കോഴിക്കോട്: രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നായ്ക്കൾ കൂട്ടമായി തെരുവിലെത്തുമ്പോൾ ഭയപ്പാടിലാണ് ജനം. ഇന്നലെ ഇരിങ്ങൽ, പയ്യോളി പ്രദേശങ്ങളിലായി പിഞ്ചു കുഞ്ഞടക്കം അഞ്ചോളം പേർക്ക് തെരുവുനായയുടെ കടിയേറ്റു. കഴിഞ്ഞ ദിവസം ഒളവണ്ണയിൽ മൂന്നര വയസുകാരന് തെരുവുനായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. തലയിലും ചെവിയിലും ആഴത്തിൽ മുറിവേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇപ്പോഴും ചികിത്സ തുടരുകയാണ്. തെരുവുനായ ആക്രമണം രൂക്ഷമാകുമ്പോഴും വന്ധ്യംകരണ കേന്ദ്രങ്ങളുടെ നിർമാണം ഇഴഞ്ഞ് നീങ്ങുകയാണ്. നിലവിൽ ജില്ലയിൽ രണ്ട് എ.ബി.സി കേന്ദ്രങ്ങൾ മാത്രമാണുള്ളത്. പൂളാടിക്കുന്നിൽ കോർപ്പറേഷന്റെ കീഴിൽ പ്രവർത്തിക്കുന്നതും മൃഗസംരക്ഷണ വകുപ്പിനുകീഴിൽ ബാലുശേരിയിൽ പ്രവർത്തിക്കുന്നതും. ഇവിടെ ദിനംപ്രതി 10 മുതൽ 12 വരെ വന്ധ്യംകരണ ശസ്ത്രക്രിയകളാണ് നടക്കുന്നത്. ക്രമാതീതമായി വർദ്ധിക്കുന്ന തെരുവുനായകളെ വന്ധ്യംകരിക്കാൻ കൂടുതൽ എ.ബി.സി കേന്ദ്രങ്ങൾ അത്യാവശ്യമാണ്.
സ്ഥലം കണ്ടെത്താനാകാത്തതിനാൽ നിർമാണം ഇഴഞ്ഞ് നീങ്ങുന്നു
ഓരോ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലും ഒരു എ.ബി.സി സെന്റർ വീതം സജ്ജമാക്കാനാണ് ജില്ലാ പഞ്ചായത്ത് നീക്കം. ഇതിനായി ബഡ്ജറ്റിൽ തുക നീക്കിവെച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തി പണി ആരംഭിച്ച പേരാമ്പ്രയിലെ എ.ബി.സി സെന്ററിന്റെ 90 ശതമാനം ജോലികളും പൂർത്തിയാക്കി. ബാക്കി പ്രവർത്തനങ്ങൾക്കുള്ള തുക 2025 ലെ ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ബഡ്ജറ്റുകളിൽ തുകയും നീക്കിവെച്ചിട്ടുണ്ട്. പ്രദേശവാസികളുടെ എതിർപ്പുൾപ്പെടെ വന്നപ്പോൾ പലയിടത്തും എ.ബി.സി സെന്ററിന്റെ പ്രവൃത്തികൾ അനിശ്ചിതത്വത്തിലാണ്.
'' എല്ലാ ബ്ലോക്ക് പഞ്ചായത്തിലും എ.ബി.സി സെന്ററുകൾ സ്ഥാപിക്കാനാണ് ജില്ലാ പഞ്ചായത്ത് ശ്രമിക്കുന്നത്. ആവശ്യത്തിന് ഫണ്ടുമുണ്ട്. എന്നാൽ പലയിടത്തും സ്ഥലമില്ലാത്തതാണ് പ്രതിസന്ധി. സ്ഥലം കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുന്നുണ്ട്. പ്രദേശവാസികളുടെ സഹകരണവും ഇക്കാര്യത്തിൽ ആവശ്യമാണ് ''
വി.പി ജമീല, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ, കോഴിക്കോട് ജില്ലാ പഞ്ചായത്ത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |