ന്യൂഡൽഹി: അഹമ്മദാബാദ് വിമാനദുരന്തത്തിന് പിന്നാലെ മൂന്ന് എയർ ഇന്ത്യ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ഉത്തരവിട്ട് സിവിൽ വ്യോമയാന ഡയറക്‌ടറേറ്റ് (ഡി.ജി.സി.എ). എയർ ഇന്ത്യ ഡിവിഷണൽ വൈസ് പ്രസിഡന്റ് ഉൾപ്പെടെ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരെ ജോലിയിൽ നിന്ന് മാറ്റിനിറുത്താനാണ് നിർദ്ദേശം. വിമാന സമയ നിയമങ്ങൾ ലംഘിച്ചതിനാണ് നടപടി.
എയർ ഇന്ത്യ ഡിവിഷണൽ വൈസ് പ്രസിഡന്റ് ഉൾപ്പെടെ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരെ ഫ്ലൈറ്റ് ക്രൂ ഷെഡ്യൂളിംഗ്, റോസ്റ്ററിംഗ് തുടങ്ങിയ ജോലികളിൽ നിന്ന് മാറ്റണം. ഇവർക്കെതിരെ അച്ചടക്ക നടപടിയെടുക്കണം. ഇല്ലെങ്കിൽ എയർലൈനിന്റെ പ്രവർത്തനാനുമതി റദ്ദാക്കുന്നതുൾപ്പെടെ കർശന നടപടികളുണ്ടാകും. സമയപരിധി ലംഘിച്ചതിന് എയർഇന്ത്യ അക്കൗണ്ടബിൾ മാനേജർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി. ഉദ്യോഗസ്ഥർക്കെതിരെ പത്തു ദിവസത്തിനുള്ളിൽ എയർ ഇന്ത്യ അച്ചടക്ക നടപടികളെടുക്കണം.
ആഭ്യന്തര, അന്തർദ്ദേശീയ സർവീസുകളിലെ ജീവനക്കാരെ വിന്ന്യസിക്കുന്ന ഇന്റഗ്രേറ്റഡ് ഓപ്പറേഷൻസ് കൺട്രോൾ സെന്ററിൽ (ഐ.ഒ.സി.സി) നടത്തിയ ഓഡിറ്റിംഗിന് ശേഷമാണ് തീരുമാനം.
മേയ് 16നും 17നും രണ്ട് ബംഗളൂരു-ലണ്ടൻ ഹീത്രോ എയർ ഇന്ത്യ വിമാനങ്ങൾ പരമാവധി ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിധിയായ 10 മണിക്കൂർ സമയം പാലിച്ചില്ല. ഇതിനാണ് അക്കൗണ്ടബിൾ മാനേജർക്ക് നോട്ടീസ് നൽകിയത്. അവ അടിയന്തര സർവീസുകളായിരുന്നില്ല. ഇയാൾക്കെതിരെ നടപടിയെടുക്കാതിരിക്കാൻ ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം.
ഡി.ജി.സി.എ നിർദ്ദേശം അംഗീകരിച്ച് നടപ്പിലാക്കിയെന്ന് എയർഇന്ത്യ അറിയിച്ചു. സുരക്ഷാ പ്രോട്ടോക്കോളുകളും മറ്റ് ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ചീഫ് ഓപ്പറേഷൻസ് ഓഫീസർ ഇന്റഗ്രേറ്റഡ് ഓപ്പറേഷൻസ് കൺട്രോൾ സെന്ററിന്റെ മേൽനോട്ടം വഹിക്കും.
മൂന്ന് കുടുംബങ്ങൾക്ക്
നഷ്‌ടപരിഹാരം
വിമാനാപകടത്തിൽ കൊല്ലപ്പെട്ടവരുടെ മൂന്ന് കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം കൈമാറിയെന്ന് എയർ ഇന്ത്യ അറിയിച്ചു. ബാക്കി ക്ലെയിമുകൾ പരിശോധനയിലാണ്. പണം ലഭിച്ച കുടുംബങ്ങളുടെ വിവരങ്ങൾ പുറത്തുവിട്ടില്ല.
ഡി.എൻ.എ തിരിച്ചറിയൽ ഉൾപ്പെടെ ആശുപത്രി പ്രക്രിയകളിൽ കുടുംബങ്ങളെ സഹായിക്കുന്നുണ്ടെന്നും എയർലൈൻ അറിയിച്ചു. മൃതദേഹം വീട്ടിലെത്തിക്കാനും സംസ്‌കരിക്കാനും ജീവനക്കാരുണ്ടാകും. ബന്ധുക്കളുടെ യാത്ര, താമസം, മെഡിക്കൽ, ശവസംസ്കാര ചെലവുകൾ എന്നിവ വഹിക്കുന്നുണ്ടെന്നും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |