ചെന്നൈ: തമിഴ്നാടിന്റെ സ്വന്തം 'ഇളയ ദളപതി" വിജയ് ഇന്ന് 51-ാം പിറന്നാൾ ആഘോഷിക്കും. പുറത്തിറങ്ങാനിരിക്കുന്ന 'ജനനായകൻ" സിനിമയുടെ ടീസർ ഇന്ന് പുറത്തുവിടും. അതിനപ്പുറത്ത് തമിഴക വെട്രി കഴകത്തിന്റെ നേതാവ് എന്ന നിലയ്ക്ക് എന്തെങ്കിലും സസ്പെൻസ് പ്രഖ്യാപനം ഇന്നു വരുമോ എന്ന് ഉറ്റുനോക്കുകയാണ് തമിഴകം.
2024 ഫെബ്രുവരിയിലായിരുന്നു വിജയ് സ്വന്തം പാർട്ടി പ്രഖ്യാപിച്ചത്. ജനനായകനു ശേഷം അഭിനയിക്കില്ലെന്നും പൂർണമായും ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുമെന്നും വിജയ് പ്രഖ്യാപിച്ചിരുന്നു. അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ ടി.വി.കെ മിന്നു വിജയം നേടി വിജയ് മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. എന്നാൽ സമ്മേളനങ്ങൾ നടത്തുന്നതിനോടുബന്ധിച്ചുള്ള റോഡ് ഷോകൾക്ക് അപ്പുറത്തേക്ക് വിജയുടെ രാഷ്ട്രീയ പ്രവർത്തനം വ്യാപിക്കാത്തത് തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
അണ്ണാ ഡി.എം.കെയും ബി.ജെ.പിയും വീണ്ടും കൈകോർത്തതോടെയാണ് ടി.വി.കെയുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായത്.
അണ്ണാ ഡി.എം.കെ- ടി.വി.കെ സഖ്യ ചർച്ചകൾ പൊളിഞ്ഞതോടെയാണ് അണ്ണാ ഡി.എം.കെ ബി.ജെ.പി മുന്നണിയിലേക്ക് മടങ്ങിയത്. ടിവികെ മുന്നോട്ടു വച്ച ഉപാധികൾ അണ്ണാ ഡി.എം.കെയ്ക്ക് അംഗീകരിക്കാനാകാത്തതായിരുന്നു.
തിരഞ്ഞെടുപ്പു സഖ്യത്തെ വിജയ് നയിക്കുമെന്നും അധികാരത്തിന്റെ ആദ്യ പകുതിയിൽ വിജയ്‌ക്ക് മുഖ്യമന്ത്രി പദം നൽകണമെന്നുമായിരുന്നു പ്രധാന ഉപാധികൾ.
വിലയേറിയ താരം
ഫോബ്സ് ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 150 കോടി രൂപ മുതൽ 275 കോടി രൂപ വരെയാണ് ഒരു സിനിമയ്ക്ക് വിജയ് വാങ്ങുന്ന പ്രതിഫലം. 300 കോടി രൂപ പുഷ്പ രണ്ടാംഭാഗത്തിന് വാങ്ങിയ അല്ലു അർജുൻ മാത്രമാണ് വിജയ്ക്ക് മുന്നിലുള്ളത്. 600 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി.ബ്രാൻഡ് പ്രൊമോഷനുകളിലൂടെ 10 കോടി രൂപയാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. താരത്തിന്റെ പുറത്തിറങ്ങിയ അവസാന ചിത്രം ഗോട്ടായിരുന്നു. അതിന് ലഭിച്ച പ്രതിഫലം 200 കോടി രൂപ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |