പൂനെ: ബിജെപി നേതാവ് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ലൈംഗികമായി അതിക്രമിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. പുനെയിലെ ബിജെപിയുടെ സിറ്റി യൂണിറ്റ് ജനറൽ സെക്രട്ടറി പ്രമോദ് കോൺധ്രെയ്‌ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
തിങ്കളാഴ്ച കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പങ്കെടുത്ത പരിപാടിയുടെ വേദിക്ക് സമീപമായിരുന്നു സംഭവം നടന്നത്. നിരവധി ബിജെപി പ്രവർത്തകർ പരിപാടിയിൽ ഒത്തുകൂടിയിരുന്നു.പരിപാടിക്കിടെ കോൺധ്രെ ഉദ്യോഗസ്ഥയോട് മോശമായ രീതിയിൽ സ്പർശിച്ചെന്നാണ് ആരോപണം. സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
നിലവിൽ വേദിയിലെ സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും പൊലീസ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ പൊലീസിനു നൽകിയ മൊഴിയിൽ തനിക്കെതിരെയുണ്ടായ ലൈംഗിക ആരോപണം കോൺധ്രെ നിഷേധിക്കുകയാണുണ്ടായത്.
സംഭവം പുറത്തു വന്നതിനു പിന്നാലെ ബിജെപി സിറ്റി പ്രസിഡന്റ് ധീരജ് ഘാട്ടെ പ്രതികരണവുമായി രംഗത്തെത്തി. 'ഞങ്ങൾ കോൺധ്രെയുമായി സംസാരിച്ചു.അന്വേഷണം പൂർത്തിയാകുന്നതുവരെ അദ്ദേഹം എല്ലാ പാർട്ടി പരിപടികളിൽ നിന്നും സ്ഥാനങ്ങളിൽ നിന്നും സ്വമേധയാ രാജിവച്ചിട്ടുണ്ട്. യഥാർത്ഥ സത്യം എന്താണെന്ന് അന്വേഷണത്തിൽ പുറത്തുവരുമെന്നാണ് വിശ്വസിക്കുന്നത്. അദ്ദേഹം കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ധീരജ് ഘാട്ടെ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |