കണ്ണൂർ: കായലോട്ട് ആൾക്കൂട്ട ആക്രമണത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ രണ്ട് പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കസ്റ്റഡിയിലുള്ള സുനീർ, സഖറിയ എന്നിവരുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തുന്നത്. ഇവരെകൂടാതെ മുബഷീർ, ഫൈസൽ, റഫ്നാസ് എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. യുവതിയുടെ ആൺസുഹൃത്ത് റഹീസിന്റെ പരാതിയിൽ അഞ്ച് പേർക്കെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. അതേസമയം, റഹീസിനെതിരെ യുവതിയുടെ കുടുംബം നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തില്ല.
40കാരിയായ റസീനയുമായി കാറിലിരുന്ന് സംസാരിച്ചിരിക്കെ റഹീസിനെ യുവാക്കൾ പിടിച്ചിറക്കി മർദ്ദിച്ചെന്നാണ് കേസ്. ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായി റഹീസ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. റഹീസിന്റെ കൈവശമുണ്ടായിരുന്ന മൂന്ന് മൊബൈൽ ഫോണുകളും പ്രതികൾ ബലം പ്രയോഗിച്ച് പിടിച്ചുവാങ്ങിയെന്ന് യുവാവിന്റെ മൊഴിയിലുണ്ട്. സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി ഒഴിഞ്ഞ പറമ്പിൽ വച്ച് മർദ്ദിക്കുകയും ചെയ്തു. യുവതിയോട് സംസാരിച്ചതിന്റെ വിരോധം മൂലമാണ് റഹീസിനെ ഇവർ സംഘം ചേർന്ന് മർദ്ദിച്ചത്. ഇന്നലെ രാവിലെയാണ് റഹീസ് പിണറായി പൊലീസ് സ്റ്റേഷനിൽ സ്വമേധയാ ഹാജരായി മൊഴി നൽകിയത്.
കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് റസീനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിട്ടുള്ള മൂന്നുപേരെ പിടികൂടിയത്. സദാചാര ഗുണ്ടായിസത്തിൽ മനംനൊന്താണ് റസീന ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇതിനിടയിൽ റസീനയുടെ കുടുംബം ആൺസുഹൃത്തിനെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. റസീനയുടെ പണവും സ്വർണവും തട്ടിയെടുത്തത് ആൺസുഹൃത്താണെന്നും അറസ്റ്റിലായവർ നിരപരാധികളാണെന്നുമാണ് മാതാവ് ഫാത്തിമ വെളിപ്പെടുത്തിയത്. എന്നാൽ ഈ ആരോപണങ്ങളെല്ലാം റഹീസ് നിഷേധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |