കൊച്ചി: മെട്രോയുടെ രണ്ടാംഘട്ട നിർമ്മാണം പുരോഗമിക്കുന്നതിനിടെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് (കെ.എം.ആർ.എൽ) തിരിച്ചടി. ആലുവയിൽനിന്ന് അങ്കമാലി, നെടുമ്പാശേരി വിമാനത്താവളം എന്നിവിടങ്ങളിലേക്ക് നീളുന്ന മൂന്നാം ഘട്ടത്തിന്റെ ഡി.പി.ആർ (വിശദമായ പദ്ധതി രേഖ) തയ്യാറാക്കാനുള്ള ചുമതലയിൽനിന്ന് റെയിൽ ഇന്ത്യ ടെക്‌നിക്കൽ ആൻഡ് ഇക്കണോമിക്‌സ് സർവീസ് (ആർ.ഐ.ടി.ഇ.എസ്) എന്ന ഏജൻസിയെ ഒഴിവാക്കേണ്ടി വന്നതാണ് പ്രതിസന്ധിക്ക് കാരണം.
കേന്ദ്ര നഗര വികസന മന്ത്രാലയം നിശ്ചയിച്ചതിനേക്കാൾ ഇരട്ടിത്തുക ക്വോട്ട് ചെയ്തതിനെ തുടർന്നാണ് തീരുമാനം. മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണിതെന്നാണ് വിവരം. ഇതേത്തുടർന്ന് കെ.എം.ആർ.എൽ. പുതിയ ഏജൻസിയെ ക്ഷണിച്ചു. നിലവിൽ കരിയാട് ജംഗ്ഷനിൽനിന്ന് വിമാനത്താവളം വഴി അങ്കമാലിയിലേക്ക് എന്ന തരത്തിലാണ് മൂന്നാം ഘട്ട പാത പരിഗണിക്കുന്നത്.
അയ്യമ്പുഴയിലെ ഗിഫ്റ്റ് സിറ്റിയിലേക്ക് പാത നീട്ടുന്നത് സംബന്ധിച്ച സാദ്ധ്യത പഠനവും കെ.എം.ആർ.എൽ. താത്കാലികമായി നീട്ടിവച്ചിട്ടുണ്ട്. കമ്പനി ക്വോട്ട് ചെയ്ത തുക 10 മുതൽ 20 ശതമാനം വരെ കൂടുതലായിരുന്നെങ്കിൽ പോലും അവരെ പരിഗണിക്കുമായിരുന്നുവെന്നും കെ.എം.ആർ.എൽ. അധികൃതർ അറിയിച്ചു.
റൂട്ട്, ഏറ്റെടുക്കേണ്ട സ്ഥലം, പദ്ധതിച്ചെലവ്, എത്രനാൾ കൊണ്ട് പൂർത്തീകരിക്കാനാകും, ആളുകളെ ഒഴിപ്പിക്കേണ്ടി വരുമോ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുന്ന പദ്ധതി രേഖയായിരുന്നു ആർ.ഐ.ടി.ഇ.എസ്. സമർപ്പിക്കേണ്ടിയിരുന്നത്. ആലുവ മുതൽ അങ്കമാലി വരെയും വിമാനത്താവളത്തിലേക്കുമുള്ള പാത 2018ൽ മൂന്നാം ഘട്ടത്തിൽ വിഭാവനം ചെയ്തിരുന്നു.
രണ്ടാം ഘട്ട നിർമ്മാണം പുരോഗമിക്കുന്നു
20 മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന മെട്രോ രണ്ടാം ഘട്ട നിർമ്മാണം പുരോഗമിക്കുകയാണ്. ഇതിനായി 274 കോടി രൂപ വീതമാണ് കേന്ദ്രസംസ്ഥാന സർക്കാരുകൾ വിഹിതമായി നൽകുന്നത്. ഇതിനോടകം 289 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 1200 കോടിയിലേറെയാണ് രണ്ടാം ഘട്ടത്തിലെ വിദേശ വായ്പ.
കലൂർ സ്റ്റേഡിയം ജംഗ്ഷൻ മുതൽ കാക്കനാട് വരെയുള്ള രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ 2024 ജൂലൈ മൂന്നിനാണ് ആരംഭിച്ചത്. ആകെയുള്ള 10 സ്റ്റേഷനുകളിൽ സെസ്, കാക്കനാട്, ഇൻഫോപാർക്ക്, കിൻഫ്ര, ചിറ്റേത്തുകര എന്നിവിടങ്ങളിലെ (എൻട്രി- എക്‌സിറ്റ്) വഴികളുടെ നിർമ്മാണം പൂർത്തിയായി. 11.2 കിലോമീറ്ററിലാണ് രണ്ടാം ഘട്ടത്തിലെ വയഡക്ടിന്റെ നിർമ്മാണം നടക്കേണ്ടത്.
മെട്രോ രണ്ടാം ഘട്ടം
നിർമ്മാണ ചെലവ്
1957.05 കോടി
274 കോടി---- കേന്ദ്രം
274 കോടി----സംസ്ഥാനം
1016 കോടി വായ്പ---- ഏഷ്യൻ ഇൻഫ്രാസ്ട്രക്ടചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക്
ആകെ പൈലുകൾ----1961
പൂർത്തീകരിച്ചത്----224
ആകെ തൂണുകൾ--- 456
സ്റ്റേഷൻ---- 10
20----എൻട്രി-എക്‌സിറ്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |