കൊല്ലം: വിപഞ്ചികയും കുഞ്ഞും ദുരൂഹ സാഹചര്യത്തിൽ മരിച്ചസംഭവത്തിൽ ഭർത്താവ് നിതീഷിനും കുടുംബത്തിനുമെതിരെ കേസെടുത്തു. നിതീഷിനെ ഒന്നാം പ്രതിയും സഹോദരി നീതുവിനെ രണ്ടാം പ്രതിയും അച്ഛനെ മൂന്നാം പ്രതിയുമാക്കിയാണ് കുണ്ടറ പൊലീസ് കേസെടുത്തത്. ആത്മഹത്യാപ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വിപഞ്ചികയുടെ അമ്മയുടെ പരാതിയിലാണ് നടപടി.
കോട്ടയം നാൽക്കവല സ്വദേശി നിതീഷിന്റെ ഭാര്യയും കൊല്ലം കൊറ്റങ്കര ചന്ദനത്തോപ്പ് രജിത ഭവനിൽ മണിയന്റെയും ഷൈലജയുടെയും ഏകമകളുമായ വിപഞ്ചികയേയും (32) ഒന്നേകാൽ വയസുള്ള മകൾ വൈഭവിയേയും കഴിഞ്ഞ ചൊവ്വാഴ്ച ഷാർജ സമയം രാത്രി പത്തോടെയാണ് ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ദുബായിലെ സ്വകാര്യ കമ്പനിയിൽ എച്ച്.ആർ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന വിപഞ്ചികയും ദുബായിലെ സ്വകാര്യ കമ്പനിയിൽ ഫെസിലിറ്റീസ് എൻജിനിയറായ നിതീഷും കുറച്ചുകാലമായി പിണക്കത്തിലായിരുന്നു. ഇരുവരും വെവ്വേറെ സ്ഥലത്താണ് താമസിച്ചിരുന്നത്.
രാത്രി കൂട്ടുകിടക്കാനെത്തുന്ന ജോലിക്കാരി ചൊവ്വാഴ്ച രാത്രിയെത്തി ഏറെനേരം വിളിച്ചിട്ടും വാതിൽ തുറന്നില്ല. തുടർന്ന് നിതീഷിനെ ബന്ധപ്പെട്ടു. സ്ഥലത്തെത്തിയ നിതീഷും ജോലിക്കാരിയും ചേർന്ന് വാതിൽ പൊളിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടതെന്ന് പറയുന്നെങ്കിലും വിശ്വസനീയമല്ലെന്നാണ് വിപഞ്ചികയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. നിതീഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി വിപഞ്ചികയുടെ അമ്മ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
നിതീഷിന് മറ്റൊരു ബന്ധമുണ്ടെന്നും ഭാര്യയേയും കാമുകിയേയും ഒരു ബെഡിൽ കിടത്തിയെന്നുമൊക്കെയായിരുന്നു വിപഞ്ചികയുടെ അമ്മയുടെ വെളിപ്പെടുത്തൽ. കൂടാതെ സ്ത്രീധനത്തിന്റെ പേരിൽ മകളെ പീഡിപ്പിച്ചെന്നും അവരുടെ പരാതിയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |