തിരുവനന്തപുരം: നഗരസഭയിലെ പുന്നയ്ക്കാമുഗൾ വാർഡിലെ ഹരിതകർമ്മ സേന അംഗങ്ങളുടെ അക്കൗണ്ടിൽ നിന്ന് മൂന്ന് ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തി.സംഭവത്തെ പറ്റി അന്വേഷിക്കാൻ നഗരസഭ മേയർ ആര്യാ രാജേന്ദ്രൻ നിർദ്ദേശം നൽകി.വാർഡിലെ ചുമതല വഹിച്ചിരുന്ന ഹരിതകർമ്മ സേന കൺസോർഷ്യം പ്രസിഡന്റ്,സെക്രട്ടറി എന്നിവരെ ചുമതലയിൽ നിന്ന് അന്വേഷണത്തിന്റെ ഭാഗമായി മാറ്റി നിറുത്തും.
നഗരസഭ ഹെൽത്ത് ഓഫീസർ എത്രയും പെട്ടെന്ന് അന്വേഷണം നടത്തി നടപടിയെടുക്കാനും മേയർ നിർദ്ദേശിച്ചു.13 പേരടങ്ങുന്ന ഹരിതകർമ്മ സേനയാണ് വാർഡിലുള്ളത്.ഇവർ വീടുകളിൽ നിന്ന് ശേഖരിക്കുന്ന യൂസർഫീയടക്കം ഒറ്റ അക്കൗണ്ടിലേക്കാണ് നിക്ഷേപിക്കുന്നത്.ഓരോ മാസവും കണക്കുകൾ എല്ലാം കൃത്യമായി രേഖപ്പെടുത്തിയാലെ ഇവർക്ക് അതിൽ നിന്ന് ശമ്പളമെടുക്കാൻ സാധിക്കൂ.എന്നാൽ കഴിഞ്ഞ മാസങ്ങളിൽ ഇത് മുടങ്ങി.കണക്കുകൾ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല.ശമ്പളം ലഭിക്കാതെ വന്നപ്പോൾ അംഗങ്ങൾ ചോദ്യമുന്നയിച്ചു.
അങ്ങനെ തിരിമറി സംശയിച്ച് വാർഡിലെ ജെ.എച്ച്.ഐയെ സമീപിച്ചു.ജെ.എച്ച്.ഐ പരിശോധിച്ചപ്പോഴാണ് മൂന്ന് ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്.ഇതേ പറ്റി ചോദിച്ചപ്പോൾ, ഹരിതകർമ്മ സേനാംഗങ്ങൾ കടം ചോദിക്കുമ്പോൾ കൊടുത്തത് കൊണ്ടാണ് തുകയിൽ കുറവ് വന്നെന്നാണ് കൺസോർഷ്യം പ്രസിഡന്റ് വിശദീകരണം നൽകിയത്.പ്രസിഡന്റ് തന്നെ ക്രമക്കേട് നടത്തിയെന്നാണ് ചില അംഗങ്ങൾ ആരോപിച്ചത്.ഇതുസംബന്ധിച്ച് ഇന്നലെ നഗരസഭയിൽ വിശദീകരണ യോഗവും ചേർന്നിരുന്നു.
ഒത്തുതീർപ്പാക്കാൻ കൗൺസിലർ
ശ്രമിച്ചെന്ന് ആക്ഷേപം
സംഭവം കണ്ടെത്തിയതോടെ അത് ഒത്തുതീർപ്പാക്കാൻ ഒരു കൗൺസിലർ ശ്രമിച്ചുവെന്ന ആരോപണവുമുണ്ട്. സംഭവം കണ്ടെത്തി സേനാംഗങ്ങളെ വിളിച്ചപ്പോൾ കൗൺസിലർ തന്റെ വീട്ടിൽ എല്ലാ സേനാംഗങ്ങളെയും വിളിച്ച് രഹസ്യയോഗം കൂടി ഒത്തുതീർപ്പിന് ശ്രമിച്ചുവെന്നും ആക്ഷേപമുണ്ട്. സംഭവത്തിൽ കൗൺസിലർക്ക് പങ്കുണ്ടോയെന്നും അന്വേഷണം നടത്തണമെന്നാണ് ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |