പാലക്കാട്: സംസ്ഥാനത്ത് 2024-25 ലെ രണ്ടാംവിള നെല്ല് സംഭരണം പൂർത്തിയായപ്പോൾ പാലക്കാട് ജില്ലയിൽ 57,358 കർഷകരിൽ നിന്നായി 1,42,209 മെട്രിക് ടൺ സംഭരിച്ചതിന്റെ വിലയായ 402.7 കോടി രൂപയിൽ 78 കോടി രൂപ വിതരണം ചെയ്തു കഴിഞ്ഞു. ഏപ്രിൽ 25 വരെ പി.ആർ.എസ് നൽകിയ കർഷകർക്ക് വായ്പ നൽകാൻ കഴിയുന്ന രീതിയിൽ മുൻകാല വായ്പാ തിരിച്ചടവ് സപ്ലൈകോ കനറാ ബാങ്കിൽ നടത്തിയിട്ടുണ്ട്. കനറാ ബാങ്ക് പി.ആർ.എസ് വായ്പ വിതരണം തുടരുകയാണ്. എസ്.ബി.ഐയുമായുള്ള സപ്ലൈകോയുടെ കരാർ കാലാവധി അവസാനിച്ചിരുന്നു. പലിശ സംബന്ധിച്ച് ധാരണയാകാത്തതിനാലാണ് കരാർ പുതുക്കൽ വൈകിയത്. ഒൻപത് ശതമാനം പലിശയ്ക്ക് പി.ആർ.എസ് വായ്പാ കരാറിൽ ഏർപ്പെടാൻ സമ്മതമാണെന്ന് എസ്.ബി.ഐ അറിയിച്ചിട്ടുണ്ട്. എസ്.ബി.ഐ വഴിയുള്ള വായ്പാ വിതരണം തൊട്ടടുത്ത ദിവസങ്ങളിൽ ആരംഭിക്കും. 2017-18 മുതൽ ഈ വർഷം വരെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് ലഭിക്കേണ്ട 1108 കോടി രൂപയാണ് കേന്ദ്രസർക്കാർ തടഞ്ഞുവച്ചിരിക്കുന്നത്. ഇതുമൂലം ഉള്ള സാമ്പത്തിക പ്രയാസം വില വിതരണത്തിൽ കാലതാമസം ഉണ്ടാക്കുന്നുണ്ടെങ്കിലും സംസ്ഥാന സർക്കാർ കർഷകരെ സഹായിക്കുന്നതിന് പരമാവധി ഇടപെടൽ നടത്തുന്നുണ്ട്. ഈ സാമ്പത്തിക വർഷത്തിൽ സംസ്ഥാന സർക്കാർ പ്രോത്സാഹന ബോണസ് ഇനത്തിൽ 152 കോടി, 184 കോടി രൂപവീതം അനുവദിച്ചതിൽ നിന്ന് ഏപ്രിൽ വരെ സംഭരിച്ച് പി.ആർ.എസ് നൽകിയ കർഷകർക്ക് തുക പൂർണമായും കനറ, എസ്.ബി.ഐ ബാങ്കുകൾ മുഖേന നൽകാൻ കഴിയും.
സംഭരിക്കുന്ന നെല്ല് സംസ്‌കരിച്ച് അരിയാക്കി റേഷൻകട വഴി ഗുണഭോക്താക്കൾ കൈപ്പറ്റിയതിനുശേഷം മാത്രമേ താങ്ങുവിലയിലൂടെയും ക്ലെയിം കേന്ദ്രസർക്കാർ പരിഗണിക്കുകയുള്ളു. ഈ കാലതാമസം കൂടാതെ കർഷകർക്ക് നെൽ വില നൽകുന്നതിനാണ് പി.ആർ.എസ് വായ്പ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി ജി.ആർ.അനിൽ പറഞ്ഞു.
ഒന്നാം വിളയിൽ പാലക്കാട് ജില്ലയിൽ 33,846 കർഷകരിൽ നിന്ന് 74,348 മെട്രിക് നെല്ല് സംഭരിച്ച് 210 കോടി രൂപയുടെ വിതരണവും പൂർത്തിയായി. 2021-22 വർഷം 984 കോടി രൂപയും 2022-23 വർഷം 827.8 കോടി രൂപയും 2023-24 വർഷം 518.62 കോടി രൂപയും സംഭരിച്ച നെല്ലിന്റെ വിലയായി കർഷകർക്ക് വിതരണം ചെയ്തിട്ടുണ്ട്. ഈ ഇനത്തിൽ കുടിശ്ശിക നൽകാനില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |