ഗൾഫ് മേഖലയെ ആകെ മുൾമുനയിലാക്കി ഇറാൻ - ഇസ്രയേൽ യുദ്ധത്തിൽ അമേരിക്കയും ഇടപെട്ടിരിക്കുന്നു. ഇറാന്റെ മൂന്ന് പ്രധാന ആവണ കേന്ദ്രങ്ങളിൽ അമേരിക്കയുടെ അത്യാധുനികവും ബങ്കർ ബസ്റ്റർ ബോംബുകൾ വഹിക്കാൻ ശേഷിയുള്ളതുമായ ബി - 2 വിമാനങ്ങളാണ് ആക്രമണം നടത്തിയത്. 'ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ" എന്നു പേരിട്ട് 125-ഓളം യുദ്ധവിമാനങ്ങൾ പങ്കെടുത്ത ആക്രമണം 25 മിനിട്ടോളം നീണ്ടുനിന്നു. മൂന്ന് ആണവ കേന്ദ്രങ്ങളും ഇനി പ്രവർത്തിപ്പിക്കാനാകാത്തവിധം തരിപ്പണമാക്കി എന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടത്. ഫോർദോ, നതാൻസ്, ഇസ്‌ഫഹാൻ ആണവ നിലയങ്ങളാണ് അമേരിക്കൻ വിമാനങ്ങൾ ആക്രമിച്ചത്. ഇറാന്റെ ഭൂഗർഭ ആണവ നിലയങ്ങൾ തകർക്കാൻ ശേഷിയുള്ള ജി.ബി.യു 57 ബങ്കർ ബസ്റ്റർ ബോംബുകളുമായി ബി - 2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങളാണ് ബോംബിട്ടത്.
ഇറാൻ - ഇസ്രയേൽ സംഘർഷം പത്താം ദിവസത്തിലേക്ക് കടന്നപ്പോഴാണ് യു.എസും ആക്രമണത്തിൽ പങ്കാളിയായത്. ഇത് പശ്ചിമേഷ്യയിലെ യുദ്ധത്തിന് ദൂരവ്യാപകവും ഗുരുതരവുമായ പ്രത്യാഘാതങ്ങൾ നൽകാൻ പോന്ന മാനങ്ങൾ സൃഷ്ടിക്കാൻ ഇടയാക്കും. ഇറാനെ ആക്രമിക്കുന്ന കാര്യത്തിൽ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കുമെന്ന് നേരത്തേ പറഞ്ഞതിൽനിന്ന് മുന്നറിയിപ്പില്ലാതെ പിന്മാറിയാണ് അമേരിക്ക ഇറാനിൽ അർദ്ധരാത്രിയിൽ ആക്രമണം നടത്തിയത്. ഇനി സമാധാനത്തിന്റെ സമയമാണെന്ന് ട്രംപ് സമൂഹമാദ്ധ്യമത്തിൽ കുറിച്ചിട്ടുണ്ടെങ്കിലും വിരാമമില്ലാതെ ഇസ്രയേൽ - ഇറാൻ യുദ്ധം തുടരുകയാണ്. ഇസ്രയേലിനു നേരെ ടെൽ അവീവിലും ജറുസലേമിലും ഇറാൻ മിസൈൽ ആക്രമണം ആവർത്തിച്ചു. അമേരിക്കയ്ക്ക് തിരിച്ചടി നൽകുമെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി പറയുന്നു. അമേരിക്ക കൂടി ഇടപെട്ടതോടെ യുദ്ധത്തിന്റെ രൂപംതന്നെ വരും ദിനങ്ങളിൽ പ്രവചനാതീതമായി മാറിയേക്കാം. അമേരിക്കയിലും കനത്ത ജാഗ്രത തുടരുകയാണ്.
ലോകത്തെ രണ്ട് വൻശക്തികളായ അമേരിക്കയും റഷ്യയും ഇപ്പോൾ വ്യത്യസ്തമായ യുദ്ധങ്ങളിൽ പങ്കാളികളായിരിക്കുകയാണ്. ഇറാനോട് ആഭിമുഖ്യം പുലർത്തുന്ന നിലപാടാണ് റഷ്യ ഇതുവരെ സ്വീകരിച്ചുവന്നിട്ടുള്ളത്. ഇറാന്റെ പരമോന്നത മതനേതാവ് ഖമനേയിയെ നിഷ്‌കാസിതനാക്കും വരെ യുദ്ധം തുടരാനാണ് ഇസ്രയേൽ പദ്ധതിയിട്ടിരിക്കുന്നത്. ഉടനെയൊന്നും യുദ്ധം അവസാനിക്കാനുള്ള അവസരമില്ലെന്നു വേണം അനുമാനിക്കാൻ. സമാധാന ചർച്ചയ്ക്ക് ഇറാൻ തയ്യാറാകുമോ എന്നതിലേക്കാണ് ലോകം ഉറ്റുനോക്കുന്നത്. യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന എല്ലാ രാജ്യങ്ങളുമായും സൗഹൃദബന്ധം പുലർത്തുന്ന രാജ്യമെന്ന നിലയിൽ ഇന്ത്യയ്ക്ക് സമാധാന ശ്രമങ്ങളിൽ നല്ല പങ്ക് വഹിക്കാനാവും. അമേരിക്കയുടെ ആക്രമണം ആണവ വികിരണത്തിന് ഇടയാക്കുമോ എന്ന ഭീതിയും നിലനിൽക്കുന്നുണ്ട്. ഇത് ഗൾഫ് മേഖലയെ മുഴുവൻ ആശങ്കയിലാഴ്‌ത്താൻ പോന്നതാണ്.
ഗൾഫിലെ യു.എ.ഇ, ഖത്തർ, സൗദി, ബഹ്‌റിൻ തുടങ്ങിയ രാജ്യങ്ങളിൽ അമേരിക്കയ്ക്ക് സൈനിക താവളങ്ങളുണ്ട്. ഇവയ്ക്കു നേരെ ഇറാന്റെ ആക്രമണം ഉണ്ടായാൽ അത് ഗൾഫ് മേഖലയാകെ യുദ്ധത്തിന്റെ കരിനിഴൽ വീഴ്‌ത്താനിടയാക്കാം. ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നതുൾപ്പെടെയുള്ള നടപടികൾ ഇറാന്റെ ഭാഗത്തുനിന്നുണ്ടായാൽ ഗൾഫ് മേഖലയിൽ നിന്നുള്ള ചരക്കു കപ്പൽ ഗതാഗതം തടസപ്പെടുകയും ഇന്ധന വില കുതിച്ചുയരാൻ അതിടയാക്കുകയും ചെയ്യും. ഇതാകട്ടെ യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന രാജ്യങ്ങളിലെ പൗരന്മാരെ മാത്രമല്ല ഇന്ത്യ ഉൾപ്പെടെ ലോകത്തിലെ മറ്റു രാജ്യങ്ങളിലെ പൗരന്മാരുടെ ജീവിതവും ദുസഹമാക്കാൻ ഇടയാക്കും. കൂടുതൽ രാജ്യങ്ങൾ യുദ്ധത്തിൽ ഭാഗഭാക്കായാൽ സർവനാശമായിരിക്കും ഫലം. സമാധാനം ആഗ്രഹിക്കുന്ന രാജ്യങ്ങളും രാഷ്ട്രീയ രംഗത്തെ പ്രമുഖരും മനുഷ്യസ്നേഹികളും യുദ്ധവിരാമത്തിനുള്ള ശ്രമങ്ങൾ തീവ്രമായി തുടങ്ങുകയാണ് വേണ്ടത്. യുദ്ധം അടുത്ത ഘട്ടത്തിലേക്കു നീങ്ങിയാൽ അതിന്റെ തിക്തഫലം അനുഭവിക്കുന്നത് ലോകത്തെ സാധാരണ മനുഷ്യരായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |