കൊച്ചി: ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ എം.എ യൂസഫലിയുടെ സ്വപ്നപദ്ധതിയായ ലുലു ഇരട്ട ഐ.ടി ടവറുകൾ കാക്കനാട് സ്മാർട്ട് സിറ്റിയിൽ 28ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഐ.ടി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച അടിസ്ഥാനസൗകര്യങ്ങളാണ് ലുലു ടവറുകളിൽ ഒരുക്കുന്നത്. 1,500 കോടിയിലേറെ രൂപയാണ് നിക്ഷേപം. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമേറിയതും കേരളത്തിലെ ഏറ്റവും വലുതുമായ ഐ.ടി ഓഫീസ് സമുച്ചയമാണ് ടവറുകൾ.
12.74 ഏക്കറിൽ 30 നിലകൾ വീതമുള്ള ടവറുകളുടെ ഉയരം 152 മീറ്ററാണ്. 35 ലക്ഷം ചതുരശ്ര അടിയിലാണ് നിർമിച്ചത്. 25 ലക്ഷം ചതുരശ്രയടി ഐ.ടി ഓഫീസ് സ്‌ഥലമാണ്. 30,000ത്തിലേറെ പേർക്ക് ജോലി ചെയ്യാനാകും.
രണ്ടാംനിര നഗരങ്ങളിൽ കൊച്ചിയുടെ ഭാവി പരിഗണിച്ചാണ് പദ്ധതിയെന്ന് ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടറും സി.ഇ.ഒയുമായ എം.എ നിഷാദ് പറഞ്ഞു. മൂന്ന് വർഷത്തിനകം അരലക്ഷം ഐ.ടി പ്രൊഫഷണലുകൾക്ക് ലുലുവിൽ ജോലി നൽകുകയാണ് ലക്ഷ്യമെന്ന് ലുലു ഐ.ടി പാർക്‌സ് ഡയറക്ടറും സി.ഇ.ഒയുമായ അഭിലാഷ് വലിയവളപ്പിൽ പറഞ്ഞു.
കേരളത്തിന്റെ ഐ.ടി വികസനത്തിന് ലുലു ടവറുകൾ കൂടുതൽ വേഗത പകരുമെന്ന് ലുലു ഐ.ടി പാർക്സ് സി.ഒ.ഒ അബ്ദുൾ റഹ്മാൻ പറഞ്ഞു. ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ ഫഹാസ് അഷറഫ്, ലുലു ഇന്ത്യ സി.ഒ.ഒ രജിത്ത് രാധാകൃഷ്ണൻ, ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ്, ലുലു ഐ.ടി പാർക്സ് സി.എഫ്.ഒ മൂർത്തി ബുഗാട്ട എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |