ടെഹ്‌റാൻ: ഇറാനിൽ ആക്രമണം നടത്തി അമേരിക്ക. ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിലാണ് ഇന്ന് ഇന്ത്യൻ സമയം പുലർച്ചെ നാല് മണിയോടെ അമേരിക്ക ബോംബ് ആക്രമണം നടത്തിയത്. ഫോർദോ, നതാൻസ്, എസ്‌ഫഹാൻ എന്നീ ആണവകേന്ദ്രങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തിയത്. ഓപ്പറേഷൻ പൂർത്തിയാക്കി യുദ്ധവിമാനങ്ങൾ മടങ്ങിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എക്‌സിലൂടെ അറിയിച്ചു. അമേരിക്കയുടെ ബി2 ബോംബറുകളാണ് ഇറാനിൽ ആക്രമണം നടത്തിയതെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
'ഇറാനിലെ ഫോർദോ, നതാൻസ്, എസ്‌ഫഹാൻ എന്നിവയുൾപ്പെടെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ഞങ്ങൾ വളരെ വിജയകരമായി ആക്രമണം പൂർത്തിയാക്കി. ഇപ്പോൾ എല്ലാ വിമാനങ്ങളും ഇറാന്റെ വ്യോമാതിർത്തിക്ക് പുറത്താണ്. പ്രാഥമിക കേന്ദ്രമായ ഫോർദോയിൽ ബോംബുകളുടെ ഒരു പൂർണ്ണ പേലോഡ് വർഷിച്ചു. എല്ലാ വിമാനങ്ങളും സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങുകയാണ്. നമ്മുടെ മഹത്തായ അമേരിക്കൻ യോദ്ധാക്കൾക്ക് അഭിനന്ദനങ്ങൾ. ഇത് ചെയ്യാൻ കഴിയുന്ന മറ്റൊരു സൈന്യം ലോകത്തിലില്ല. ഇപ്പോൾ സമാധാനത്തിനുള്ള സമയമാണ്! ഈ വിഷയത്തിൽ നിങ്ങൾ ശ്രദ്ധ ചെലുത്തിയതിന് നന്ദി'- എന്നാണ് ട്രംപ് ലോകത്തെ അറിയിച്ചത്. ഇസ്രായേലിനൊപ്പം യുദ്ധത്തിൽ അമേരിക്ക പ്രവേശിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിന് രണ്ടാഴ്ചയെങ്കിലും സമയം എടുക്കുമെന്ന് കഴിഞ്ഞ വെള്ളിയാഴ്ച ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാനിൽ അമേരിക്ക ബോംബാക്രമണം നടത്തിയത്.
ഇത് അമേരിക്കയ്ക്കും, ഇസ്രയേലിനും, ലോകത്തിനും ഒരു ചരിത്ര നിമിഷമാണെന്നും യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ ഇനി സമ്മതിക്കണമെന്നും ട്രംപ് പറഞ്ഞു. ലോകം ഇപ്പോൾ ഒരു സുരക്ഷിത സ്ഥലമാണ് എന്നാണ് ഇറാനിലെ അമേരിക്കയുടെ ആക്രമണത്തിൽ ഇസ്രായേലിന്റെ മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പ്രതികരിച്ചത്. പ്രസിഡന്റ് ട്രംപ് അമേരിക്കയ്ക്ക് വേണ്ടി, ഇസ്രയേലിന് വേണ്ടി, മുഴുവൻ മനുഷ്യരാശിക്കും വേണ്ടി ധീരമായ തീരുമാനമെടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയുടെ ആക്രമണം ഇറാൻ സ്ഥിരീകരിച്ചുവെന്നാണ് റിപ്പോർട്ട്. ആണവകേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടു. എന്നാൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല. ആണവകേന്ദ്രങ്ങൾ നേരത്തെ തന്നെ ഒഴിപ്പിച്ചിരുന്നുവെന്നും ഇറാൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |