ന്യൂഡൽഹി: പാകിസ്ഥാനെതിരെ നേടിയ യുദ്ധവിജയത്തിന്റെ വീരസ്മരണയിൽ രാജ്യം ഇന്നലെ കാർഗിൽ വിജയ് ദിവസം ആചരിച്ചു. ഡൽഹിയിലെ ദേശീയ യുദ്ധ സ്മാരകത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ എ.പി. സിംഗ്, നാവികസേന മേധാവി അഡ്മിറൽ ദിനേഷ് കെ. ത്രിപാഠി എന്നിവർ പുഷ്‌പചക്രം അർപ്പിച്ചു. ജമ്മു കാശ്‌മീർ ദ്രാസിലെ കാർഗിൽ യുദ്ധ സ്മാരകത്തിൽ പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്തും കേന്ദ്ര തൊഴിൽ-യുവജനക്ഷേമ മന്ത്രി മൻസൂഖ് മാണ്ഡവ്യയും വീരമൃത്യു വരിച്ച സൈനികരെ അനുസ്‌മരിച്ചു. വീരമൃത്യു വരിച്ചവരുടെ ബന്ധുക്കളും കാർഗിലിലെ നാട്ടുകാരും യുദ്ധസ്മാരകത്തിൽ പ്രണാമമർപ്പിക്കാൻ എത്തിയിരുന്നു. ഹെലികോപ്റ്ററുകൾ പുഷ്‌പവൃഷ്ടി നടത്തി.
അനുസ്‌മരിച്ച് രാഷ്ട്രപതിയും
പ്രധാനമന്ത്രിയും
സൈനികരുടെ അസാധാരണ വീര്യത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും പ്രതീകമാണ് കാർഗിൽ വിജയദിനമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരപുത്രന്മാരുടെ അതുല്യമായ ധീരതയെയും ത്യാഗത്തെയും പ്രകീർത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, അവരുടെ ഓർമ്മകൾ തലമുറകളെ പ്രചോദിപ്പിക്കുന്നതാണെന്ന് പറഞ്ഞു. ഏറ്റവും കഠിനമായ സാഹചര്യത്തിലും അസാധാരണ ധൈര്യം പ്രകടിപ്പിച്ച ധീരർക്ക് പ്രണാമമർപ്പിക്കുന്നതായി രാജ്‌നാഥ് സിംഗ് എക്‌സ് പോസ്റ്റിൽ കുറിച്ചു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും കാർഗിലിൽ വീരമൃത്യു വരിച്ചവരെ സ്‌മരിച്ചു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ ഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്‌പചക്രം അർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |