SignIn
Kerala Kaumudi Online
Friday, 25 July 2025 9.00 AM IST

കാലാവസ്ഥയ്ക്ക് യോജിച്ച കൃഷി: പാലക്കാട് ജില്ലയ്ക്ക് 250 കോടി

Increase Font Size Decrease Font Size Print Page

പാലക്കാട്: കാലാവസ്ഥ വ്യതിയാനത്തെ അതിജീവിച്ച്, കാലാവസ്ഥയ്ക്ക് അനുയോജ്യമായ കൃഷി ചെയ്യാൻ പാലക്കാട് ജില്ലയ്ക്ക് 250 കോടി. കൃഷിവകുപ്പ് ആവിഷ്‌കരിച്ച 'കേര' (കേരള ക്ലൈമറ്റ് റെസിലന്റ് അഗ്രി വാല്യു ചെയിൻ) പദ്ധതിയിൽ, അഞ്ചുവർഷംകൊണ്ട് കാലാവസ്ഥാനുപൂരക കൃഷിരീതികൾ നടപ്പാക്കുമെന്ന് കൃഷിമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിൽ സംസ്ഥാന തലത്തിൽ 2365.5 കോടിയുടെ പദ്ധതിയാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. ലോക ബാങ്ക് 1,655.85 കോടി രൂപ ആദ്യഘട്ടത്തിൽ അനുവദിച്ചു. സംസ്ഥാന വിഹിതം 709.65 കോടിയാണ്. കേരളത്തിലെ കാലാവസ്ഥ പ്രവചനാതീതമായ സാഹചര്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

 നെല്ലുല്പാദനം വർദ്ധിപ്പിക്കും

പാലക്കാട് ജില്ലയിൽ ജലസേചന മേഖലയിൽ 200 കോടിയുടെ പദ്ധതികളും നടപ്പാക്കും. കാർബൺ പുറന്തള്ളുന്ന വളങ്ങളും കീടനാശിനികളും കൃഷിരീതികളും പടിപടിയായി കുറച്ച്, കർഷകർക്ക് കാർബൺ ക്രെഡിറ്റ് വരുമാനം ലഭ്യമാക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. പാടശേഖരങ്ങളിലും കനാലുകളിലും നിർമ്മിത ബുദ്ധി സെൻസറുകൾ സ്ഥാപിച്ച് ഡാമുകളിൽ നിന്ന് ജലനഷ്ടം കൂടാതെ കൃത്യ സമയത്തും കൃത്യമായ അളവിലും ജലസേചനം സാദ്ധ്യമാക്കും. 20,000 ഹെക്ടറിലെ നെൽക്കൃഷിക്ക് ഇത് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. മലമ്പുഴ അണക്കെട്ടിന്റെ ഇടത്-വലത് കനാലുകൾ നവീകരിക്കും. വാലറ്റംവരെ വെള്ളം ഉറപ്പാക്കുന്നതിലൂടെ നെല്ലുത്പാദനം വർദ്ധിപ്പിക്കും.

ഫിലിപ്പീൻസിലെ ഇന്റർനാഷണൽ റൈസ് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിക്കുകയും വിയറ്റ്നാമിൽ പരീക്ഷിച്ച് വിജയിക്കുകയും ചെയ്ത സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുക. കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രമാണ് (സി.ഡബ്ല്യു.ആർ.ഡി.എം) ജലനഷ്ടം കുറയ്ക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുക. കേരള കാർഷിക സർവകലാശാല സാങ്കേതിക മേൽനോട്ടം വഹിക്കും. കൃഷിയിൽ യന്ത്രവത്കരണം വ്യാപകമാക്കാനുള്ള ഉപകരണങ്ങൾ ലഭ്യമാക്കും. രോഗ പ്രതിരോധം, മണ്ണിന്റെ ഫലഭൂയിഷ്ഠിത വർദ്ധിപ്പിക്കൽ എന്നിവ ഫലപ്രദമാക്കാൻ പുതിയ ലാബുകൾ വരും. കർഷകർക്ക് സഹായകമായ നൂതനപദ്ധതികൾ ആവിഷ്‌കരിക്കും. ജലസേചനമേഖലയ്ക്ക് വിനിയോഗിക്കുന്ന തുകയ്ക്കു പുറമേ 50 കോടിരൂപ ഇതിനായി വകയിരുത്തും. അഗ്രിഫുഡ് സംരംഭങ്ങൾ, സ്റ്റാർട്ടപ്പുകൾ, നിർമിതബുദ്ധി സ്റ്റാർട്ടപ്പുകൾ, കർഷക ഉത്പാദക ഗ്രൂപ്പുകൾ, ഫുഡ് പാർക്കുകൾ എന്നിവയെ പ്രോത്സാഹിപ്പിക്കും.