മാള: വിദ്യാർത്ഥികളുടെ എണ്ണം കണക്കാക്കുന്നതിനായി ആധാർ നിർബന്ധമാക്കിയ സർക്കാരിന്റെ തീരുമാനത്തെ ചോദ്യംചെയ്ത ആലത്തൂർ സെന്റ് ആന്റണീസ് എൽ.പി. സ്‌കൂൾ മാനേജർക്ക് ഹൈക്കോടതിയിൽ തിരിച്ചടി. ആധാർ ഇല്ലാത്തതിനാൽ ഒന്നാം ക്ലാസ് ഇല്ലാതെയാവാനും അദ്ധ്യാപക തസ്തിക നഷ്ടപ്പെടുവാനുള്ള സാധ്യത കൂടുകയും ചെയ്ത സാഹചര്യത്തിലാണ് മാനേജർ ആന്റണി ഡേവിസ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ഡി.കെ. സിംഗ് അദ്ധ്യക്ഷനായ ബെഞ്ച് ഹർജി തള്ളി. കുട്ടികളുടെ കൃത്യമായ വിവരങ്ങൾ ഉറപ്പാക്കാനും പ്രവേശന തട്ടിപ്പുകൾ ഒഴിവാക്കാനുമാണ് ആധാർ നിർബന്ധമാക്കിയതെന്ന് കോടതി നിരീക്ഷിച്ചു. അദ്ധ്യാപക തസ്തിക നിർണയത്തിൽ ആധാർ നിർബന്ധമാക്കുന്നതിൽ തെറ്റില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മാനേജർ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാനുള്ള നീക്കത്തിലാണ്. ജനന സർട്ടിഫിക്കറ്റുകൾ ഭരണഘടനാപരമായ വിദ്യാഭ്യാസ അവകാശം സംരക്ഷിക്കുന്നതിനുള്ള നിയമ രേഖയായി അംഗീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |