കോന്നി: തണ്ണിത്തോട് - കോന്നി വനപാതയിലെ തണ്ണിത്തോട് മൂഴിയിൽ കടുവയെ കണ്ടതായി പൊലീസിന്റെ പട്രോളിംഗ് സംഘം. ശനിയാഴ്ച പുലർച്ചെ ഒന്നിന് പെട്രോളിംഗ് നടത്തുകയായിരുന്ന തണ്ണിത്തോട് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരാണ് ഇന്റർലോക്ക് പാകിയ റോഡിൽ കടുവയെ കണ്ടത്. വനപാലകരെ വിവരം അറിയിച്ചതിനെ തുടർന്ന് ഇന്നലെ പരിശോധനകൾ നടത്തി ക്യാമറ സ്ഥാപിച്ചു. കടുവയുടെ കാൽപ്പാടുകളോ മറ്റ് സാന്നിദ്ധ്യമോ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ദിവസവും നിരവധി വാഹനങ്ങൾ കടന്നുപോകുന്ന വനപാതയിൽ കാട്ടാനകൾ, കാട്ടുപോത്തുകൾ, മ്ലാവുകൾ എന്നിവയുടെ സാന്നിദ്ധ്യം പതിവാണ്. തണ്ണിത്തോട് മൂഴി ജനവാസ മേഖലകളോട് ചേർന്ന വനമേഖലയാണ്. വനപാതയോട് ചേർന്നാണ് കല്ലാർ ഒഴുകുന്നത്. വനത്തിൽ നിന്ന് കല്ലാറ്റിൽ വെള്ളം കുടിക്കാൻ എത്തുന്ന വന്യമൃഗങ്ങൾ ഇവിടെ റോഡ് മുറിച്ച് കടക്കുന്നതും പതിവാണ്. വനപാതയുടെ ഒരുവശം റാന്നി വനം ഡിവിഷനിലെ വനവും മറുവശം കോന്നി വനം ഡിവിഷനിലെ വനവുമാണ്. റോഡിലെ എലിമുള്ളംപ്ലാക്കൽ മുതൽ തണ്ണിത്തോട് മൂഴി വരെയുള്ള ഭാഗങ്ങളിൽ ഏഴ് ആനത്താരകളുണ്ട്.
2020ൽ പ്ലാന്റേഷൻ കോർപ്പറേഷന്റെ തണ്ണിത്തോട് മേടപ്പാറ റബർ എസ്റ്റേറ്റിൽ ഇറങ്ങിയ കടുവ ടാപ്പിംഗ് തൊഴിലാളിയായ ഇടുക്കി സ്വദേശി ബിനീഷ് മാത്യുവിനെ കൊലപ്പെടുത്തി. കടുവയെ കണ്ടെത്തുന്നതിനായി കുങ്കിയാനകളെ എത്തിച്ച് തെരച്ചിൽ നടത്തി. തുടർന്ന് കടുവയെ മണിയാറിൽ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.
2018 ൽ വനമേഖലയിൽ പൊന്നാമ്പൂ ശേഖരിക്കാൻ പോയ കൊക്കാതോട് കിടങ്ങിൽ കിഴക്കേതിൽ രവിയെ കടുവ കൊന്നു. തെരച്ചിൽസംഘം രവിയുടെ ശിരസും പിന്നീട് വലത് കാലിന്റെയും വലത് കൈയുടെയും ഭാഗങ്ങളും കണ്ടെത്തുകയായിരുന്നു. ബാക്കിയുള്ള ശരീര ഭാഗങ്ങൾ കടുവ ഭക്ഷിച്ചിരുന്നു.
തണ്ണിത്തോട് മൂഴിയിൽ കടുവയെ കണ്ടതോടെ ജനങ്ങൾ ഭീതിയിലാണ്.
വനംവകുപ്പ് നടപടികൾ സ്വീകരിക്കണം.
ജയകൃഷ്ണൻ തണ്ണിത്തോട്
(ബാലസംഘം ജില്ലാ കോ ഓർഡിനേറ്റർ )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |