ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ ധനസഹായം നിഷേധിക്കുന്നതിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി കേരളം. പദ്ധതിയിൽ ചേരില്ലെന്നും കോടതിയെ സമീപിക്കുന്നുവെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇതുസംബന്ധിച്ച് വിദ്യാർത്ഥി സംഘടനകളുമായി തിരുവനന്തപുരത്ത് ചർച്ച നടത്തി. എസ്‌എഫ്‌ഐ, കെഎസ്‌യു, എംഎസ്‌എഫ് അടക്കമുള്ള സംഘടനകൾ സംസ്ഥാന സർക്കാരിന്റെ നിലപാടിന് പിന്തുണയറിയിച്ചു. അതേസമയം, എബിവിപി നേതാക്കൾ ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോയി.
പിഎം ശ്രീയിൽ ചേരേണ്ട എന്നാണ് എബിവിപി ഒഴികെയുള്ള എല്ലാ സംഘടനകളുടെയും നിലപാടെന്ന് യോഗശേഷം വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. ദേശീയ വിദ്യാഭ്യാസ നയത്തിൽ കേരളം പങ്കുചേരില്ല. കേരളത്തിന് അർഹമായ ഫണ്ട് തടഞ്ഞുവച്ചിരിക്കുകയാണ്. പ്രഖ്യാപനം നടത്തിയതിനുശേഷം സമരം ചെയ്യാൻ എബിവിപിക്കാരോട് പറഞ്ഞിട്ടുണ്ട്. നാലോ അഞ്ചോ പേര് ചെടിമറവിൽ നിന്ന് ചാടിവീണ് അപകടം ഉണ്ടാക്കരുതെന്നും അവരോട് ഉപദേശിച്ചു.
കേന്ദ്രം ഫണ്ട് തടഞ്ഞാൽ പ്രയാസമാകും. അടിയന്തരാവസ്ഥയും കുട്ടികളെ പഠിപ്പിക്കണം എന്ന് ഗവർണർ പറഞ്ഞത് സ്വാഗതം ചെയ്യുന്നു. പി എം ശ്രീക്കെതിരെ കോടതിയെ സമീപിക്കും. 1444.44 കോടി രൂപ കേന്ദ്രഫണ്ട് ലഭിക്കാനുണ്ട്. ഇതിൽ പിഎം ശ്രീ ഫണ്ട് ഒഴിവാക്കിയുള്ള തുക കേന്ദ്രം നൽകണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. 1200 കോടി രൂപയോളമാണ് സംസ്ഥാനത്തിന് കിട്ടാനുള്ളത്. ഫണ്ട് തരില്ലെന്നാണ് കേന്ദ്രം പറയുന്നത്. രേഖാമൂലം അക്കാര്യം അറിയിക്കണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ എഴുതിത്തരില്ല എന്നാണ് കേന്ദ്രമന്ത്രി പറഞ്ഞതെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |