കൽപ്പറ്റ: ''കാലം എത്രയായി. തുല്യവേതനം തുല്യനീതി നടപ്പിലാക്കാൻ കഴിഞ്ഞോ?. മുഖ്യധാരയിൽ സ്ത്രീകൾ എത്തിയോ?.
അടിയന്തരാവസ്ഥക്കാലത്ത് മിസ പ്രകാരം ജയിൽവാസവും അതിക്രൂര മർദ്ദനവും ഏൽക്കേണ്ടി വന്ന ഏക സ്കൂൾ വിദ്യാർത്ഥിനി സി.ആർ. സുലോചനയുടെ ചാേദ്യത്തിന് അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികം എത്തുമ്പോഴും മൂർച്ച കുറഞ്ഞിട്ടില്ല.
മീനങ്ങാടി ഗവ. ഹൈസ്‌കൂളിലെ എസ്.എഫ്.ഐയുടെ സജീവപ്രവർത്തകയായിരുന്നു. എന്താണ് ചെയ്ത തെറ്റ്?
സ്‌കൂൾ നാടകങ്ങളിലും നക്സലൈറ്റ് അനുഭാവമുള്ള സാംസ്‌കാരികസമിതിയുടെ ഒന്ന് രണ്ട് നാടകങ്ങളിലും അഭിനയിച്ചു. നക്സലൈറ്റ് ബന്ധമുള്ളതാണെന്ന് ചിന്തിക്കാനുള്ള പക്വതയൊന്നും പതിനാറുകാരിക്ക് അന്നുണ്ടായിരുന്നില്ല. പൊതു നിരത്തിൽ വച്ചാണ് അറസ്റ്റ് ചെയ്തത്.
പാലക്കാട് ഒറ്റപ്പാലത്ത് നിന്ന് 1957ൽ തൊഴിൽതേടി മീനങ്ങാടിയിലെത്തിയ കർഷകതൊഴിലാളിയായ ചേവയിൽ രാമന്റെയും ലക്ഷ്മിയുടെയും ഏഴ് മക്കളിൽ ആറാമത്തവളാണ്. ആദ്യം സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലേക്ക്. പിന്നീട് കോഴിക്കോട് വനിതാ പൊലീസ് സ്റ്റേഷനിലേക്ക്. 29 ദിവസത്തിന് ശേഷം കണ്ണൂർ സെൻട്രൽ ജയിലിലേക്ക്. അതിനിടെ ലക്ഷ്മണ അടക്കമുള്ളവരുടെ അതിക്രൂരമായ മർദ്ദനം.നിലത്ത് കിടത്തി തുടയിൽ കയറി നിന്ന് തുള്ളി. കാലിന്റെ വെള്ളയിൽ ലാത്തി കൊണ്ട് ആഞ്ഞടിച്ചു.നിവർന്നുനിൽക്കാൻ പോലും കഴിഞ്ഞില്ല.പക്ഷേ,പതറിയില്ല.
എസ്.എസ്.എൽ.സി ബുക്കിന്റെ ഒന്നാം പേജ് പൊലീസുകാർ കീറിയെറിഞ്ഞു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ് മിസ തടവുകാരിയാക്കിയതെന്ന് തെളിയാതിരിക്കാൻ വേണ്ടിയായിരുന്നു ഇത്. ചെറ്റക്കുടിൽ അഗ്നിക്കിരയാക്കി. അറസ്റ്റ് ചെയ്ത് മൂന്നാംനാൾ അമ്മയും ജ്യേഷ്ഠൻ കുമാരനും സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ കാണാൻ വന്നിരുന്നു. മാപ്പെഴുതി കൊടുത്ത് പുറത്ത് വരാൻ അവർ ആവശ്യപ്പെട്ടു. പക്ഷേ,സുലോചന തയ്യാറായില്ല. അനീതി പ്രമേയമാക്കിയ നാടകം കളിച്ചത് തെറ്റാണോ?.അല്ലെന്ന് തന്നെയാണ് ഇന്നും വിശ്വസിക്കുന്നത്.
മിസ തടവുകാരിയാക്കി കണ്ണൂരിൽ എത്തിയപ്പോൾ അവിടെ പിണറായി വിജയനും കുന്നിക്കൽ നാരായണന്റെ ജീവിത പങ്കാളിയായ മന്ദാകിനിയുമെല്ലാം ഉണ്ടായിരുന്നു. പതിനെട്ടു മാസത്തിനുശേഷം ജയിൽ മോചിതയായി എത്തിയപ്പോൾ എല്ലാം അറിഞ്ഞ് വിവാഹം കഴിക്കാനെത്തിയ വ്യക്തിയായിരുന്നു രാമകൃഷ്ണൻ.ആർമി ഓഫീസറായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥനായിട്ടായിരുന്നു വിരമിച്ചത്. ദമ്പതികൾക്ക് രണ്ട് ആൺകുട്ടികൾ. ഇപ്പോഴും എവിടെ അനീതിയുണ്ടോ അവിടെ സുലോചനയുണ്ട്. അതിന് പ്രായം ഒരു ഘടകമേയല്ല. അഗതികളായ പലരും സുലോചനയുടെ സംരക്ഷണയിൽ കഴിയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |