കഴിഞ്ഞ ദിവസം അന്തരിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ദിലീപ് ദോഷിയെ ക്രിക്കറ്റ് ചരിത്രകാരനായ പ്രൊഫ. എം.സി.വസിഷ്ഠ് അനുസ്മരിക്കുന്നു
ദിലീപ് ദോഷി എന്ന ഇന്ത്യയുടെ സ്പിൻ ബൗളർ കാലയവനികക്കുള്ളിൽ മറയുമ്പോൾ ഈ ലേഖകൻ ഉൾപ്പെട്ട ഒരു തലമുറയിലെ ക്രിക്കറ്റ് പ്രേമികളുടെ ഓർമ്മകൾ ദശകങ്ങൾക്കപ്പുറം സഞ്ചരിക്കുകയാണ്.
1980 ജനുവരി 20. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അഞ്ചാം ടെസ്റ്റ് മദ്രാസിൽ നടക്കുന്നു. ടെസ്റ്റിന്റെ നാലാം ദിവസം പാകിസ്ഥാന്റെ എക്കാലത്തെയും മികച്ച താരം ഇമ്രാൻ ഖാൻ ക്രീസിൽ. ഇമ്രാനെതിരെ ബൗൾ ചെയ്യുന്നത് കപിൽദേവ്. കപിൽദേവിന്റെ പന്ത് ഇമ്രാൻ ഖാൻ ഹൂക്ക് ചെയ്തു. ഏറെ നേരം വായുവിലുയർന്ന പന്ത് ലക്ഷ്യമാക്കി വന്നത് ദിലീപ് ദോഷിയുടെ അടുത്തേക്ക്. എല്ലാവരും വിചാരിച്ചു ദോഷി ആ ക്യാച്ച് വിടുമെന്ന്. എന്നാൽ ദോഷി സുന്ദരമായി ആ ക്യാച്ച് തന്റെ കൈപ്പിടിയിൽ ഒതുക്കി. ഇമ്രാൻ ഖാൻ പുറത്ത്. ഇതോടെ ഇന്ത്യക്ക് ടെസ്റ്റ് വിജയം എളുപ്പമായിത്തീർന്നു.
1979 മുതൽ 1983 വരെ നാലു വർഷം മാത്രമേ ദോഷിയുടെ അന്താരാഷ്ട്ര ക്രിക്കറ്റ് ജീവിതം നീണ്ടുനിന്നുള്ളൂ.
1979 ലോകകപ്പോടെ ഇന്ത്യൻ ക്രിക്കറ്റിലെ സുവർണ സ്പിൻ യുഗത്തിന് വിരാമമായി. ബേദി, ചന്ദ്രശേഖർ, പ്രസന്ന, വെങ്കട്ടരാഘവൻ എന്നിവർ നയിച്ച സ്പിൻ ബൗളിംഗ് നിരയുടെ അവസാനം കണ്ടത് 1979 ലാണ്. ഈ അവസരത്തിൽ ഇന്ത്യക്ക് മികച്ച, പരിചയസമ്പന്നനായ ഒരു സ്പിൻ ബൗളർ ഇല്ലായിരുന്നു. 1979 ൽ ആറു ടെസ്റ്റുകളുള്ള പരമ്പരക്കായി ആസ്ട്രേലിയ ഇന്ത്യയിലെത്തിയപ്പോൾ ഇന്ത്യൻ സെലക്ടർമാർ ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹാംഷെയർ കൗണ്ടിക്ക് വേണ്ടിക്ക് കളിച്ചിരുന്ന ദിലീപ് ദോഷി എന്ന ഇടംകൈയൻ സ്പിൻ ബൗളറെ വിളിച്ചുവരുത്തുകയായിരുന്നു. അതുവരെ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്ക് പരിചിതമല്ലാത്തൊരു പേരായിരുന്നു ദിലീപ് ദോഷിയുടേത്.
ആദ്യത്തെ ടെസ്റ്റിൽ മികച്ച ബൗളിംഗ് പ്രകടനമാണ് ദിലീപ് ദോഷി കാഴ്ചവെച്ചത്. ആറ് വിക്കറ്റുകൾ ദോഷി നേടി. ആസ്ട്രേലിയയുടെ ഗ്രഹാം വുഡായിരുന്നു ആദ്യത്തെ വിക്കറ്റ്. പിന്നീട് ആസ്ട്രേലിയക്കെതിരെ നടന്ന അഞ്ചു ടെസ്റ്റുകളിലും തുടർന്ന് ഇന്ത്യയിലെത്തിയശേഷം പാകിസ്ഥാനെതിരെയുള്ള ആറു ടെസ്റ്റുകളിലും ദോഷി മികച്ച ബൗളിംഗ് കാഴ്ചവെച്ചു.
1980-81 കാലത്തെ ഇന്ത്യ-ആസ്ട്രേയിലിയ ടെസ്റ്റ് പരമ്പരകളിലും ഇന്ത്യ- ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരകളിലും ഇന്ത്യൻ ടീമിലെ സജീവ സാന്നിദ്ധ്യമായിരുന്നു ദിലീപ് ദോഷി. 1982-ൽ ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യൻ ടീമിലും ദിലീപ് ദോഷി ഉണ്ടായിരുന്നു.
ലോക ക്രിക്കറ്റിലെ പ്രശസ്ത ബാറ്റ്സ്മാന്മാരായ പാകിസ്ഥാന്റെ ജാവേദ് മിയാൻദാദ്, ആസിഫ് ഇഖ്ബാൽ, മുദസർ നാസർ, ഇമ്രാൻ ഖാൻ, വസീം രാജ എന്നിവർക്ക് പുറമെ ആസ്ട്രേലിയയിലെ മികച്ച ബാറ്റ്സ്മാന്മാരായ ഗ്രെഗ് ചാപ്പൽ, ഡഗ് വാൾട്ടേഴ്സ്, ഇംഗ്ലണ്ടിന്റെ ഗ്രഹാം ഗൂച്ച്, ഇയാൻ ബോതം എന്നിവരെയൊക്കെ പുറത്താക്കാൻ ദിലീപ് ദോഷിക്ക് കഴിഞ്ഞിട്ടുണ്ട്.
ദിലീപ് ദോഷിയുടെ ഏറ്റവും വലിയ ദൗർബല്യം അദ്ദേഹത്തിന്റെ ബാറ്റിംഗായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ ടെസ്റ്റിലെ മികച്ച സ്‌കോർ 20 റൺസ് ആയിരുന്നു. അത് പിറന്നത് ഇന്ത്യക്ക് ഏറ്റവും അത്യാവശ്യമായ ഘട്ടത്തിലും. 1979 ലെ ഇന്ത്യാ-പാകിസ്ഥാൻ കാൺപൂർ ടെസ്റ്റിൽ ഇന്ത്യ തകർന്നടിയുമ്പോഴാണ് അവസാന വിക്കറ്റിന് ദിലീപ് ദോഷിയും കഴ്സൺ ഗാവ്റിയും ചേർന്ന് 45 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയത്. 1983 ഓടുകൂടി ദിലീപ് ദോഷിയുടെ ക്രിക്കറ്റ് ജീവിതം അവസാനിച്ചു. മനീന്ദർ സിംഗിന്റെ വരവ് ദിലീപ് ദോഷിക്ക് വലിയ ഭീഷണിയുയർത്തി.
1948-ൽ രാജ്കോട്ടിൽ ജനിച്ച ദോഷി തന്റെ 32-ാമത്തെ വയസ്സിലാണ് ഇന്ത്യൻ ടീമിലെത്തുന്നത്. ദിലീപ് ദോഷിയുടെ ഏറ്റവും നല്ല നാളുകളിൾ ഇന്ത്യൻ ടീമില്‍ അദ്ദേഹത്തിന് ഇടം ലഭിച്ചില്ല. നേരത്തെ പറഞ്ഞ ഇന്ത്യയുടെ മികച്ച സ്പിന്‍ ബൗളർമാരുടെ സാന്നിദ്ധ്യമാണ് ദിലീപ് ദോഷി, ശിവാൽക്കർ, രാജേന്ദ്ര സിംഗ് ഗോയൽല്‍ തുടങ്ങിയവർക്ക് അവസരം നിഷേധിച്ചത്. പക്ഷേ, ശിവാൽക്കറിൽ നിന്നും രാജേന്ദ്ര ഗോയലിൽ നിന്നും വ്യത്യസ്തമായി ടീമിൽ ഇടം നേടാൻ ദിലീപ് ദോഷിക്ക് സാധിച്ചു.
33 ടെസ്റ്റുകളിൽ നിന്ന് ദിലീപ് ദോഷി നേടിയത് 114 ടെസ്റ്റ് വിക്കറ്റുകൾ. ദിലീപ് ദോഷി ഇന്ത്യൻ ടീമിലുള്ളപ്പോഴും ഇല്ലാത്തപ്പോഴും നിശ്ശബ്ദനായിരുന്നു. പക്ഷേ, ഈ നിശ്ശബ്ദനായ ബൗളറാണ് 1979 -80 ൽ പാകിസ്ഥാനെതിരെയുള്ള പരമ്പര ഇന്ത്യക്ക് സമ്മാനിക്കുന്നതിലും 1981-ൽ ആസ്ട്രേലിയക്കെതിരെയുള്ള മെൽബൺ ടെസ്റ്റിൽ വിജയം നേടാനും ഇന്ത്യയെ സഹായിച്ചത്. ദിലീപ് ദോഷിയുടെ കാലഘട്ടം ഇന്ത്യൻ ക്രിക്കറ്റിലെ മായാത്ത ഓർമ്മയായി ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ നിലനിൽക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |