കോഴിക്കോട്: പുതിയ ബസ്‌സ്റ്റാൻഡിൽ തീപിടിച്ച കെട്ടിടത്തിലെ കടകൾ അറ്റകുറ്റപ്പണി നടത്തി തുറന്നെങ്കിലും കച്ചവടക്കാർക്ക് പറയാനുള്ളത് നഷ്ടത്തിന്റെ കഥകൾ. തീപിടിത്തമുണ്ടായി ഒരു മാസം കഴിഞ്ഞിട്ടും വൈദ്യുതിബന്ധം പുന:സ്ഥാപിക്കാത്തതിനാൽ കടുത്ത പ്രയാസത്തിലാണിവർ. മേയ് 18നാണ് ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. താത്കാലിക അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി 26 ന് കടകൾ തുറന്നുകൊടുത്തിരുന്നു. എന്നാൽ വൈദ്യുതി കണക്ഷൻ ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല. മീറ്ററുകളിലുൾപ്പെടെ പ്രശ്നം കണ്ടെത്തിയതിനെത്തുടർന്ന് എല്ലാ കടകളിലെയും വയറിംഗ് മാറ്റി ഫിറ്റ്നസ് ഉറപ്പാക്കിയിട്ടേ വൈദ്യുതി പുനസ്ഥാപിക്കാവൂ എന്ന് നിർദശമുണ്ടായിരുന്നു. നിലവിൽ രണ്ട് ജനറേറ്ററുകൾ ഉപയോഗിച്ചാണ് കടകൾ പ്രവർത്തിക്കുന്നത്. ഇതിനാൽ ആയിരക്കണക്കിന് രൂപയുടെ നഷ്ടമാണ് വ്യാപാരികൾക്ക് ഉണ്ടാവുന്നത്. കൂൾബാറുകൾക്കാണ് കൂടുതൽ തുക ചെലവാകുന്നത്. 2500 രൂപ ദിവസം ചെലവ് വരും.
വയറിംഗ് പ്രവൃത്തികൾ നീണ്ടുപോകുന്നതിനാൽ പ്രക്ഷോഭം നടത്താനുള്ള ആലോചനയിലാണ് വ്യാപാര സംഘടനകൾ.
പ്രതികൂല സാഹചര്യം കണക്കിലെടുത്ത് വാടക ഒഴിവാക്കുകയോ കുറച്ചുനൽകുകയോ വേണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഇതിനോട് കോർപ്പറേഷൻ അനുകൂലമായി പ്രതികരിച്ചിട്ടില്ല. കെട്ടിടത്തിൽ അഗ്നിരക്ഷാസംവിധാനങ്ങൾ ഉണ്ടായിരുന്നില്ല. അക്കാര്യത്തിൽ കോർപ്പറേഷനും ഉത്തരവാദിത്വമുണ്ടെന്നാണ് വ്യാപാരികളുടെ ആരോപണം. ജനറേറ്ററിന് വാടക നൽകാൻ വഴിയില്ലാതെ രണ്ട് ജ്യൂസ് കടകൾ പൂട്ടി. മഴ കാരണം ആളുകൾ കുറവാണ്. കെട്ടിട വാടകയ്‌ക്കൊപ്പം ജനറേറ്റർ വാടക കൂടെയാകുമ്പോൾ ചെലവ് താങ്ങാനാകുന്നില്ലെന്നാണ് ഇവർ പറയുന്നത്.
വൈദ്യുതിവിതരണം പുന;സ്ഥാപിക്കണം വ്യാപാരികൾ
തീപിടിത്തമുണ്ടായ മൊഫ്യൂസൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ വൈദ്യുതിവിതരണം പുനസ്ഥാപിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടു. കോർപ്പറേഷൻ ഉചിതമായ നടപടികൾ സ്വീകരിക്കണം. വ്യാപാരികളുടെ പ്രയാസം ലഘൂകരിക്കാൻ നടപടി ഉണ്ടാവണം. സൂര്യ അബ്ദുൽഗഫൂർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി.വി ഇക്ബാൽ, വരുൺ ഭാസ്‌കർ, രാജധാനി ഗഫൂർ, കെ എം റഫീഖ്, രഘൂത്തമൻ, സി.കെ വിജയൻ എന്നിവർ പ്രസംഗിച്ചു.
'' ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ തീപിടിത്തമുണ്ടായിട്ട് ഒരു മാസം കഴിഞ്ഞു. വൈദ്യുതിബന്ധം പുനസ്ഥാപിക്കാനുള്ള പ്രവൃത്തികൾ ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല. ജനറേറ്റർ ഉപയോഗിച്ച് പ്രവർത്തിക്കുന്നത് കച്ചവടക്കാർക്ക് വലിയ സാമ്പത്തിക ബാദ്ധ്യതയാണ്. ഈ ഘട്ടത്തിൽ വാടക കുറച്ചുനൽകിയാൽ കച്ചവടക്കാർക്ക് ആശ്വാസമാകും.
-- എസ്.കെ അബൂബക്കർ , വാർഡ് കൗൺസിലർ വലിയങ്ങാടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |