നിയന്ത്രണ നടപടികൾ അറിയിക്കണം
കൊച്ചി: മന്ത്രവാദവും ആഭിചാര പ്രവൃത്തികളും സർക്കാർ അംഗീകരിച്ച് നൽകുകയാണോയെന്ന് ഹൈക്കോടതി. ഇവ നിരോധിക്കാനുള്ള നിയമനിർമ്മാണത്തിൽ നിന്ന് പിന്മാറിയതായി സർക്കാർ അറിയിച്ച സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്രിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വാക്കാൽ ഈ ചോദ്യം ഉയർത്തിയത്. ദുരാചാരങ്ങളെ അംഗീകരിച്ച് മുന്നോട്ടുപോകാമെന്നാണോ നിലപാടെന്നും ചോദിച്ചു.
ആഭ്യന്തര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സമർപ്പിച്ച വിശദീകരണം തള്ളിയ കോടതി, ഉയർന്ന ഉദ്യോഗസ്ഥനായ സെക്രട്ടറി തന്നെ വിശദമായ സത്യവാങ്മൂലം സമർപ്പിക്കണമെന്നും നിർദ്ദേശിച്ചു.
മന്ത്രവാദ, ആഭിചാര നിരോധന നിയമനിർമ്മാണത്തിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് കേരള യുക്തവാദി സംഘം സമർപ്പിച്ച ഹർജിയിലാണ് നടപടി. ജൂലായ് 15ന് വീണ്ടും പരിഗണിക്കും. കോടതി നേരത്തേ സർക്കാരിന്റെ മറുപടി തേടിയിരുന്നു. ജസ്റ്റിസ് കെ.ടി. തോമസ് അദ്ധ്യക്ഷനായ നിയമ പരിഷ്കരണ കമ്മിഷന്റെ ശുപാർശ പ്രകാരം, 'കേരള പ്രിവൻഷൻ ആൻഡ് ഇറാഡിക്കേഷൻ ഒഫ് ഇൻഹ്യൂമൻ ഈവിൾ പ്രാക്ടീസസ്, സോർസെറി ആൻഡ് ബ്ലാക് മാജിക് ബിൽ 2022"
ആലോചിച്ചിരുന്നെന്ന് സർക്കാർ വ്യക്തമാക്കി. എന്നാൽ 2023 ജൂലായ് 5ലെ മന്ത്രിസഭാ യോഗം ഇതുമായി മുന്നോട്ടുപോകേണ്ടെന്ന് തീരുമാനിച്ചു.
ഒരു പ്രത്യേക വിഷയത്തിൽ നിയമനിർമ്മാണത്തിന് നിർദ്ദേശിക്കാൻ കോടതികൾക്കാവില്ലെന്നും ഹർജി തള്ളണമെന്നും ഡെപ്യൂട്ടി സെക്രട്ടറി എം. മഞ്ജു സമർപ്പിച്ച സത്യവാങ്മൂലത്തിൽ വിശദീകരിച്ചു.
നിയമ നിർമ്മാണത്തിന് നിർബന്ധിക്കാനാകില്ലെന്ന വാദം ശരിയാണെങ്കിലും ഒരു ഇടപെടലും പാടില്ലെന്ന് അതിനർത്ഥമില്ലെന്ന് കോടതി പറഞ്ഞു. നിയമത്തിന്റെ അഭാവത്തിൽ സർക്കാർ സ്വീകരിക്കുന്ന നിയന്ത്രണ നടപടികൾ എന്താണെന്ന് കോടതി ചോദിച്ചു. സാമൂഹിക പ്രാധാന്യമുള്ള വിഷയത്തിൽ ഇത്തരമൊരു സത്യവാങ്മൂലമല്ല പ്രതീക്ഷിക്കുന്നത്. നിയന്ത്രണ നടപടികൾ വ്യക്തമാക്കി മൂന്നാഴ്ചയ്ക്കകം സെക്രട്ടറി തന്നെ സത്യവാങ്മൂലം സമർപ്പിക്കാനും നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |