തൃശൂർ: നഗരത്തിലെ ഏറ്റവും തിരക്കേറിയ പാതയായ എം.ജി റോഡിന്റെ വികസനത്തിനായുളള കാത്തിരിപ്പിന് രണ്ടുപതിറ്റാണ്ടാകുമ്പോഴും ഒഴിയാതെ അപകടങ്ങളും ഗതാഗതക്കുരുക്കും. പാതയുടെ വീതി കൂട്ടുന്നതിനായി സൗജന്യമായി സ്ഥലം വിട്ടുനൽകാൻ കൂടുതൽപേർ തയ്യാറാകുന്നതായി മേയർ മുൻപ് വ്യക്തമാക്കിയിരുന്നു. ഒടുവിൽ ശങ്കരയ്യ റോഡ് ജംഗ്ഷനിലും ഭൂമി വിട്ടുനൽകിയെന്ന് മേയർ വ്യക്തമാക്കിയെങ്കിലും വികസന നടപടികൾ എങ്ങുമെത്തിയില്ല. ഇന്നലെ എം.ജി. റോഡിൽ കുഴിയിൽ വീഴാതിരിക്കാൻ വെട്ടിച്ച ബൈക്ക് മറിഞ്ഞ് യാത്രക്കാരൻ മരിച്ചതോടെ കോൺഗ്രസും ബി.ജെ.പി.യും പ്രതിഷേധം ശക്തമാക്കി. എം.ജി. റോഡിലെ താമസക്കാരുമായും കെട്ടിടമുടമകളുമായും കച്ചവടക്കാരുമായും നിരന്തരചർച്ച നടത്തിയെന്നാണ് കോർപറേഷൻ അധികൃതരുടെ വാദം. 50 ശതമാനത്തിലധികം സ്ഥലം നഷ്ടമാകുന്ന കച്ചവടക്കാരെ ശക്തനിൽ പ്രത്യേകം തയ്യാറാക്കുന്ന സ്ഥലത്ത് പുനരധിവസിപ്പിക്കാമെന്നും വാഗ്ദാനം നൽകിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി അവസാനത്തോടെ വികസനപ്രവർത്തനം ആരംഭിക്കുമെന്ന പ്രഖ്യാപനവും നടപ്പായില്ല. അതേസമയം, വികസനം കോർപറേഷൻ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടത്തിയാൽ മതിയെന്നും നിർദ്ദേശം ഉണ്ടായിരുന്നതായും പറയുന്നു. വീതി കുറവുള്ള എം.ജി. റോഡിലൂടെ രാഷ്ട്രീയ പാർട്ടികളുടെ പ്രകടനങ്ങളും വരുന്നതോടെ വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നത് പതിവാണ്.
അതിവേഗം തകരുന്ന റോഡുകൾ
നിലവാരമില്ലാത്ത ടാറിംഗ് മൂലം മഴക്കാലം തുടങ്ങിയാൽ റോഡുകൾ തകരും. പടിഞ്ഞാറേകോട്ടയിൽ നിന്ന് അയ്യന്തോളിലേക്കുളള റോഡിൽ വൻ കുഴി രൂപപ്പെട്ട് വാട്ടർ അതോറിറ്റിയുടെ വെളളം ഒഴുകുകയായിരുന്നു.
ഏതാനും നാളുകൾക്കു ശേഷം കഴിഞ്ഞ ദിവസമാണ് താൽക്കാലികമായി കുഴി അടച്ചത്. അയ്യന്തോളിൽ നിന്ന് തുടങ്ങിയ മോഡൽ റോഡ് വികസനം പടിഞ്ഞാറെക്കോട്ടയിലെത്തിയിട്ട് 10 വർഷമായെങ്കിലും തുടരാനായിട്ടില്ല. മഴക്കാലമായതിനാൽ എം.ജി റോഡിൽ ഉടൻ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാൻ സാദ്ധ്യതയില്ല.
സ്ഥലം ഏറ്റെടുക്കാനുളള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഈ ഭരണസമിതിയുടെ കാലയളവിൽ തന്നെ ഭൂമി ഏറ്റെടുത്ത് വികസനം സാദ്ധ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.എം.എൽ. റോസി, ഡെപ്യൂട്ടി മേയർ,
തൃശൂർ കോർപറേഷൻ
കൊലക്കുറ്റത്തിന് കേസെടുക്കണം: പ്രതിപക്ഷ നേതാവ്
എം.ജി റോഡിലെ അപകടത്തിൽ മേയറുടെയും സെക്രട്ടറിയുടെയും പേരിൽ കൊലക്കുറ്റത്തിന് കേസെടുക്കണം. കുഴികൾ അടയ്ക്കാൻ കൗൺസിൽ തീരുമാനം ഉണ്ടായിട്ടും ലക്ഷക്കണക്കിന് രൂപയുടെ പ്രവർത്തികൾ പൂർത്തീകരിച്ച് വർക്ക് ഓർഡർ നൽകിയിട്ടും പ്രവർത്തികൾ ചെയ്യാത്തതിനാലാണ് ഒരു ജീവൻ നഷ്ടപ്പെട്ടത്. കുറ്റക്കാർക്കെതിരെ ക്രിമിനൽ കേസ് എടുക്കുന്നതുവരെ സമരം നടത്തും. വിഷ്ണുദത്തിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം കോർപ്പറേഷൻ നൽകണം. അമ്മ പത്മിനിയുടെ തുടർ ചികിത്സ കോർപ്പറേഷൻ ഏറ്റെടുക്കണം.
രാജൻ ജെ. പല്ലൻ, പ്രതിപക്ഷ നേതാവ്
എം.ജി റോഡ് ഉപരോധിച്ചു
തൃശൂർ: എം.ജി റോഡിൽ ഇന്നലെ രാവിലെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എ. നാകേഷ്, മേഖലാ വൈസ് പ്രസിഡന്റ് ബിജയ് തോമസ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഡോ. വി. ആതിര, പൂർണിമ സുരേഷ്, ജില്ലാ സെക്രട്ടറിമാരായ കെ.ജി. നിജി, മുരളി കൊളങ്ങാട്ട്, മണ്ഡലം പ്രസിഡന്റ് രഘുനാഥ് മേനോൻ, മുരളീനാഥ്, കൃഷ്ണ മോഹൻ, ഉല്ലാസ് ബാബു, ഫെബിൻ ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി
എം.ജി റോഡ് ഉപരോധിച്ചു
തൃശൂർ: എം.ജി റോഡിന്റെ ശോചനീയാവസ്ഥയിൽ നിരന്തരമായി തുടരുന്ന വാഹനാപകടങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് തൃശൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എം.ജി റോഡ് ഉപരോധിച്ചു. പ്രസിഡന്റ് കെ.സുമേഷ്, ജില്ലാ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ വിഷ്ണുചന്ദ്രൻ, സി.എസ്.സൂരജ്, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഡെൽജിൻ ഷാജു, ജനറൽ സെക്രട്ടറി നിഖിൽ വടക്കൻ തുടങ്ങിയവർ നേതൃത്വം നൽകി.
മേയർ ഗോവയിൽ
തൃശൂർ: എം.ജി റോഡിലെ കുഴി മൂലം യുവാവിന്റെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ പ്രതിഷേധം കത്തുമ്പോൾ മേയറും കൂട്ടരും ഗോവയിൽ. മേയർക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സമരത്തിനിറങ്ങിയപ്പോൾ നടപടിയെടുക്കാൻ കഴിയാതെ കോർപറേഷൻ അധികൃതരും നിസഹായവസ്ഥയിലായി. മേയർ എം.കെ.വർഗീസും സെക്രട്ടറിയടക്കമുള്ളവരാണ് ഗോവയിലേക്ക് പോയത്. മാലിന്യ സംസ്കരണം സംബന്ധിച്ച് പഠിക്കാനാണ് യാത്രയെന്ന് ഡെപ്യൂട്ടി മേയർ എം.എൽ. റോസിലി പറഞ്ഞു.