SignIn
Kerala Kaumudi Online
Monday, 07 July 2025 1.04 AM IST

ജീവിതപരീക്ഷ ജയിക്കാൻ പുതിയ സ്കൂൾ പാഠങ്ങൾ

Increase Font Size Decrease Font Size Print Page
sas

ജീവിതത്തിലും മത്സരപ്പരീക്ഷകളിലും ചുവടുറപ്പിക്കാൻ ഇളംതലമുറയ്ക്കായി കരുത്തുള്ള പ്രതലമൊരുക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. മൂല്യനിർണയം, കലാ-തൊഴിൽ വിദ്യാഭ്യാസം... അദ്ധ്യാപകർക്കും രക്ഷിതാവിനുമായി എഴുതിച്ചേർത്ത പുതിയ അദ്ധ്യായങ്ങൾ... ഉടച്ചുവാർക്കലിന്റെ ഘട്ടങ്ങളെക്കുറിച്ച് എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ആർ.കെ. ജയപ്രകാശ് 'കേരളകൗമുദി"യോട് സംസാരിക്കുന്നു.

?​ പാഠ്യപദ്ധതി പരിഷ്‌കരണത്തിലൂടെ പ്രകടമാകുന്ന മാറ്റങ്ങൾ...

അനുഭവത്തിലൂടെ പഠിക്കുന്ന ശിശുകേന്ദ്രീകൃത സമീപനത്തിൽ മാറ്റമില്ല. 21-ാം നൂറ്റാണ്ടിന്റെ ശേഷികളായ ക്രിയേറ്റിവിറ്റി, ക്രിട്ടിക്കൽ തിങ്കിംഗ്, കമ്മ്യൂണിക്കേഷൻ, കൊളാബ്രേറ്റീവ് ലേണിംഗ് സ്കില്ലുകൾ ആർജ്ജിക്കുന്ന തരത്തിലാണ് പരിഷ്കരണം. ഒന്നാംക്ളാസിലും രണ്ടാംക്ലാസിലും അക്ഷരം ഉറയ്ക്കാനായി എല്ലാ വിഷയത്തിനും പ്രവർത്തനപുസ്തകം ഉൾപ്പെടുത്തി. കേരളത്തിൽ കലോത്സവങ്ങളേയുള്ളൂ, കലാപഠനമില്ലായിരുന്നു. ഇതിന് മാറ്റം വരികയാണ്. നാടകം,​ചിത്രരചന,​ നൃത്തം,​ സംഗീതം,​ സിനിമ ഇവയ്ക്കെല്ലാം പ്രാധാന്യം നൽകി കലാപഠന പുസ്തകങ്ങൾ തയ്യാറാക്കി. ഇവയ്ക്ക് ഡിജിറ്റൽരൂപം കൂടിയാകുമ്പോൾ പഠനം സുഗമമാകും. തൊഴിൽപഠനം പാഠ്യപദ്ധതിയുടെ ഭാഗമായതോടെ സ്കൂൾകാലത്ത് തൊഴിലഭിരുചി തിരിച്ചറിയാം. ഇതിലൂടെ ഉന്നതവിദ്യാഭ്യാസത്തിന്റെ അടിത്തറ ഉറയ്ക്കും.

അഞ്ചാംക്ളാസിലും ആറിലും തൊഴിൽപഠനത്തിന് പുസ്തകം നൽകിയിട്ടുണ്ട്. ഒൻപതിലും പത്തിലും തൊഴിൽപഠനം കുറേക്കൂടി വൈവിദ്ധ്യത്തോടെ അവതരിപ്പിച്ചു. വിനോദസഞ്ചാരം, സിനിമ ആൻഡ് മീഡിയ, പ്ളംബിംഗ്, മാലിന്യനിർമ്മാർജ്ജനം, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, കൃഷി, പാഴ്‌വസ്തുപരിപാലനം, കരകൗശലം, ഭക്ഷ്യവ്യവസായം, ഫാഷൻ ഡിസൈനിംഗ്, അച്ചടി, സാമ്പത്തിക സാക്ഷരത എന്നിവ ഉൾപ്പെടുന്നതാണ് തൊഴിൽപഠനം.

?​ മാറ്റങ്ങൾക്ക് വേഗമേറിയ കാലത്ത് പരിഷ്‌കരണം എങ്ങനെ.

ടെക്നോളജി വലിയ ചലനങ്ങളുണ്ടാക്കുകയും കുട്ടികൾ അപ്‌ഡേറ്റഡ് ആവുകയും ചെയ്യുന്നതിനാൽ പത്തുവർഷത്തേക്ക് ഒരേ പുസ്തകം മതിയാകില്ല. ഇവോൾവിംഗ് ടെക്സ്റ്റ് രീതിയിലാണ് പരിഷ്കരണം. പാഠപുസ്തകം മുഴുവനായി മാറ്റുകയല്ല, വർഷംതോറും ആവശ്യമായ അപ്‌ഡേഷനുകൾ വരുത്തുകയാണ്.

?​ രക്ഷിതാക്കൾക്കായി ഹാൻഡ്ബുക്കുകൾ നൽകിയല്ലോ.

കുട്ടിയിൽ പരമാവധി വിവരങ്ങൾ കുത്തിനിറയ്ക്കണമെന്ന കാഴ്ചപ്പാട് മാറണം. പുരോഗമന സമൂഹങ്ങളിലെല്ലാം കുട്ടികളുടെ മാനസികോല്ലാസത്തിനും വിനോദത്തിനും പ്രാധാന്യമുണ്ട്. പ്രീപ്രൈമറി കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ഹാൻഡ്ബുക്കിൽ കുട്ടിയുടെ ഭക്ഷണം, ഉറക്കം, വാക്സിനേഷൻ അടക്കം പറയുന്നുണ്ട്. പ്രൈമറി, യു.പി കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ഹാൻഡ് ബുക്കിലും പോസിറ്റീവ് പാരന്റിംഗ് പാഠങ്ങളുണ്ട്. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ഹാൻഡ്ബുക്കിൽ അഡൊളസന്റ് പീരിയഡും കരിയർ ഗൈഡൻസും പ്രതിപാദിക്കുന്നു.

?​ ഓർമ്മശക്തി അളന്നല്ലേ ഇപ്പോഴും കുട്ടിയെ വിലയിരുത്തുന്നത്.

ഓർമ്മശക്തി ഒരു സ്‌കില്ലാണ്. കഴിവ് നിർണയിക്കുന്നത് ഓർമ്മശക്തി മാത്രമല്ല. ഏതു സാഹചര്യത്തിലും പിടിച്ചുനിൽക്കാനും ജീവിക്കാനുമുള്ള ശേഷിയാണ് ആധുനിക വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം.


?​ ഇതിനായി ചോദ്യപേപ്പർ പരിഷ്‌കരിച്ചിട്ടുണ്ടോ.

ഇക്കാര്യത്തിൽ എസ്.സി.ഇ.ആർ.ടി വിശദപഠനം നടത്തി. സ്റ്റേറ്റ് അച്ചീവ്‌മെന്റ് സർവേയിൽ ലാംഗ്വേജ്, മാത്തമാറ്റിക്സ്, സോഷ്യൽ സയൻസ് എന്നിവയിൽ കുട്ടികൾ പിന്നാക്കം പോകുന്നതായി കണ്ടെത്തി. മൂല്യനിർണയത്തെക്കുറിച്ചുള്ള പഠനത്തിൽ നമ്മുടെ അഞ്ചുവർഷത്തെ ചോദ്യപേപ്പറും,​ പുറത്തുനിന്ന് പത്ത് ബോർഡുകളുടെ ചോദ്യപേപ്പറും തമ്മിൽ താരതമ്യപ്പെടുത്തി. 10,12 ക്ളാസുകളിലെ കഴിഞ്ഞ രണ്ടുവർഷത്തെ ഉത്തരക്കടലാസുകളും വിലയിരുത്തി. കണ്ണ് തുറപ്പിച്ച ഒരുദാഹരണം പറയാം. ഉപന്യാസത്തിന് അഞ്ച് പോയിന്റെഴുതിയാൽ അദ്ധ്യാപകർ ഫുൾമാർക്ക് നൽകും. ചോദ്യത്തിന്റെ ഉദ്ദേശ്യം കുട്ടിക്ക് വിഷയത്തിലുള്ള അറിവ്,​ എഴുതാനും വിശകലനം ചെയ്യാനുമുള്ള കഴിവ് എന്നിവയുടെ വിലയിരുത്തലാണ്. നി‌ർഭാഗ്യവശാൽ ഇത് പരിശോധിക്കപ്പെടുന്നില്ല.

മൂല്യനിർണയ പരിഷ്കരണത്തിനായി വിദ്യാഭ്യാസവകുപ്പ് കഴിഞ്ഞവർഷം സംഘടിപ്പിച്ച കോൺക്ലേവിനെ തുടർന്നാണ് എട്ടാംക്ലാസിൽ 30 ശതമാനം മിനിമംമാർക്ക് ഏർപ്പെടുത്തിയത്. ഈവർഷം എല്ലാ ക്ലാസുകളിലെയും ചോദ്യപേപ്പർ പരിഷ്‌കരിക്കും. അദ്ധ്യയന വർഷത്തിന്റെ തുടക്കത്തിൽ മോഡൽ ചോദ്യപേപ്പർ നൽകും. ഇക്കഴിഞ്ഞ പരീക്ഷയിൽ 10 ലും 12ലും ചോദ്യപേപ്പറിൽ ചെറിയ മാറ്റം വരുത്തിയിരുന്നു. എൽ.എസ്.എസ്, യു.എസ്.എസ് ചോദ്യപേപ്പറുകളിൽ ഓർമ്മശക്തി അളക്കുന്നതിനു പകരം ഇനിമുതൽ ചിന്താശേഷി അളക്കുന്ന തരത്തിൽ ചോദ്യങ്ങളുടെ നിലവാരം ഉയർത്തും.


?​ ഹയർ സെക്കൻഡറി പാഠപുസ്തക പരിഷ്‌കരണം എങ്ങനെയാവും.

കുറേക്കാലമായി ഒരേ പാറ്റേണിലായിരുന്ന ഹയർസെക്കൻ‌ഡറി പാഠപുസ്തകങ്ങൾ മാറുകയാണ്. എസ്.സി.ഇ.ആർ.ടി തയ്യാറാക്കുന്ന 80 ടൈറ്റിലാണ് പരിഷ്‌കരിക്കുന്നത്. 44 ടൈറ്റിൽ എൻ.സി.ഇ.ആർ.ടിയുടേതാണ്.

?​ പൊതുവിദ്യാലയങ്ങളിലെ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ കുട്ടിയുടെ ഭാഷാശേഷി വികസിപ്പിക്കുന്നുണ്ടോ.

ഇംഗ്ലീഷ് മീഡിയം പാഠഭാഗങ്ങൾ മലയാളത്തിൽ പഠിപ്പിക്കുന്നത് പഠനനിലവാരത്തെ ബാധിക്കും. ഇതിന്റെ ഗൗരവം ഉൾക്കൊണ്ടേ മതിയാകൂ. ടീച്ചർ പരിശീലനം നേടിയത് മലയാളത്തിലാണ്,​ പി.എസ്‌.സി പോസ്റ്റ് ചെയ്യുന്നതും മലയാളം മീഡിയത്തിലേക്കാണ്. മലയാളത്തിൽ പരിശീലനം നേടിയ അദ്ധ്യാപകരോട് ഇംഗ്ലീഷിൽ ക്ലാസെടുക്കാൻ പറഞ്ഞാൽ എന്തു ചെയ്യും? കുട്ടി വിശ്വമാനവികനായി വളരേണ്ട കാലത്ത് ഇംഗ്ലീഷിനെ തള്ളി ജീവിക്കാനാവില്ല. ഇംഗ്ലീഷ് മീഡിയത്തിൽ പഠിപ്പിക്കാൻ അദ്ധ്യാപകർക്ക് പ്രത്യേകപരിശീലനം നൽകണം.

?​ അദ്ധ്യാപക- വിദ്യാഭ്യാസ മേഖല അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്നം.

ടീച്ചിംഗ് പ്രൊഫഷണലിസത്തിന്റെ അഭാവം. അദ്ധ്യാപകർക്ക് ഇൻ സർവീസ് പരിശീലനത്തിന് സർക്കാർ ഒരു നയമുണ്ടാക്കണമെന്നാണ് ഞങ്ങളാഗ്രഹിക്കുന്നത്. ഒരുവർഷത്തെ അദ്ധ്യാപക പരിശീലനത്തിന് 28 കോടിയാണ് ചെലവ്. സർക്കാർ വിളിച്ചതുകൊണ്ട് പരിശീലനത്തിനു പോകുന്നു എന്നാണ് വലിയൊരു വിഭാഗം അദ്ധ്യാപകരുടെ മനോഭാവം. ഇതിന്റെയെല്ലാം പ്രാധാന്യം തിരിച്ചറിയുന്ന അദ്ധ്യാപകരുമുണ്ട്. എല്ലാ അദ്ധ്യാപർക്കും വർഷംതോറും പരിശീലനം എന്ന രീതി മാറ്റി,​ ഒരുവർഷം ഒരു വിഭാഗത്തിന് എന്ന രീതി ആലോചിക്കാവുന്നതാണ്. എൽ.പി -യുപി ഹൈസ്‌കൂൾ വിഭാഗങ്ങൾക്ക് ഇടവിട്ടുള്ള വർഷങ്ങളിൽ പരിശീലനം നൽകുമ്പോൾ പരിശീലകരെ ലഭിക്കാനും പ്രയാസമുണ്ടാവില്ല. ക്ലസ്റ്റർ പരിശീലനം പതിവുപോലെ നടക്കട്ടെ.

?​ പരിശീലനം ലഭിച്ച അദ്ധ്യാപകരെ തുടർന്ന് വിലയിരുത്താറുണ്ടോ.

വിലയിരുത്തുന്നുണ്ട്. ഫീഡ്ബാക്ക് അത്ര നല്ലതല്ല. അൻപത് വയസുള്ളയാൾക്കും പുതുതായി സർവീസിലെത്തിയ ആൾക്കും ഒരേ പരിശീലനം ഗുണകരമാവില്ല. സർവീസും പ്രായവും പരിഗണിച്ചാവണം പരിശീലനം. പ്രൊഫഷണലിസത്തിന് സമഗ്രമായ പോളിസി വേണം. കുട്ടികളെ മനഃശാസ്ത്രപരമായി കൈകാര്യം ചെയ്യാനും പരിശീലിപ്പിക്കണം.

?​ ഇംഗ്ളീഷ് മീഡിയം സ്കൂളുകൾ പൊതുവിദ്യാലയങ്ങൾക്ക് ഭീഷണിയാണോ.

മറ്റേതെങ്കിലും ബോർഡിനെതിരെ ക്യാംപെയിൻ നടത്തിയതുകൊണ്ട് പൊതുവിദ്യാഭ്യാസ രംഗത്തെ മെച്ചപ്പെടുത്താനാവില്ല. കുട്ടിക്ക് മികച്ച വിദ്യാഭ്യാസം നൽകാനാണ് രക്ഷിതാവ് ആഗ്രഹിക്കുന്നത്. രക്ഷിതാവിന്റെ വിശ്വാസം ആർജ്ജിക്കാനാവണം. ഒരു വിദ്യാലയത്തിലെ 50 കുട്ടികൾ ഏറ്റവും മികച്ചവരായി പുറത്തെത്തുമ്പോൾ അടുത്ത വർഷം എണ്ണം 100 ആകും. നിലവാരമില്ലെങ്കിൽ പിറ്റേവർഷം 40 ആയി കുറയും. പ്രൈമറി തലത്തിൽ കേരളത്തിലെ അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം ഫിൻലൻഡിൽപ്പോലും ഉണ്ടാവില്ല. അപ്പോൾ ഗുണനിലവാരം മെച്ചപ്പെടുത്താൻ തടസമെന്താണ്?​ ഇതിന് ഉത്തരം നൽകാനായാൽ പഠനം മാറും.

TAGS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.