കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിലെ നാല് ആരാധനാ പൂജകൾ പൂർത്തിയായതിന് ശേഷം തിരുവാതിര, പുണർതം, ആയില്യം, അത്തം എന്നീ നാളുകളിൽ നാല് ചതുശ്ശതം വലിയ വട്ടളം പായസവും കൊട്ടിയൂരിൽ നടത്താറുണ്ട്. ആദ്യ വലിയ വട്ടളം പായസം തിരുവാതിര ചതുശ്ശതം ഇന്ന് പെരുമാൾക്ക് നിവേദിക്കും.
ഉത്സവത്തിന്റെ ഭാഗമായുള്ള തൃക്കൂർ അരിയളവും ഇന്ന് നടക്കും.കോട്ടയം സ്വരൂപത്തിലെയും പാരമ്പര്യ ഊരാളന്മാരുടെ തറവാടുകളിലെയും ഏഴില്ലക്കാരായ തറവാടുകളിലെയും സ്ത്രീകൾ വൈശാഖ മഹോത്സവത്തിനെത്തുമ്പോൾ തൃക്കൂർ അരിയളവ് കഴിഞ്ഞാണ് മടങ്ങുക. അമ്മ രാജയ്ക്ക് ഇന്ന് ഉച്ചപൂജയ്ക്ക് ഒടുവിൽ ശ്രീകോവിലിനുള്ളിൽ വച്ച് സ്വർണ തളികയിൽ അരി അളന്നു നൽകും. രാത്രിയിലാണ് മറ്റ് തറവാടുകളിലെ സ്ത്രീകൾക്ക് അരിയളവ് നടത്തുക.ഈ ചടങ്ങ് കഴിഞ്ഞാൽ ആ തറവാടുകളിലെ സ്ത്രീകൾ പിന്നീട് ഈ വർഷം ദർശനം നടത്താൻ പാടില്ല എന്നാണ് ആചാരം.നാളെ പുണർതം ചതുശ്ശതം വലിയ വട്ടളം പായസം പെരുമാൾക്ക് നിവേദിക്കും.30 ന് മകം നാളിലെ ഉച്ചശീവേലിക്ക് ശേഷം സ്ത്രീകളും ഗജവീരന്മാരും വിശേഷ വാദ്യങ്ങളും അക്കരെ കൊട്ടിയൂരിൽ നിന്നും പിൻവാങ്ങും.ജൂലായ് 4ന് തൃക്കലശാട്ടോടെ വൈശാഖ മഹോത്സവം സമാപിക്കും.
മണിക്കൂറുകൾ നീണ്ട ക്യൂ
വൈശാഖ മഹോത്സവം സമാപിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ അക്കരെ കൊട്ടിയൂരിൽ ഇന്നലെയും വൻ ഭക്തജനപ്രവാഹമാണ് അനുഭവപ്പെട്ടത്.അക്കരെ സന്നിധിയിൽ മണിക്കൂറുകളോളം ക്യൂ നിന്നാണ് ഭക്തർ പെരുമാളെ തൊഴുത് മടങ്ങിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും ഭക്തജനങ്ങൾ ഇന്നലെയും കൊട്ടിയൂരിലേക്ക് ഒഴുകിയെത്തി. ശനി, ഞായർ ദിവസങ്ങളിലാണ് സാധാരണയായി മുൻ വർഷങ്ങളിൽ തിരക്കനുഭവപ്പെട്ടതെങ്കിൽ ഇത്തവണ പ്രവൃത്തി ദിവസങ്ങളിലും രാവിലെ മുതൽ രാത്രി വരെ നിലയ്ക്കാത്ത ഭക്തജനത്തിരക്കാണ് ഉണ്ടാകുന്നത്.
വലിയ വട്ടളം പായസനിവേദ്യം
അരി, നാളികേരം, നെയ്യ്, ശർക്കര, വെള്ളം എന്നിവയുടെ രഹസ്യ കൂട്ടാണ് ചതുശ്ശതം വലിയ വട്ടളം പായസത്തിന്റെ പ്രത്യേകത. തിരുവാതിര നാളിലെ ചതുശ്ശത പായസം കരിമ്പനക്കൽ ചാത്തോത്ത് തറവാട്ടു വകയാണ്.പുണർതം നാളിലെ പായസ നിവേദ്യം കോട്ടയം കിഴക്കേ കോവിലകം വകയും, ആയില്യം നാളിലേത് പൊൻമലേരി കോറോം തറവാടിൻ്റെതുമാണ്. അത്തം നാളിലെ പായസ നിവേദ്യം ദേവസ്വം വകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |