അഹമ്മദാബാദ്: 275 പേരുടെ ജീവനെടുത്ത എയർ ഇന്ത്യ വിമാനദുരന്തത്തിൽ നിർണായകമായി കോക്‌പിറ്റ് വോയിസ് റെക്കാഡറിന്റെയും (സിവിആർ) ഫ്ളൈറ്റ് ഡേറ്റാ റെക്കാഡറിന്റെയും (എഫ്‌ഡിആർ) വിശകലനം ആരംഭിച്ചു. സിവിൽ ഏവിയേഷൻ മന്ത്രാലയമാണ് ഇവ രണ്ടും ഡൗൺലോഡ് ചെയ്ത് വിശകലനം ചെയ്യുന്നത്. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ ക്രാഷ് ഇൻവെസ്റ്റിഗേഷൻ ഡിവിഷന് കീഴിലുള്ള എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) ലബോറട്ടറിയിലാണ് ഡാറ്റ ഡൗൺലോഡ് ചെയ്‌തത്. അപകടം നടന്ന് രണ്ടുദിവസത്തിനു ശേഷം സിവിആറും എഫ്‌ഡിആറും വീണ്ടെടുത്തിരുന്നു. പൈലറ്റിന്റെ സംഭാഷണങ്ങൾ ഉൾപ്പെടെ കോക്ക്പിറ്റിൽ നിന്നുള്ള ഓഡിയോ പകർത്തുന്ന സിവിആറും എഫ്‌ഡിആറും ചേരുന്നതാണ് ബ്ലാക്ക് ബോക്സ്.
അപകടത്തിൽപ്പെട്ട എയർ ഇന്ത്യ 171 വിമാനത്തിന്റെ ബ്ളാക്ക് ബോക്‌സ്, പരിശോധനയ്ക്കായി ജൂൺ 24ന് ഡൽഹിയിലെത്തിച്ചിരുന്നു. ബ്ളാക് ബോക്‌സിനുള്ളിലെ ക്രാഷ് പ്രൊട്ടക്ഷൻ മോഡ്യൂളും വീണ്ടെടുക്കുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്തു. അപകടത്തിൽ എയർ ഇന്ത്യ ഡ്രീം ലൈനർ ബോയിംഗ് 787 വിമാനത്തിന്റെ ബ്ളാക്ക് ബോക്‌സിനും തകരാറുകൾ സംഭവിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പ്രാദേശിക വിദഗ്ദ്ധർക്ക് വിവരം ശേഖരിക്കാൻ കഴിയാത്ത സാഹചര്യമായതിനാൽ ബ്ളാക്ക് ബോക്‌സ് യുഎസിലേയ്ക്ക് അയയ്ക്കാനുള്ള തീരുമാനത്തിലാണ് കേന്ദ്രസർക്കാരെന്നും വിവരമുണ്ടായിരുന്നു. എന്നാൽ ബ്ളാക് ബോക്‌സ് ഇപ്പോഴും ഇന്ത്യയിലാണെന്നും എഎഐബി പരിശോധിക്കുകയാണെന്നും സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡു അറിയിച്ചു. അന്വേഷണം പൂർത്തിയാക്കാൻ മൂന്ന് ദിവസമാണ് എഎഐബിക്ക് നൽകിയിരിക്കുന്നത്. ബ്ളാക് ബോക്സിന്റെ വിശകലനത്തിനുശേഷം മാത്രമേ വിമാനാപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ സാധിക്കുകയുള്ളൂ.
ജൂൺ 12 ഉച്ചയ്ക്ക് 1.39നാണ് അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ രണ്ട് കിലോമീറ്റർ അകലെയുള്ള മേഘാനിനഗറിൽ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിലേക്ക് തകർന്നു വീണത്. 650 അടി ഉയരത്തിൽ നിന്നാണ് വിമാനം താഴേക്ക് പതിച്ചത്. എടിസിയുമായുള്ള ബന്ധം നഷ്ടപ്പെടുന്നതിന് മുമ്പ് പൈലറ്റ് "മെയ്‌ഡേ" സന്ദേശം കൈമാറിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |