സ്റ്റോറിൽ നിന്ന് നെയ്യ് ഉൾപ്പെടെ കടത്തിയതായി സംശയം
തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ പാൽ കടത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. നിവേദ്യത്തിനായി മിൽമയിൽ നിന്നെത്തിച്ച പാൽക്കവറുകളാണ് കടത്തിയതെന്നാണ് പുതിയ കണ്ടെത്തൽ.
ഗോശാലയിലെ പാൽ പുറത്തേക്ക് മാറ്റിയിട്ടില്ലെന്നും വിലയിരുത്തുന്നു. അസി.സ്റ്റോർ കീപ്പർ സുനിൽകുമാറിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ശ്രീകോവിലിലെ അഭിഷേകം, പ്രധാന ചടങ്ങുകൾ എന്നിവയ്ക്കാണ് ഗോശാലയിലെ പാൽ ഉപയോഗിക്കുന്നത്. പാൽപ്പായസം, തൈരുസാദം എന്നിവയ്ക്ക് വേണ്ട പാലും തൈരും മിൽമയിൽ നിന്നാണ് വാങ്ങുന്നത്. ഇതിനായി മിൽമ സംസ്‌ക്കരിക്കപ്പെട്ട പാൽ പ്രത്യേകം നൽകും. ഇവ കാനുകളിലാണ് ക്ഷേത്രത്തിലെത്തിക്കുന്നത്. 50 ലിറ്റർ വീതമുള്ള കാനുകൾ ഓരോ ദിവസവും എത്തിക്കും. തിരക്കുള്ള ദിവസങ്ങളിൽ കാനിന് പുറമേ അര ലിറ്റർ കവറുകളിൽ പാൽ വേറെയുമെത്തിക്കും. ഇതാണ് കടത്തിയതെന്നാണ് അന്വേഷണം നടത്തുന്ന ക്ഷേത്ര വിജിലൻസ് അധികൃതരുടെ നിഗമനം. പഞ്ചസാര,തേൻ,നെയ്യ് തുടങ്ങിയവയും ഇത്തരത്തിൽ പുറത്തേക്ക് കടത്തിയതായി സംശയിക്കുന്നു. ഇക്കാര്യവും അന്വേഷിക്കുന്നുണ്ട്. എന്നാൽ പാൽകടത്തൽ സംഭവത്തെ നിസാരവത്കരിക്കാനുള്ള ശ്രമം ഒരുവിഭാഗം ഉദ്യോഗസ്ഥർ നടത്തുന്നതായും ആക്ഷേപമുണ്ട്. സ്വർണ ദണ്ഡ് കാണാതായ സംഭവത്തിലേതുപോലെ പാൽകടത്തിലെ അന്വേഷണവും അട്ടിമറിക്കാനുള്ള ശ്രമമാണെന്നും ഇക്കൂട്ടർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |