ഇന്ന് ലോകത്ത് കൂടുതൽ ഉപയോഗിക്കുന്നത് ഫോസിൽ ഇന്ധനങ്ങളായ പെട്രോളും ഡീസലുമൊക്കെയാണ്. ഇപ്പോൾ ഇവ നമുക്ക് ആവശ്യത്തിനനുസരിച്ച് കിട്ടുന്നുണ്ടെങ്കിലും അധികം വൈകാതെ തന്നെ അവസ്ഥ മാറും. അവയുടെ അളവ് പ്രകൃതിയിൽ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. മാത്രമല്ല ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുമ്പോൾ അന്തരീക്ഷ മലിനീകരണം ഏറെയുണ്ടാകുന്നു. ഇക്കാര്യങ്ങൾ വ്യക്തമായതാണ് വൈദ്യുതി വാഹനങ്ങളിലേക്ക് ജനങ്ങൾ ചുവടുമാറാൻ പ്രധാന കാരണം. വൈദ്യുതിയെക്കാൾ ചെലവുകുറഞ്ഞതും എന്നാൽ അതിനെക്കാൾ മെച്ചപ്പെട്ടതുമായ ഊർജ ശ്രോതസുകൾക്ക് പിന്നാലെയാണ് ലോകം. അതിലൊന്നാണ് ഹൈഡ്രജൻ. ഭാവിയിൽ ലോകത്തിന്റെ ഇന്ധനം ഹൈഡ്രജൻ ആയിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് നന്നായി മനസിലാക്കി ഭാവിയിലെ ഊർജമേഖല കൈപ്പിടിയിലൊതുക്കാനുള്ള ശ്രമത്തിലാണ് ഗൗതം അദാനി.
ഗുജറാത്തിലെ കച്ചിൽ ഇന്ത്യയിലെ ആദ്യത്തെ ഓഫ് ഗ്രിഡ് ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് അദാനി ന്യൂ ഇൻഡസ്ട്രീസ് ലിമിറ്റഡ് കമ്മീഷൻ ചെയ്തുകഴിഞ്ഞു. അഞ്ച് മെഗാവാട്ടാണ് ഇതിന്റെ ശേഷി. ശുദ്ധ ഊർജത്തിലേക്കുളള (ക്ലീൻ എനർജി) രാജ്യത്തിന്റെ സുപ്രധാന ചുവടുവയ്പ്പായാണ് ഇതിനെ കണക്കാക്കുന്നത്. പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്നു എന്നതിനൊപ്പം ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റവുമായി സംയോജിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ലോകത്തിനുതന്നെ ഒരു പുതിയ മാതൃക എന്നാണ് ഈ പ്ലാന്റിന് നൽകിയിരിക്കുന്ന മറ്റൊരു വിശേഷണം.
മലിനീകരണം ഇല്ലേയില്ല
അല്പംപോലും മലിനീകരണം ഉണ്ടാക്കുന്നില്ല എന്നത് ഭാവിയിലെ ഊർജം എന്നറിയപ്പെടുന്ന ഹൈഡ്രജന് ലഭിക്കുന്ന ബോണസ് മാർക്കാണ്. കാർബൺ ബഹിർഗമനം അല്പംപോലും ഉണ്ടാകുന്നില്ല. ഗ്രീൻ ഹൈഡ്രജൻ ഉപയോഗിക്കുമ്പോൾ ജലബാഷ്പം മാത്രമാണ് പുറത്തുവിടുന്നത്. പരിസ്ഥിതിയെ ഒട്ടും മലിനമാക്കുന്നില്ല എന്നർത്ഥം. ഇതിനൊപ്പംതന്നെ ഇന്ധന ഇറക്കുമതി കുറയ്ക്കുന്നതിലൂടെ രാജ്യത്തിന് കോടിക്കണക്കിന് രൂപയുടെ ലാഭമുണ്ടാക്കാം. മാത്രമല്ല ഊർജ സ്വയം പര്യാപ്തത കൈവരിക്കാനും രാജ്യത്തിനാവും. കേന്ദ്രസർക്കാരിന്റെ നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷനുമായി എല്ലാത്തരത്തിലും ഒത്തുപാേകുന്നതാണ് അദാനിയുടെ പ്ലാന്റ്.
ലക്ഷ്യം മറ്റൊന്ന്
ഒരു പക്കാ ബിസിനസുകാരനായ അദാനിക്ക് പ്ലാന്റ് സ്ഥാപിച്ചതിനുപിന്നിൽ വൻ ലക്ഷ്യങ്ങളാണ് ഉള്ളതെന്നാണ് വിലയിരുത്തുന്നത്. പ്രധാന ലക്ഷ്യം കയറ്റുമതിതന്നെയായിരിക്കും. ഇപ്പോൾ അഞ്ച് മെഗാവാട്ട് മാത്രമാണ് പ്ലാന്റിന്റെ ശേഷിയെങ്കിലും അധികം വൈകാതെ തന്നെ ഇതിന്റെ ശേഷി കൂട്ടാനുള്ള നീക്കങ്ങൾ ഉണ്ടാവും. രാജ്യത്തിന്റെ ആവശ്യം നിറവേറ്റുന്നതിനൊപ്പം 2030 ഓടെ ഗ്രീൻ ഹൈഡ്രജന്റെ പ്രധാന കയറ്റുമതിക്കാരായി അദാനിഗ്രൂപ്പ് മാറും. ഈ ലക്ഷ്യം ഇപ്പോൾ തന്നെ രാജ്യം മുന്നോട്ടുവയ്ക്കുന്നുണ്ട്. അത് അദാനിക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കും. ഇപ്പോൾത്തന്നെ കടലും ആകാശവും അദാനിയുടെ കൈപ്പിടിയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |