിരുന്ന കെ.ജി.പരമേശ്വരൻനായർക്ക് സംസ്ഥാന സർക്കാരിന്റെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശില്പവും പ്രശസ്തിപത്രവുമടങ്ങിയ പുരസ്‌കാരം സംസ്ഥാന സർക്കാർ നൽകുന്ന ഏറ്റവും വലിയ മാദ്ധ്യമ അവാർഡാണ്. 26ന് വൈകിട്ട് 5.30ന് തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും.
2021, 2022, 2023 വർഷങ്ങളിലെ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. 2021ലെ പുരസ്‌കാരത്തിനാണ് കെ.ജി.പരമേശ്വരൻ നായർ അർഹനായത്.
1963മുതൽ 1998വരെ 35 വർഷം കേരളകൗമുദിയുടെ പ്രമുഖ തലസ്ഥാന ലേഖകനായിരുന്നു. കെ.ജി.എന്നറിയപ്പെട്ടിരുന്ന അദ്ദേഹം കേരള രാഷ്ട്രീയചരിത്രത്തിന് ഒപ്പം നടന്ന മാദ്ധ്യമപ്രവർത്തകനാണ്. ഏതൊരു സ്പീക്കറെക്കാളും നിയമസഭാ സെക്രട്ടറിയെക്കാളും നന്നായി സഭയുടെ ചട്ടങ്ങൾ അറിയാമായിരുന്നു. ഏറ്റവുംകൂടുതൽ കാലം നിയമസഭാ ലേഖകനായി സേവനമനുഷ്ഠിച്ച വ്യക്തിക്കുള്ള നിയമസഭയുടെ പ്രത്യേക അവാർഡും ലഭിച്ചിട്ടുണ്ട്. പത്രപ്രവർത്തന രംഗത്തെ മികവിന് കെ. വിജയരാഘവൻ സ്മാരക പുരസ്കാരം, പട്ടം താണുപിള്ള അവാർഡ്, കെ.സി.സെബാസ്റ്റ്യൻ അവാർഡ് തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്. "കേരള നിയമസഭാ ചരിത്രവും ധർമവും" എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1931ൽ തിരുവനന്തപുരം തൃക്കണ്ണാപുരത്ത് കെ.കൃഷ്ണപിള്ളയുടെയും കെ. തങ്കമ്മയുടെയും മകനായി ജനനം. ഭാര്യ:സി.എസ്.സുഭദ്രാമ്മ,മക്കൾ:രാജേശ്വരി,സുജ.
ഏഴാച്ചേരിക്കും എൻ.അശോകനും
സ്വദേശാഭിമാനി പുരസ്ക്കാരം.... പേജ്....
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |