കോഴിക്കോട്: തെരുവുനായകളെ പേടിച്ച് വഴിനടക്കാനാവുന്നില്ല; സ്‌കൂൾ കുട്ടികളടക്കം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 16 പേരെയാണ് ഇന്നലെ നായകടിച്ചത്. നഗരത്തിൽ വിവിധയിടങ്ങളിലായി തെരുവുനായ ആക്രമണത്തിൽ 16 പേർക്ക് പരിക്ക്. ക്രിസ്ത്യൻ കോളേജ്, ഈസ്റ്റ് നടക്കാവ് ബസ് സ്റ്റോപ്പ്, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരം, അത്തോളി എന്നിവിടങ്ങളിലാണ് തെരുവുനായ അക്രമമുണ്ടായത്.
ആഫിയ (20), കണ്ണാടിക്കൽ സ്വദേശിനി ഹിബ (16), അത്തോളി സ്വദേശി സാമിക്കുട്ടി ( 61), ഒളവണ്ണ സ്വദേശി മുഹമ്മദ് ഷഹീം (25), ചെറുകുളം സ്വദേശി ജിഷ്ണു (24), വലിയങ്ങാടി സ്വദേശി പട്ടൻ ബെെസൂക്കൻ കാക്ക (65), കക്കോടി സ്വദേശി പ്രേമൻ (70), നടക്കാവ് സ്വദേശിനി സിയ മെഹർ (13), കുന്ദമംഗലം സ്വദേശിനി അഷിന ഫാത്തിമ (12), നടക്കാവ് സ്വദേശിനി നഹാന (22), കരുവിശ്ശേരി സ്വദേശി ഫർഫീം (21), കുണ്ടുങ്ങൽ സ്വദേശി യാക്കൂബ് (34), മാവൂര്‍ റോഡ് സ്വദേശികളായ ചിത്തിര (26), അമൽ രാജ് (26), പട്ടര്‍പാലം സ്വദേശിനി ഷെയ്ന (47) എന്നിവർക്കാണ് കടിയേറ്റത്. എല്ലാവരും ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. നടക്കാവ് ഗവ. ഗേൾസ് എച്ച്.എസ്.എസിലെ എട്ടും ഒമ്പത് ക്ലാസുകളിലെ വിദ്യാർത്ഥികളായ അഷിന ഫാത്തിമക്കും സിയ മെഹറിനും ഈസ്റ്റ് നടക്കാവ് ബസ് സ്റ്റോപ്പ് പരിസരത്ത് വെച്ചാണ് കടിയേറ്റത്. കഴിഞ്ഞ ദിവസവും മൂന്ന് പേർ തെരുവുനായയുടെ കടിയേറ്റ് ബീച്ചാശുപത്രിയിൽ ചികിത്സ നേടിയതായി ആശുപത്രി ജീവനക്കാർ പറഞ്ഞു.
പൊലീസ് നിർദേശം നൽകി, ടീച്ചർമാരെ കാവൽ നിർത്തി, എന്നിട്ടും രക്ഷയില്ല
നടക്കാവ്, ക്രിസ്ത്യൻ കോളേജ് പരിസരത്ത് തെരുവുനായ്ക്കളുണ്ടെന്ന വിവരം രാവിലെ തന്നെ നടക്കാവ് പൊലീസ് സ്കൂൾ അധികൃതരെ അറിയിച്ചിരുന്നു. അതിനാൽ സ്കൂൾ വിടുന്ന സമയത്ത് ഗേറ്റ് പരിസരത്തുൾപ്പടെ അദ്ധ്യാപകരുമുണ്ടായിരുന്നു.
ഈസ്റ്റ് നടക്കാവ് ബസ് സ്റ്റോപ്പിന് സമീപത്ത് വെച്ചാണ് നടക്കാവ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് കടിയേറ്റത്. ഇവരെ അദ്ധ്യാപകർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുരയ്ക്കുക പോലും ചെയ്യാതെ പിന്നിൽവന്ന് കാലിൽ കടിക്കുകയായിരുന്നു. ചവിട്ടിയപ്പോഴാണ് കാലിൽ നിന്നും വിട്ടതെന്നും അഷിന ഫാത്തിമ പറഞ്ഞു. ഇന്നേ വരെ സ്കൂൾ പരിസരത്ത് തെരുവുനായ്ക്കളുടെ ശല്യം ഉണ്ടായിട്ടില്ലെന്ന് പി.ടി.എ പ്രസിഡന്റ് എൻ. മുനീർ പറഞ്ഞു. നായയെ പിടികൂടാനായി വെെകുന്നേരം മുതൽ ടി.ഡി.ആർ.എഫ് സംഘം സ്ഥലത്തുണ്ടായിരുന്നു.
നായക്ക് പേവിഷബാധ
പയ്യോളി: പയ്യോളി ടൗണിൽ യുവതിയടക്കം നാലോളം പേരെ കടിച്ച തെരുവുനായയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. പയ്യോളി നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ കണ്ണൂരിലെ ജില്ലാ വെറ്ററിനറി സെൻററിൽ പോസ്റ്റ്മോമോർട്ടത്തിനായി അയച്ചിരുന്നു. കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിലായി നാലോളം പേരെയാണ് നായ കടിച്ചത്. രണ്ടിലധികം തെരുവുനായകൾക്കും വളർത്തുമൃഗത്തിനും കടിയേറ്റതായും പറയുന്നുണ്ട്. നാട്ടുകാർ ടി.ഡി.ആർ.എഫ് വളണ്ടിയർമാരുടെ സഹായത്തോടെ പയ്യോളി ബസ് സ്റ്റാൻ്റിന് സമീപത്തു നിന്ന് നായയെ പിടികൂടിയെങ്കിലും ചത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |