കോഴിക്കോട്: സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസപദ്ധതി ശക്തിപ്പെടുത്തുമെന്നും സവിശേഷ വിദ്യാലയങ്ങൾക്കുള്ള പരിഷ്‌കരിച്ച പാഠപുസ്തകങ്ങൾ വിതരണത്തിന് തയ്യാറായെന്നും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. അടുത്ത വർഷം മുതൽ പരിഷ്‌കരിച്ച ഹയർസെക്കൻഡറി പാഠപുസ്തകങ്ങൾ കുട്ടികളുടെ കൈകളിലെത്തിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സമഗ്രഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് അക്കാഡമിക മോണിറ്ററിംഗ് ശക്തമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ അഞ്ചു മുതൽ ഒമ്പതു വരെ ക്ലാസുകളിൽ എഴുത്തുപരീക്ഷകൾക്ക് വിഷയാടിസ്ഥാനത്തിൽ 30 ശതമാനം മാർക്ക് നിർബന്ധമാകും. കുട്ടികളെ നിരന്തരമായി വിലയിരുത്തുകയും പഠനനില ടീച്ചറോടൊപ്പം കുട്ടിയും രക്ഷിതാവും അറിയുന്ന അവസ്ഥയുമുണ്ടാക്കും. ജൂലായ് 15നകം പ്രഥമാദ്ധ്യാപകർക്കുള്ള പരിശീലനം പൂർത്തിയാക്കും. എല്ലാ അദ്ധ്യാപകരെയും പങ്കെടുപ്പിച്ച് 19ന് ക്ലസ്റ്റർ പരിശീലനവും നൽകും. ഈ വർഷം മുതൽ സവിശേഷ ബധിര വിദ്യാലയങ്ങളിലെ കുട്ടികൾക്കായി പ്രത്യേക പാഠപുസ്തകങ്ങളാണ് എസ്.സി.ഇ.ആർ.ടിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയത്. 30ന് തിരുവനന്തപുരത്തെ ജഗതി ബധിര വിദ്യാലയത്തിൽ പുസ്തകങ്ങളുടെ പ്രകാശനവും വിതരണവും നടക്കും.
ഹയർ സെക്കൻഡറി മേഖലാതല അദാലത്തുകൾ 25, 28 തിയതികളിലായി നടക്കും. ദക്ഷിണമേഖലാ ഫയൽ അദാലത്ത് 25 ന് തൈക്കാട് മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലും ഉത്തരമേഖല അദാലത്ത് 28ന് കോഴിക്കോട് നടക്കാവ് സ്‌കൂളിലും നടക്കും. ദക്ഷിണമേഖലാ അദാലത്തിൽ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളും ഉത്തരമേഖലാ അദാലത്തിൽ തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിലുള്ളവരും പങ്കെടുക്കും. നിയമന അംഗീകാരം അടക്കമുള്ള കുടിശിക ഫയലുകളുടെ പരിശോധനയും തീർപ്പാക്കലുമാണ് ലക്ഷ്യം. 2024 ഡിസംബർ 31 വരെയുള്ള ഫയലുകൾ പരിഗണിക്കും. പ്ലസ് വൺ സീറ്റുകളിലെ കുറവുപരിഹരിക്കാൻ ഈ വർഷത്തെയും കഴിഞ്ഞ വർഷത്തെയും പ്രവേശനത്തെക്കുറിച്ച് പഠനം നടത്തി ഓരോ വിഷയത്തിന്റെയും ആവശ്യം പരിഗണിച്ച് പുന:ക്രമീകരണം നടത്തുമെന്നും ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |