മലപ്പുറം: നിലമ്പൂർ നിയമസഭാ മണ്ഡലം യു.ഡി.എഫ് തിരിച്ച് പിടിച്ചതോടെ നിലമ്പൂർ നഗരമെങ്ങും ആഘോഷ ലഹരിയിലായി. അന്തിമഫലം വരും മുമ്പേ വിജയാരവം മുഴങ്ങി. നാടെങ്ങും മധുര വിതരണവും തുടങ്ങി. യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ വീട്ടിലേക്ക് പ്രവർത്തകർ ഒഴുകിയെത്തി. പടക്കവും പൂത്തിരിയും കത്തിച്ച് പ്രവർത്തകർ ആവേശം കൊണ്ടു.
പാർട്ടി ചിഹ്നങ്ങളും പതാകയുമേന്തിയ പ്രവർത്തകർ അലങ്കരിച്ച വാഹനങ്ങളിൽ നിരത്തിലിറങ്ങി. ചെണ്ടമേളവും ബാൻഡ് മേളവും നിരത്തുകളെ ശബ്ദമുഖരിതമാക്കി. പച്ച നിറത്തിലുള്ള തൊപ്പികളും വർണ്ണക്കടലാസുകളും പീപ്പികളും വീഥികളിൽ നിറഞ്ഞു.
തുറന്ന വാഹനത്തിൽ ആര്യാടൻ ഷൗക്കത്തും ജനങ്ങളെ അഭിവാദ്യം ചെയ്യാനെത്തി. ഷാഫി പറമ്പിൽ എം.പി, ഡി.സി.സി പ്രസിഡന്റ് വി.എസ്.ജോയി, വിഷ്ണുനാഥ് എം.എൽ.എ എന്നിവരും വാഹനത്തിൽ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു. നിലമ്പൂർ നഗരത്തിൽ നിന്നാരംഭിച്ച റോഡ് ഷോ ചന്തക്കുന്ന് വരെ നീണ്ടു. ആടിയും പാടിയും ആരവം മുഴക്കിയും പ്രവർത്തകരും നേതാക്കളും കൂടെക്കൂടി. യു.ഡി.എഫ്-മുസ്ലിം ലീഗ് നേതാക്കളും റോഡ് ഷോയിൽ പങ്കെടുത്തു.
യു.ഡി.എഫ് നേതാക്കളായ പി.കെ.ഫിറോസ്, വി.ടി.ബൽറാം, അബിൻ വർക്കി എന്നിവർക്കൊപ്പം രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയും നൃത്തച്ചുവടുകൾ വച്ചതോടെ പ്രവർത്തകരും ആവേശത്തിലായി. ഇതാണ് ന്യൂജെൻ വൈബ് എന്ന് നിലമ്പൂർ ഒന്നടങ്കം പറഞ്ഞ കാഴ്ച. സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെ സജീവമായി വിജയാഘോഷത്തിൽ പങ്കുകൊണ്ടു. മണ്ഡലത്തിന് പുറത്ത് നിന്നുള്ള നിരവധി പേരും വിജയാഘോഷത്തിൽ പങ്കുചേർന്നതോടെ. വലിയ ഗതാഗതക്കരുക്ക് രൂപപ്പെട്ടു. പ്രവർത്തകർ ഡി.സി.സി പ്രസിഡന്റ് വി.എസ്.ജോയിയെ എടുത്തുയർത്തി. ആര്യാടൻ ഷൗക്കത്തിന്റെ പിതൃ സഹോദരൻ നിര്യാതനായതിനെത്തുടർന്ന് വൈകിട്ട് മൂന്നിന് ആഘോഷം അവസാനിപ്പിച്ചു.
ഷൗക്കത്ത് ആദ്യം എത്തിയത് ഉമ്മയുടെ മുറിയിൽ
ഫലം വന്ന ശേഷം ആര്യാടൻ ഹൗസിലെ വീട്ടിലെ മുകളിലെ നിലയിൽ നിന്ന് താഴേക്ക് വന്ന ഷൗക്കത്ത് ആദ്യം പോയത് ഉമ്മയുടെ മുറിയിലേക്കാണ്. അവിടെ മൊബൈലിൽ ഫല പ്രഖ്യാപനം കണ്ടുകൊണ്ടിരിക്കുന്ന ഉമ്മയെ ഷൗക്കത്ത് വാരിപ്പുണർന്നു. സന്തോഷകൊണ്ട് കണ്ണീരണിഞ്ഞ ഷൗക്കത്ത് തന്റെ വിജയം കാണാൻ പിതാവ് ആര്യാടൻ മുഹമ്മദ് ഇല്ലാത്തതിന്റെ വേദനയാണ് പങ്കുവെച്ചത്.
'നിലമ്പൂരിൽ കഴിഞ്ഞ ഒൻപത് വർഷമായി അവഗണനയേറ്റ ജനങ്ങളുടെ വിജയമാണിത്. ഇടത് സർക്കാരിനെതിരെയുള്ള കേരളത്തിലെ മുഴുവൻ ആളുകളുടേയും ജനരോഷം നിലമ്പൂരുകാർ ഏറ്റെടുത്തു. നിലമ്പൂർ യു.ഡി.എഫ് തിരിച്ചുപിടിക്കണമെന്നുള്ളത് പിതാവിന്റെ ആഗ്രഹമായിരുന്നു. ഇത് കേരളത്തിലെ ജനങ്ങളുടെ വിജയമാണ്. പ്രതീക്ഷിച്ച ഭൂരിപക്ഷം ലഭിച്ചു".
- ആര്യാടൻ ഷൗക്കത്ത്, യു.ഡി.എഫ് സ്ഥാനാർത്ഥി
'തോൽവിയുടെ കാരണം പരിശോധിക്കും. ഭരണവിരുദ്ധ വികാരമെന്ന് വിലയിരുത്താനാകില്ല. തിരിച്ചടി നേരിട്ടെങ്കിലും എനിക്ക് ഞാനായി തന്നെ മത്സരിക്കാനായി. ഒരു വർഗീയവാദിയുടെയും പിന്തുണ ഇടതുപക്ഷത്തിന് ആവശ്യമില്ല. അതിന്റെ പേരിൽ എത്ര പരാജയപ്പെട്ടാലും നിലപാട് അതുതന്നെ. തങ്ങൾ ഉയർത്തിപ്പിടിച്ച രാഷ്ട്രീയത്തിന് പിശകുണ്ടെന്ന് വിലയിരുത്തുന്നില്ല. ജനങ്ങളെയും നാടിനെയും ബാധിക്കുന്ന പ്രശ്നങ്ങളാണ് ഉയർത്തിപ്പിടിച്ചത്".
- എം.സ്വരാജ്, എൽ.ഡി.എഫ് സ്ഥാനാർത്ഥി
'നില മെച്ചപ്പെടുത്താൻ സാധിച്ചു. ബി.ജെ.പിക്ക് വോട്ടുകളൊന്നും നഷ്ടപ്പെട്ടിട്ടില്ല. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ അല്പം കാലതാമസം വന്നില്ലായിരുന്നെങ്കിൽ കുറച്ചുകൂടി വോട്ടുകൾ നേടാമായിരുന്നു. യു.ഡി.എഫും എൽ.ഡി.എഫും നേടിയ വിജയം വർഗീയ കക്ഷികളെ കൂട്ടുപിടിച്ചാണ്. നിലമ്പൂരിൽ ബി.ജെ.പി ഇനിയും ശക്തമായി പ്രവർത്തിക്കും".
- മോഹൻ ജോർജ്, എൻ.ഡി.എ സ്ഥാനാർത്ഥി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |